ദ്വിശതാബ്ദി ആഘോഷിക്കുന്ന കാഞ്ഞിരപ്പള്ളി കത്തീഡ്രൽ

15-ാം നൂറ്റാണ്ടില്‍ നിലയ്ക്കലില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണ് കാഞ്ഞിരപ്പള്ളിയിലെ ക്രൈസ്തവസമൂഹം. ആദ്യകാലഘട്ടത്തില്‍ അരുവിത്തുറ പള്ളിയിലാണ് വിശ്വാസികള്‍ തങ്ങളുടെ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. 1449 ലാണ് അക്കരപ്പള്ളി സ്ഥാപിതമാകുന്നത്. പല തവണ പുനരുദ്ധരിക്കപ്പെട്ട പഴയപള്ളിക്ക് വെള്ളപ്പൊക്കം മൂലം 1825-ല്‍ പല നാശനഷ്ടങ്ങളുമുണ്ടായതിനാല്‍, വെള്ളം കയറാത്ത അല്പം കൂടി ഉയര്‍ന്ന സ്ഥലമായ പള്ളിവക വയമ്പുപുരയിടത്തിലേക്ക് പള്ളി മാറ്റി സ്ഥാപിക്കുവാന്‍ തീരുമാനമായി. പുതിയ പള്ളി പണിയുവാന്‍ സര്‍ക്കാരില്‍ അപേക്ഷ കൊടുത്തതിന്റെ ഫലമായി 1825 കാര്‍ത്തികമാസം 21 -ന് ദിവാന്‍ ശ്രീ വെങ്കിട്ടരായ കൊച്ചുനാരായണപിള്ള അതിന് അനുവാദം നല്കി. 1825 ആഗസ്റ്റ് 4-ാം തീയതി വിശുദ്ധ ദുമ്മിനിങ്കൊസിന്റെ (വി. ഡോമിനിക്) നാമത്തില്‍ പുതിയ പള്ളി സ്ഥാപിതമായി. പരിശുദ്ധ കന്യകാമറിയത്തിന്റെ ഭക്തനും ജപമാല ഭക്തി ഏറ്റവും അധികം പ്രചരിപ്പിച്ച വിശുദ്ധനുമായ വി. ഡോമിനിക്കിന്റെ നാമധേയത്തില്‍ പള്ളി പണിതത് അക്കരയമ്മയോടുള്ള ബന്ധംമൂലമാണെന്ന് കരുതപ്പെടുന്നു.


പുത്തന്‍പള്ളിയുടെ പുനര്‍നിര്‍മാണം
വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ 1878 ല്‍ പുത്തന്‍പള്ളി വിപുലീകരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ 1882-ല്‍ മഴയിലും വെള്ളപ്പൊക്കത്തിലും പള്ളിക്കു കേടുപാടുകള്‍ സംഭവിക്കുകയും മുഖവാരം ഇടിഞ്ഞു വീഴുകയും ചെയ്തു. അതിനാല്‍ 1884 ല്‍ താല്ക്കാലിക പള്ളി എന്ന നിലയില്‍ സിമിത്തേരിക്കപ്പേള ഉപയോഗിച്ചു. 1885-ല്‍ പള്ളി പാടേ പൊളിച്ചുമാറ്റി പുതിയ പള്ളിയുടെ പണി ആരംഭിച്ചു. ഇത് 1897 വരെ നീണ്ടു.
1945-ല്‍ പള്ളി മൂന്നാമതും പൊളിച്ചുമാറ്റി. അതിനുശേഷം ഇപ്പോഴുള്ള കത്തീഡ്രല്‍ പള്ളിക്ക് മാര്‍ ജയിംസ് കാളാശേരി മെത്രാന്‍ ശിലാസ്ഥാപനം നടത്തുകയും എഞ്ചിനിയര്‍ എസ്.ആര്‍. ഫെര്‍നാന്‍ഡോയുടെ പ്ലാനനുസരിച്ചു ബ. ദേവസ്യാ കുളംകുത്തിയില്‍ അച്ചന്റെ നേതൃത്വത്തില്‍ പണികള്‍ ആരംഭിക്കുകയും ചെയ്തു. 50,000/- രൂപകൊണ്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചതെങ്കിലും കുരിശാകൃതിയിലുള്ള പള്ളിയുടെ ഒരു ഭാഗത്തിന്റെ പണികളേ പൂര്‍ത്തിയായുള്ളു. മാത്രവുമല്ല, അപ്പോഴേക്കും അഞ്ചുലക്ഷം രൂപ ചെലവാകുകയും ചെയ്തു. 1952 ലാണ് വീണ്ടും പുതിയ പള്ളിയുടെ പണി തുടങ്ങുന്നത്. പണി തുടങ്ങുമ്പോള്‍ ബ. സഖറിയ പുന്നപ്പാടം അച്ചനായിരുന്നു പള്ളി വികാരി. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ബ. ജോര്‍ജ് തച്ചങ്കരി അച്ചന്‍ വികാരിയായി വരികയും പള്ളിയുടെ പണി വളരെ ഊര്‍ജിതമായി തുടരുകയും ഉണ്ടായി. 1962 വരെ ഇതു തുടര്‍ന്നു. എഞ്ചിനിയര്‍ കെ.സി. തോമസ് ആനത്താനം (ഞലറേ. ഇവശലള ഋിഴശിലലൃ ഗലൃമഹമ ജണഉ) ആയിരുന്നു പള്ളിയുടെ ആര്‍ക്കിടെക്ട്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഏറ്റവും വിദഗ്ദ്ധരായ പണിക്കാരെ കൊണ്ടുവന്ന് പള്ളിയുടെ പണി തുടര്‍ന്നു. പള്ളിയുടെ ഹൈക്കല ഒഴിച്ചുള്ള ഭാഗങ്ങള്‍ 1955 ല്‍ പണിത് ജനുവരി 5 ന് കൂദാശ ചെയ്തു. മുഖവാരം ഒഴിച്ചുള്ള ഭാഗങ്ങള്‍ 1962 ല്‍ പണി തീര്‍ത്തു.
എന്നാല്‍ 1961 ല്‍ കാഞ്ഞിരപ്പള്ളി പള്ളിയുടെ ഉടമസ്ഥതയില്‍ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു കാവുകാട്ട് പിതാവിന്റെ പൗരോഹിത്യ രജതജൂബിലിയുടെ (1960) സ്മാരകമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചു. പള്ളിയുടെയും സ്‌കൂളിന്റെയും പണികള്‍ ഒരുമിച്ചു കൊണ്ടുപോകാന്‍ അന്നത്തെ സാമ്പത്തികസ്ഥിതി അനുവദിക്കായ്കമൂലം പള്ളിപണി തത്ക്കാലം നിറുത്തിവെക്കാനും സ്‌കൂള്‍ പണി തുടരാനും പള്ളിയോഗം തീരുമാനിച്ചു നടപ്പില്‍വരുത്തി. ഈ സ്‌കൂളിനുവേണ്ടി ഒന്‍പതേക്കര്‍ ഇരുപതു സെന്റ് വിസ്തീര്‍ണ്ണമുള്ള പള്ളിവാതുക്കല്‍ പുരയിടം വിലയ്ക്കുവാങ്ങി. രണ്ടു വര്‍ഷം കൊണ്ട് രണ്ടരലക്ഷം രൂപാ ചെലവില്‍ ഇരുനിലകെട്ടിടം പണിതു. 1964 ല്‍ എ.കെ.ജെ.എം. സ്‌കൂള്‍ പണികള്‍ അന്നത്തെ ആവശ്യത്തിന് ഉതകുംവിധം തീര്‍ത്തതിനുശേഷം 1961 ല്‍ ഇഅഇ ലൈബ്രറിയില്‍ (ഇന്ന് ലൂര്‍ദ്ദ് ഹാള്‍) തുടങ്ങിയ സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഈ വിഷമകരമായ കാലഘട്ടത്തില്‍ ബ. വികാരി ജോര്‍ജ് തച്ചങ്കരി അച്ചന്‍ നല്‍കിയ ശക്തമായ നേതൃത്വം വിസ്മരിക്കാവുന്നതല്ല.
സ്‌കൂള്‍പണി കഴിഞ്ഞ് പള്ളിപണി തുടരാന്‍ തീരുമാനിച്ചെങ്കിലും, ആര്‍ക്കിടെക്റ്റിന്റെ ആരോഗ്യസ്ഥിതി അനുവദിക്കായ്കമൂലം അനിശ്ചിതത്തിലായി. എന്നിരുന്നാലും പുതിയ പള്ളിയുടെ മദ്ബഹായുടെയും ഹൈക്കലയുടെയും പണികള്‍ ഇതിനോടകം തീര്‍ന്നതിനാല്‍ അവിടെ കുര്‍ബാന ചൊല്ലാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. എന്നിരുന്നാലും പള്ളിയുടെ മുഖവാരം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ കിടന്നതില്‍ ഇടവക ജനങ്ങള്‍ക്ക് വളരെ മനോവിഷമം ഉണ്ടായിരുന്നു.
പിന്നീട് 1974 ല്‍ ബ. ജോസഫ് മേപ്രക്കരോട്ട് അച്ചന്‍ വികാരിയായി വരികയും പള്ളിയുടെ മുഖവാരം പണി എഞ്ചിനിയര്‍ കെ.ജെ. മാത്യു കല്ലറയ്ക്കല്‍ ആര്‍ക്കിടെക്റ്റായി 1977-ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. അങ്ങനെ 32 വര്‍ഷം കൊണ്ട് പള്ളി പണി പൂര്‍ത്തിയായി. അതോടൊപ്പം പഴയ വൈദികമന്ദിരം പൂര്‍ണമായി പൊളിച്ചതിനുശേഷം പുതിയ വൈദികമന്ദിരം പഴയ മന്ദിരത്തിനു കുറച്ചു മുകളിലായി പണിതീര്‍ത്തു. നവീന വൈദിക മന്ദിരത്തിന് 1971 മേയ് 23 ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി പടിയറ ശില സ്ഥാപിച്ചു. മുള്ളങ്കുഴിയില്‍ ബ. ജോണ്‍ അച്ചന്റെ കാലത്തു പണികഴിപ്പിച്ച വൈദികമന്ദിരം 1972 മേയ് 21 ന് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്തു. രൂപതാസ്ഥാപനത്തിനുശേഷം പാസ്റ്ററല്‍ സെന്ററും ഇതര സൗകര്യങ്ങളും ഉണ്ടാകുംവരെ അജപാലന ഓഫീസുകളും മെത്രാസനമന്ദിരവും ഇവിടെയായിരുന്നു. ബഹുമാനപ്പെട്ട ജോര്‍ജ് ആലുങ്കലച്ചന്റെ കാലത്ത് 2016 ഏപ്രില്‍ 4-ാം തീയതി നവീന വൈദികമന്ദിരം പണികഴിപ്പിച്ചു.
പള്ളിപണിയുടെ ആവശ്യത്തിനായി നിര്‍മിച്ച രണ്ടു വലിയ കുളങ്ങള്‍ നികത്തി ഇന്ന് കാണുന്ന പള്ളിയുടെ പിന്‍വശത്തുള്ള കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടാക്കി. സെമിത്തേരിയുടെ ചുറ്റുമതില്‍ ഭംഗിയാക്കുകയും ചെയ്തു. പള്ളിയുടെ മുന്‍ഭാഗത്തുള്ള കല്‍ക്കുരിശും കൊടിമരവും മാതാവിന്റെ രൂപവും വര്‍ഷങ്ങള്‍ക്കുശേഷം സ്ഥാപിച്ചതാണ്. ബഹുമാനപ്പെട്ട വര്‍ഗ്ഗീസ് പരിന്തിരിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ 2020 ജൂണ്‍ 19-ാം തീയതി കത്തീഡ്രല്‍ പള്ളിയുടെ മദ്ബഹ നവീകരിച്ചു.


ഭരണസംവിധാനങ്ങള്‍
കാഞ്ഞിരപ്പള്ളി ഇടവക പോര്‍ച്ചുഗീസുകാരുടെ ആഗമനശേഷം വരാപ്പുഴ ലത്തീന്‍ മെത്രാന്റെ കീഴിലായിരുന്നു. 1887 ല്‍ കോട്ടയം വികാരിയാത്തിന്റെയും പിന്നീട് ചങ്ങനാശ്ശേരി വികാരിയാത്തിന്റെയും ഭാഗമായി. ചങ്ങനാശ്ശേരി വികാരിയാത്തിലെ ഏറ്റവും കിഴക്കേയറ്റത്തെ പള്ളിയായിരുന്നു കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളി ഇടവകയില്‍നിന്നും 19-ാം നൂറ്റാണ്ടില്‍ പിരിഞ്ഞ ഇടവകകളാണ് മണിമല, ആനിക്കാട്, ചിറക്കടവ്, പൊന്‍കുന്നം, തമ്പലക്കാട്, കപ്പാട് എന്നിവ. കാഞ്ഞിരപ്പള്ളി ഇടവക ചങ്ങനാശ്ശേരി രൂപതയിലെ ഫൊറോനയായി 1919 സെപ്റ്റംബര്‍ 14-ാം തീയതിയിലെ 1583-ാം നമ്പര്‍ കല്പനമൂലം ഉയര്‍ത്തപ്പെട്ടു. അന്ന് ഈ ഫൊറോനയുടെ കീഴില്‍ ആനിക്കാട്, ചെങ്ങളം, എലിക്കുളം, ഇളങ്ങുളം, പൊന്‍കുന്നം, തമ്പലക്കാട്, കപ്പാട്, താമരക്കുന്ന്, ചെറുവള്ളി, പഴയമണിമല, പുത്തന്‍മണിമല, കോട്ടാങ്ങല്‍ എന്നീ 12 പള്ളികളാണുണ്ടായിരുന്നത്.
1977 ല്‍ കാഞ്ഞിരപ്പള്ളി രൂപത രൂപികൃതമായപ്പോള്‍ 91 പള്ളികള്‍ ഉള്‍പ്പെടുന്ന ആറു ഫൊറോനകള്‍ (കാഞ്ഞിരപ്പള്ളി 26, ഉപ്പുതറ 8, മുണ്ടക്കയം 11, എരുമേലി 19. കട്ടപ്പന 11, അണക്കര 16 പള്ളികള്‍) ഉണ്ടായിരുന്നു. 1975 ആയപ്പോഴേക്കും കാഞ്ഞിരപ്പള്ളിയുടെ കുരിശുപള്ളികളായിരുന്ന ആനക്കല്ല്, കൂവപ്പള്ളി, പൊടിമറ്റം, അഞ്ചിലിപ്പ, കുന്നുംഭാഗം എന്നീ അഞ്ചു കുരിശുപള്ളികള്‍ ഇടവകകളായി.
പുത്തന്‍പള്ളി കത്തീഡ്രല്‍ ആകുന്നു
1977 ഫെബ്രുവരി 26 ന് പോള്‍ ആറാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച “ചീ െആലമശേ ജലൃേശ”എന്ന പേപ്പല്‍ ബൂളാപ്രകാരം കാഞ്ഞിരപ്പള്ളി രൂപത രൂപംകൊണ്ടപ്പോള്‍ ഒരു ഫൊറോന ദൈവാലയമായിരുന്ന പുത്തന്‍പള്ളി കത്തീഡ്രല്‍ ആയി ഉയര്‍ത്തപ്പെട്ടു. പുതിയ രൂപതയുടെ ആദ്യത്തെ മെത്രാനായി മാര്‍ ജോസഫ് പൗവത്തില്‍ പിതാവ് 1977 മെയ് 12 ന് സ്ഥാനമേറ്റു. പള്ളി പണി പൂര്‍ത്തീകരിക്കുകയും ഇടവക ദൈവാലയം കത്തീഡ്രല്‍ ആകുകയും ദൈവാലയത്തിന്റെ 150-ാം വാര്‍ഷികം ഇടവകയില്‍ ആഘോഷപൂര്‍വം കൊണ്ടാടിയതും അഭിമാനത്തോടെ ഓര്‍ക്കുന്നു.
ഇടവക ജനങ്ങള്‍
നിലവില്‍ 1500 കുടുംബങ്ങളിലായി പതിനായിരത്തോളം ഇടവകാംഗങ്ങള്‍ ഉണ്ട്. ഇവര്‍ 60 കുടുംബക്കൂട്ടായ്മകളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇടവകയില്‍ നിന്ന് ധാരാളം വൈദികരും സന്യാസിനികളും ലോകത്തിന്റെ പലയിടത്തായി ദൈവജനശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കത്തീഡ്രല്‍ ഇടവകയുടെ കീഴില്‍ സെന്റ് ഡോമിനിക്‌സ് കോളേജ്, സെന്റ് ഡോമിനിക്‌സ് ലോ കോളേജ്, സെന്റ് ഡോമിനിക്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. ടെക്‌നിക്കല്‍ വിദ്യാഭ്യാസത്തിന് കുറവുണ്ടായിരുന്ന സമയത്ത് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ഇടവക സ്ഥാപിച്ച മഡോണ ഇന്‍സ്റ്റിറ്റ്യൂട്ട് പിന്നീട് വിന്‍സെന്‍ഷ്യല്‍ സഭാവൈദികരെ ഏല്‍പ്പിച്ചു.
ഓസാനാം മൗണ്ട്, കാവുകാട്ട് നഗര്‍ ഭവന പദ്ധതികള്‍, ഉന്നത വിദ്യാഭ്യാസത്തിനു സഹായിക്കുന്ന ഛൗൃ ഘമറ്യ ീള ുലൃുലൗേമഹ ഒലഹു ഋറൗരമശേീിമഹ & ഇവമൃശമേയഹല ഠൃൗേെ, നിര്‍ധനരായ രോഗികളെ സഹായിക്കുന്ന ലൂര്‍ദ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയെല്ലാം ഇടവകയുടെ സാമൂഹ്യക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടുന്നതാണ്.
രൂപതയുടെയും സന്ന്യാസിനിസമൂഹത്തിന്റെയും മേല്‍നോട്ടത്തില്‍ അഞ്ച് കാരുണ്യഭവനങ്ങളും രണ്ടു സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നു. 1930 മുതല്‍ കര്‍മ്മലീത്താമഠവും സെന്റ് മേരീസ് സ്‌കൂളും പ്രവര്‍ത്തിച്ചുവരുന്നു. ടഅആട, ടഒ, ങമൃവേമ െകോണ്‍വെന്റുകളും ഇടവകയില്‍ നിലവിലുണ്ട്.
ചഒ 183 യില്‍ കാഞ്ഞിരപ്പള്ളി കുരിശിങ്കല്‍ ജംഗ്ഷനിലുള്ള ആദ്യത്തെ കുരിശടി 1905 ല്‍ സ്ഥാപിതമായി. ഇത് പള്ളിയുടെ പേരിലുള്ള സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്നു കാണുന്ന കുരിശടി നിര്‍മ്മിച്ചത് 1942ലാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഒരു മരക്കുരിശ് ഇന്‍ഫന്റ് ജീസസ് കെട്ടിടത്തിനടുത്തു തമ്പലക്കാടു റോഡ് സൈഡിലുണ്ടായിരുന്നു. അഞ്ചിലിപ്പ, പനച്ചേപ്പള്ളി, പുളിമാവ് എന്നിവിടങ്ങളില്‍ കുരിശുപള്ളികള്‍ സ്ഥാപിതമായിട്ടുണ്ട്. ലൂര്‍ദ് ഹാളിനു മുമ്പിലായി 1953 ല്‍ പണിത ലൂര്‍ദ് മാതാവിന്റെ ഗ്രോട്ടോയുണ്ട്. ഇവിടെ എല്ലാ മെയ് മാസത്തിലും പരിശുദ്ധ കന്യകാമറിയത്തിന്റെ വണക്കമാസ പ്രാര്‍ത്ഥന എല്ലാദിവസവും നടത്തിവരുന്നു. 2000-മാണ്ടില്‍ നമ്മുടെ കര്‍ത്താവിന്റെ തിരുഅവതാരത്തിന്റെ രണ്ടാം സഹസ്രാബ്ദസ്മരണയ്ക്കായി ”മഹാജൂബിലി ഹാള്‍” എന്ന പേരില്‍ ഒരു ആധുനിക ഹാള്‍ നിര്‍മ്മിച്ചു. പള്ളിക്കും ഇടവക ജനങ്ങള്‍ക്കും പരിപാടികള്‍ക്കായി ഇത് നല്‍കപ്പെടുന്നു. ഇതിനടിയില്‍ തന്നെ സെന്റ് തോമസ് ഹാള്‍ എന്ന പേരില്‍ ഒരു ചെറിയ ഹാളും ഉപയോഗത്തിനായി നല്‍കുന്നുണ്ട്. പള്ളിയുടെ കീഴില്‍ കൂവപ്പള്ളി റബര്‍ എസ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നു. നൂറ്റിപത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കുവപ്പള്ളി കുരിശുമല മദ്ധ്യകേരളത്തിലെ ഏറ്റവും പുരാതനമായ തീര്‍ത്ഥാടന കേന്ദ്രമാണ്.