നിറഞ്ഞ ചിരിയോടെ വളരെ സ്‌നേഹത്തോടെ സൗമ്യമായ ശൈലിയില്‍ സലേഷ്യാമ്മ പറഞ്ഞുതുടങ്ങി. നമ്മുടെ വിശ്വാസത്തിന്റെ മാതൃകയായ മാര്‍ തോമാശ്ലീഹ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ പ്രസിദ്ധമായ വടക്കന്‍ പറവൂര്‍ കോട്ടക്കാവുപള്ളി. അതിനടുത്ത് മാമ്പിള്ളില്‍ കുടുംബത്തിലാണ് ബേബിയെന്ന സലേഷ്യാമ്മ ജനിച്ചത്. ബിസിനസ്സുകാരനായ പിതാവ് ജോസഫിന്റെയും മാതാവ് റോസമ്മയുടെയും ഏഴുമക്കളില്‍ എറ്റവും ഇളയവളായിരുന്നു ബേബി. എറ്റവും ഇളയതായിരുന്നതിനാല്‍ അഞ്ചു സഹോദരിമാരുടെയും ഏക സഹോദരന്റെയും സ്‌നേഹത്തണലിലായിരുന്നു ബാല്യകാലം. പിതാവ് പള്ളിയിലെ കൈക്കാരനായി സേവനമനുഷ്ഠിച്ചിരുന്നതിനാല്‍ ദൈവാലയവുമായി കൂടുതല്‍ അടുപ്പമുണ്ടായി. വീട്ടില്‍നിന്ന് മറ്റാരും കൂട്ടുവന്നില്ലെങ്കിലും ബേബിക്ക് എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. ദൈവാലയ ഗായകസംഘത്തിലും സജീവമായി പ്രവര്‍ത്തിച്ചു. പാറേക്കാട്ടില്‍ പിതാവ് കൊച്ചച്ചനായി സേവനം ചെയ്തപ്പോള്‍ അച്ചന്റെ കാറ്റക്കിസം ക്ലാസ്സില്‍ പഠിക്കാനായത് അഭിമാനത്തോടെ ഓര്‍ക്കുന്നു. ചെറുപ്പം മുതലുള്ള മിഷനറിയാകണമെന്ന ആഗ്രഹം അക്കാലത്ത് തീക്ഷ്ണമായി.
സി.എം.സി സിസ്റ്റേഴ്‌സ് അധ്യാപകരായിരുന്ന പറവൂര്‍ സ്‌കൂളിലായിരുന്നു പത്താംക്ലാസ്സുവരെയുള്ള പഠനം. ഇമ്മാനുവല്‍ മങ്കത്താനത്തച്ചന്‍ സഹപാഠിയായിരുന്നു. പത്താംക്ലാസ്സിനുശേഷം കോണ്‍വെന്റില്‍ ചേരണമെന്ന ആഗ്രഹവുമായി മാംഗ്ലൂര്‍ ചാരിറ്റിസന്ന്യാസഭവനത്തിലെത്തിയെങ്കിലും ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. അവിടുത്തെ കാലാവസ്ഥയും ഭക്ഷണരീതികളും പിടിക്കാതെവന്നപ്പോള്‍ തിരികെവീട്ടിലെത്തി. മിഷണറി സന്ന്യാസിനി എന്ന ആഗ്രഹം അപ്പോഴും മനസ്സിലുണ്ടായിരുന്നു. തൃശൂര്‍ ഇറ്റര്‍ മീഡിയേറ്റ് പഠനത്തിനുശേഷം 1953-ല്‍ വാഴപ്പള്ളിയിലുള്ള ആരാധനാമഠത്തില്‍ ചേര്‍ന്നു. സന്ന്യാസപരിശീലനത്തിനൊപ്പം അധ്യാപനവും പഠനവും. എസ്. ബി കോളേജില്‍നിന്ന് മാത്തമാറ്റിക്‌സില്‍ ബിരുദമെടുത്തു. തുടര്‍ന്ന് കോട്ടയം മൗണ്ട് കാര്‍മ്മലില്‍നിന്ന് ബി.എഡ് പഠനവും വിജയകരമായി പൂര്‍ത്തികരിച്ചു. ഇതിനിടയില്‍ വാഴപ്പള്ളിമഠത്തില്‍ പ്രഥമവ്രതവാഗ്ദാനം നടത്തി ബേബിയെന്ന പേരില്‍നിന്നും സിസ്റ്റര്‍ സലേഷ്യയായി മാറി. 12 വര്‍ഷത്തോളം അവിടെ സേവനനിരതയായി. അതിരമ്പുഴ, ഉപ്പുതറ, ഇളങ്ങുളം തുടങ്ങിയ സ്‌കൂളുകളില്‍ മാത്തമാറ്റിക്‌സില്‍ മികച്ച അധ്യാപികയായി. പഠിക്കുവാന്‍ വിഷമമുള്ള വിഷയമായ മാത്‌സ് വളരെ രസകരമായി തന്റെ ശിഷ്യര്‍ക്ക് പകര്‍ന്നുകൊടുത്തു. നിരവധി ശിഷ്യരുടെ മനസ്സില്‍ സലേഷ്യാമ്മയുടെ കണക്ക് ക്ലാസ്സുകള്‍ ഇന്നും ഓര്‍മ്മയിലുണ്ട്.
അധ്യാപകവൃത്തിക്കിടയിലും മിഷണറി എന്ന ആഗ്രഹം നിലനിന്നു. അപ്പോഴാണ് മധ്യപ്രദേശിലെ ഗ്വാളിയറിലേക്ക് മാറ്റം കിട്ടിയത്. അവിടെയും മിഷന്‍ പ്രവര്‍ത്തനത്തേക്കാള്‍ കൂടുതല്‍ അധ്യാപകസേവനത്തിനായിരുന്നു അവസരം. തന്റെ ജീവിതത്തിലെ ദൈവഹിതം വിദ്യ അഭ്യസിപ്പിക്കുക എന്നതാണെന്ന് തിരിച്ചറിഞ്ഞു.
1977-ല്‍ ചങ്ങനാശ്ശേരി രൂപത വിഭജിച്ച് കാഞ്ഞിരപ്പള്ളി രൂപത ആരംഭിച്ചപ്പോള്‍ വണ്ടന്‍മേട് സ്‌കൂളിലേക്ക് എച്ച്. എം ആയി നിയമനം ലഭിച്ചു. ഏഴു വര്‍ഷത്തെ പ്രധാനാധ്യാപികപദവി പൂര്‍ത്തിയാക്കി 1985-ല്‍ അവിടെനിന്നും റിട്ടയര്‍ചെയ്തു.
പിന്നീടാണ് മിഷനറിപ്രവര്‍ത്തനം എന്ന ചെറുപ്പത്തിലെ ആഗ്രഹം സഫലമായത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മിഷന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത് ദൈവത്തിന്റെ പദ്ധതിയായിരുന്നു. അവിടുത്തെ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചതും കുട്ടികളെ പഠിപ്പിച്ചതുമൊക്കെ അമ്മ പങ്കുവച്ചത് ഏറെ സന്തോഷത്തോടെയാണ്. വളരെ സമാധാനപൂര്‍ണമായ അന്തരീക്ഷമായിരുന്നു അവിടെ അനുഭവിക്കാന്‍ സാധിച്ചത്.
പിന്നീട് ആഫ്രിക്കയില്‍ സേവനം ചെയ്യാനായി നിയോഗിക്കപ്പെട്ടു. കെനിയ, ടാന്‍സാനിയാ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളുടെ ഇടയില്‍ കര്‍മ്മനിരതയായി.
തിരികെയെത്തി പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറായി ചുമതലയേറ്റു. ആറുവര്‍ഷം കൗണ്‍സിലര്‍ പദവിയിലുള്ള ഉത്തരവാദിത്വങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷം ഇടക്കുന്നം ആരാധനാമഠത്തിലായിരുന്നു നിയമനം. അവിടെ ശുശ്രൂഷചെയ്തപ്പോളും സിസ്റ്റര്‍ കര്‍മ്മനിരതയായിരുന്നു. തന്റെ അടുത്തു വരുന്ന കുട്ടികളെയെല്ലാം കണക്കു പഠിപ്പിക്കുന്നതില്‍ വ്യാപൃതയായി.
2018-ലാണ് പൊന്‍കുന്നം ആരാധനാമഠത്തിലെത്തിയത്. 95-ന്റെ നിറവിലും അമ്മ വിശ്രമജീവിതം മാറ്റിവച്ച് തന്റെ സുപ്പീരിയറായ സി. റാണിക്കും മറ്റ് സഹസന്ന്യാസിനികള്‍ക്കുമൊപ്പം ചുറുചുറുക്കൊടെ പ്രാര്‍ത്ഥനജീവിതവും പ്രവര്‍ത്തനവുമായി തിരക്കിലാണ്. സഹപ്രവര്‍ത്തകരുടെ കുപ്പായം തുന്നുന്നതില്‍ അതിവിദഗ്ധയുമാണ് സലേഷ്യാമ്മ. തയ്യല്‍ പഠിച്ചിട്ടില്ലെങ്കിലും ജൂനിയേഴ്‌സിന്റെയും സീനിയേഴ്‌സിന്റെയും സഭാവസ്ത്രം ഇപ്പോഴും ഭംഗിയായി തയ്ച്ചുകൊടുക്കാനാവുന്നുവെന്ന് അമ്മ പുഞ്ചിരിയോടെ പറഞ്ഞു.
ഇതുവരെയുള്ള സന്ന്യാസജീവിതം വളരെ സമാധാനപൂര്‍ണമായിരുന്നു. പുതിയ തലമുറയ്ക്കുള്ള ഉപദേശമായി അമ്മ കൂട്ടി ചേര്‍ത്തു: ”എല്ലാം ഉള്‍ക്കൊള്ളാനുള്ള ഹൃദയവും, നിസ്വാര്‍ത്ഥമായി സഹായിക്കാനുള്ള മനസ്സും ഉണ്ടെങ്കില്‍ കുടുംബജീവിതത്തിലും സന്യാസജീവിതത്തിലും ഏതു ജീവിതാവസ്ഥയിലും സമാധാനപൂര്‍ണമായി ജീവിക്കാം”.
ഉടുപ്പുകള്‍ തുന്നാനിനിയും ബാക്കിയുണ്ട് …. ഇതുംപറഞ്ഞ് അമ്മ പുഞ്ചിരിയോടെ നടന്നകന്നു.

