ക്രിസ്തുവിനെ മനസ്സിലാക്കി ക്രൈസ്തവജീവിതം തിരഞ്ഞെടുത്ത രണ്ടുപേര്‍. അഞ്ചിലിപ്പ ഇടവകയില്‍പ്പെട്ട പുതിയിടത്ത് മനോജ് – ഉഷ ദമ്പതികള്‍. വയറിംങ് പ്ലംമ്പിങ്ങ് ജോലിക്കാരനായ മനോജും വീട്ടമ്മയായ ഉഷയും വളരെ സന്തോഷത്തോടെയാണ് നാലു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമായി ഏഴു മക്കളടങ്ങുന്ന തങ്ങളുടെ കുടുംബത്തേക്കുറിച്ച് പറഞ്ഞത്. ദൈവവചന വായനയാണ് ജീവിതത്തിലെ എല്ലാ നന്മകള്‍ക്കും പ്രചോദനമായത് എന്ന് അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു. വചനവായന വായിച്ചു തീര്‍ക്കാനായിരുന്നില്ല, മറിച്ച് മനസ്സിലാക്കുന്നതിനും ജീവിക്കുന്നതിനുമായിരുന്നു. ബൈബിളിലെ ദാവീദിന്റെ സങ്കീര്‍ത്തനം ഇരുവരും ഹൃദയത്തില്‍ സൂക്ഷിച്ചു.
1996-ല്‍ ബഹുമാനപ്പെട്ട ജോര്‍ജ് വെള്ളാപ്പള്ളിയച്ചനാണ് ഇവരുടെ വിവാഹം ആശീര്‍വദിച്ചത്. ആദ്യത്തെ കുഞ്ഞ് ജന്മമെടുത്തപ്പോള്‍തന്നെ സങ്കീര്‍ത്തകന്‍ പറയുന്നതുപോലെ ആദ്യഫലം ദൈവത്തിന് നല്‍കാമെന്ന് അവര്‍ തീരുമാനമെടുത്തു. ഡേവിഡ് എന്ന് പേരും നല്‍കി. തുടര്‍ന്ന് ആറുമക്കള്‍ക്കു കൂടി ജന്മം നല്‍കി. ഉദരഫലം ദൈവത്തിന്റെ ദാനമെന്നവര്‍ ഉറച്ചു വിശ്വസിച്ചു.
ഉദരഫലം ദൈവത്തിന്റ ദാനം
മൂത്തമകനായ മനുവെന്ന ഡേവിഡ് പത്താംക്ലാസ്സ് പഠനത്തിനുശേഷം സലേഷ്യന്‍ സഭാംഗമായിട്ട് 13 വര്‍ഷമായി. ഇപ്പോഴും പഠനം തുടരുന്നു. രണ്ടാമത്തെയാളായ അനു ബി.എസ്.സി നഴ്‌സിംങ് പൂര്‍ത്തിയാക്കി ഹൈദരാബാദില്‍ ജോലി ചെയ്യുന്നു. മൂന്നാമത്തെ മകള്‍ മീനു പത്താംക്ലാസ്സിനുശേഷം സി.എം.സി അമലാ പ്രൊവിന്‍സില്‍ ചേര്‍ന്ന് സഭാവസ്ത്രം സ്വീകരിച്ച് സി. ക്രിസ്മരിയയായി. സിനുവെന്ന നാലാമത്തെ മകള്‍ തിരഞ്ഞെടുത്തത് സി എസ് സി ചാരിറ്റി കോണ്‍ഗ്രിഗേഷനാണ്. ഓഗസ്റ്റ് 30-ന് സഭാവസ്ത്രസ്വീകരണത്തിനായുള്ള ഒരുക്കത്തിലാണിപ്പോള്‍. അഞ്ചാമനായ ബിനു വിന്‍സെന്‍ഷ്യന്‍ സഭയില്‍ നോവിഷ്യേറ്റ് പൂര്‍ത്തിയാക്കി ബാംഗ്ലൂരില്‍ ഫിലോസഫി പഠനം തുടരുന്നു. ലിനുവെന്ന ആറാമത്തെ മകള്‍ അല്‍ഫോന്‍സാമ്മയെ മാതൃകയാക്കി എഫ്.സി.സി സെന്റ് തോമസ് പ്രൊവിന്‍സില്‍ ചേര്‍ന്ന്, പ്ലസ്ടു പഠനത്തിനുശേഷം ആസ്പിരന്‍സി ചെയ്യുന്നു. വീട്ടിലുള്ള ഇളയ മകനായ ബിനു സെന്റ് ഡോമിനിക്‌സ് സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്നു. ചേട്ടന്മാരുടെ വഴിതന്നെയെന്നാണ് അവനും മനസ്സിലുറപ്പിച്ചിരിക്കുന്നത്.
മക്കളുടെ ദൈവവിളി
മക്കളുടെ ദൈവവിളിയെപ്പറ്റി വ്യക്തമായ ധാരണ മാതാപിതാക്കള്‍ക്കുണ്ട്. എന്താണോ ദൈവഹിതം അതു പ്രാവര്‍ത്തികമാക്കണമേ എന്നതാണ് മക്കള്‍ക്കുവേണ്ടിയുള്ള അവരുടെ പ്രാര്‍ത്ഥന. മക്കളുടെ കാവല്‍ക്കാര്‍ മാത്രമാണ് മാതാപിതാക്കള്‍. നോക്കാനേല്പിച്ചിരിക്കുന്നുവെന്നതുമാത്രമാണ് നമ്മുടെ കടമ. സന്യസ്ത ജീവിതത്തിനായി ഇപ്പോള്‍ പോകണമോ എന്ന് മക്കളോട് ചോദിച്ചപ്പോള്‍ ‘ചെറുപ്രായത്തിലേ പോയാല്‍ പിന്തിരിഞ്ഞു നോക്കേണ്ടി വരില്ല’ എന്ന പക്വതയുള്ള പ്രതികരണംമാണവര്‍ നല്‍കിയത്. കലപ്പയിന്മേല്‍ കൈവച്ചിട്ട് പിന്തിരിഞ്ഞു നോക്കരുതെന്ന ഉപദേശമാണ് മാതാപിതാക്കളായ ഞങ്ങള്‍ മക്കള്‍ക്ക് നല്‍കിയത്. തെരഞ്ഞെടുത്ത വഴി ശരിയെന്ന ബോധ്യത്തില്‍ മക്കളെല്ലാം വളരെ സന്തോഷത്തിലാണ്.
കുടുംബപ്രാര്‍ത്ഥനയും മാതൃകയും
സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് കുടുംബത്തില്‍ മാതാപിതാക്കളായ മനോജും ഉഷയും വളരെ പ്രാധാന്യം നല്‍കി നിര്‍ബന്ധമായി പാലിക്കുന്നു. കുരിശുമണിയടിക്കുമ്പോള്‍ കര്‍ത്താവിന്റെ മാലാഖ ചൊല്ലുന്നത് പതിവായിരുന്നു. 8 മണിക്കുമുമ്പ് സന്ധ്യാപ്രാര്‍ത്ഥനയെന്നതും നിര്‍ബന്ധമായി പാലിച്ചു. മക്കളെക്കൊണ്ട് പ്രാര്‍ത്ഥനചെല്ലിക്കുന്നതിലും ബൈബിള്‍ വായിപ്പിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തുന്നു. അനുദിനബലിയില്‍ പങ്കെടുക്കുന്നതിനും മാതൃക നല്‍കി. പത്താം ക്ലാസ്സ് കഴിയുമ്പോള്‍ മക്കള്‍ക്ക് സ്വന്തമായി ബൈബിള്‍ വാങ്ങി നല്‍കി, പേഴ്‌സണലായി വചനവായനയ്ക്ക്് കളമൊരുക്കി. ഞായറാഴ്ച കുര്‍ബാനയില്‍ അള്‍ത്താരശുശ്രൂഷകനെന്ന പതിവും മുടക്കിയിട്ടില്ല. കുടുംബത്തിലെ ഇത്തരം പതിവുകള്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ ദൈവത്തെയും സഭയെയും അറിയുവാനും സ്‌നേഹിക്കുവാനും മാതൃകയും പ്രചോദനവുമായി.
വലിയ കുടുംബത്തിന്റെ നേട്ടങ്ങളും വെല്ലുവിളികളും
ഇന്നിന്റെ ലോകത്ത് കൂടുതല്‍ മക്കള്‍ ഒരു പോരായ്മയാണെന്ന കാഴ്ചപ്പാടിനോട് യോജിപ്പില്ല. കാരണം മക്കള്‍ കൂടുതലുള്ളതുകൊണ്ടുള്ള കുറവുകളോ ബുദ്ധിമുട്ടോ ഇതുവരെ തോന്നിയിട്ടില്ല. നോര്‍മല്‍പ്രസവമായിരുന്നു എല്ലാവരുടേതും. അതുപോലെ കുഞ്ഞുങ്ങള്‍ക്ക് ആശുപത്രിയില്‍ പോകേണ്ട രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവ ആഹരിച്ചും പങ്കുവച്ചും ആരോഗ്യത്തോടെ അവര്‍ വളര്‍ന്നു ഇവര്‍ക്ക് വേണ്ട ആഹാരവും, വസ്ത്രവും, വിദ്യാഭ്യാസവുമൊക്കെ ദൈവം ക്രമീകരിച്ചു. എല്ലാവരെയും ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്ത് പഠിപ്പിച്ചു. പഠനത്തിലും മികച്ചവരാക്കുവാന്‍ ദൈവം അനുഗ്രഹിച്ചു. ആവശ്യനേരത്ത് സഹായിക്കുവാനും ബലപ്പെടുത്തുവാനും നിരവധി സുഹൃത്തുക്കളെയും സഹായികളെയും ക്രമപ്പെടുത്തി.
ഇതിനിടയില്‍ സാമൂഹികമായ പല വെല്ലുവിളികളെയും നേരിടേണ്ടി വന്നു. നാലാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക് കളിയാക്കലും ആശുപത്രിക്കാര്‍ക്ക് നീരസവും. അംഗന്‍വാടി തുടങ്ങുകയാണോ, വോട്ടുബാങ്കാണോ ഇത്തരം നിരവധി കമന്റുകളും കളിയാക്കലുകളും കേള്‍ ക്കേണ്ടി വന്നു. കിടങ്ങൂര്‍ എല്‍.എല്‍.എം ഹോസ്പിറ്റലിലായിരുന്നു പിന്നീടുള്ള പ്രസവങ്ങള്‍. അവിടുത്തെ ഗൈനക്കോളജിസ്റ്റായ മാര്‍സെലസ് അമ്മ ഞങ്ങളുടെ നാലു കുഞ്ഞുങ്ങളെ കൈ നീട്ടി സ്വീകരിച്ച് കാവല്‍മാലാഖയായി.
യുവകുടുംബങ്ങളോട്
മാതാപിതാക്കളുടെ മാതൃകയാണ് മക്കള്‍ അനുകരിക്കുന്നത്. പ്രാര്‍ത്ഥന, കൂദാശാജീവിത മാതൃക ഇവയൊക്കെ മാതാപിതാക്കളില്‍നിന്നാണ് മക്കള്‍ കണ്ട് പഠിക്കുന്നത്. ഓരോ കാര്യങ്ങളിലുള്ള സമയപാലനം, കൃത്യനിഷ്ഠ ഇവയുടെ മാതൃകയും കുടുംബത്തില്‍ നിന്നുതന്നെയാണ് ലഭിക്കുന്നത്.
പലസുഖങ്ങളും വേണ്ടന്നു വച്ചാലേ കൂടുതല്‍ മക്കളേ വളര്‍ത്തുവാന്‍ കഴിയുകയുള്ളൂ. മക്കള്‍ കൂടുതലാവുമ്പോള്‍ അവരുടെ സ്വയംപര്യാപ്തത വേഗത്തിലാകും. പങ്കുവയ്പ്പ്, സ്‌നേഹം, സഹായമനസ്‌കത ഇവയൊക്കെ സ്വയം വളര്‍ന്നുവരും. മൂത്തവര്‍ക്ക് ഇളയവരുടേമേല്‍ കൂടുതല്‍ ഉത്തരവാദിത്വബോധം ഉണ്ടാവും.

