ചർച്ചകൾ തുടരും; ബദൽ സംവാദങ്ങൾക്കില്ലെന്ന് കെ-റെയിൽ

സില്‍വര്‍ലൈന്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് കെ റെയില്‍. നാളെയാണ് സില്‍വര്‍ലൈന്‍ സംവാദം തീരുമാനിച്ചിരുന്നത്.ചര്‍ച്ചകളില്‍ നിന്ന് പിന്നിലേക്ക് ഇല്ലെന്ന് കെ റെയില്‍ വ്യക്തമാക്കി.

നേരത്തെ കെ റെയില്‍ എംഡി സില്‍വര്‍ലൈന്‍ ബദല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം അദ്ദേഹം പിന്മാറുകയായിരുന്നു. കെ റെയില്‍ ഏപ്രില്‍ 28ന് സംഘടിപ്പിച്ച ചര്‍ച്ചയിലേക്ക് ക്ഷണിച്ചിരുന്ന അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയിലും പങ്കെടുക്കുന്നത്.

ഏപ്രില്‍ 28 ലെ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകള്‍ തന്നെയാണ് ഈ ചര്‍ച്ചയിലും പങ്കെടുക്കുന്നത്. സംഘാടകര്‍ സെമിനാര്‍ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു. പിന്മാറിയ പാനലിസ്റ്റുകള്‍ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകള്‍ ഈ സംവാദത്തില്‍ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ കാരണങ്ങളാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് കെ റെയില്‍ വിശദീകരിക്കുന്നത്. കെ റെയിലും കേരള സര്‍ക്കാരും ഭാവിയില്‍ ന്യായമായും സുതാര്യമായും ഇത്തരം ചര്‍ച്ചകളുടെ ഒരു പരമ്ബര തന്നെ നടത്തും. അതിലേക്ക് എല്ലാവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായും കെ റെയില്‍ അറിയിച്ചു