ജിൻസ് നല്ലേപറമ്പിൽ
ക്രിസ്ത്യാനികളാണ് ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന മതവിഭാഗം. ഈശോമിശിഹായില്‍ വിശ്വസിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ് ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നത്. മരണം, ജയില്‍വാസം, കൊള്ള, ശാരീരികപീഡനങ്ങള്‍, ബലാത്സംഗം എന്നിവയ്ക്കെല്ലാം തങ്ങളുടെ വിശ്വാസം മൂലം ക്രൈസ്തവര്‍ ഇരകളാക്കപ്പെടുന്നു. ശത്രുക്കളോട് ക്ഷമിക്കാനും, ഉപദ്രവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും പഠിപ്പിച്ച തങ്ങളുടെ ദൈവത്തിന്‍റെ വാക്കുകള്‍ അനുസരിക്കുന്നതിനാല്‍ ഇത്രയധികം പീഡിപ്പിക്കപ്പെട്ടിട്ടും ക്രിസ്ത്യാനികള്‍ ഒരിടത്തും ആയുധമെടുത്ത് പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്നില്ല. തങ്ങളുടെ മതത്തില്‍ വിശ്വസിക്കാത്ത എല്ലാവരെയും കൊന്നു തള്ളി സ്വര്‍ഗം നേടാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന തീവ്രവാദികളെ ‘സാമ്രാജ്യത്വ വിരുദ്ധ പോരാളികള്‍’ ആയി ചിത്രീകരിച്ചു ന്യായീകരിക്കുന്നവര്‍ സ്വയം പീഡനമേല്‍ക്കുമ്പോളും അപരനെ ആക്രമിക്കാന്‍ തയ്യാറാകാത്ത ക്രിസ്ത്യാനികള്‍ മതതീവ്രവാദത്തിന്‍റെ ‘ഇരകള്‍’ ആണെന്നുപോലും അംഗീകരിക്കാന്‍ മടിക്കുന്നു.
ഓപ്പണ്‍ഡോര്‍സ് പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പീഡനങ്ങളുടെ കണക്ക് മാത്രമെടുത്ത് പരിശോധിക്കുമ്പോള്‍ പോലും ലോകത്ത് ഒന്‍പതു ക്രിസ്ത്യാനികളില്‍ ഒരാള്‍ അതിക്രൂരമായ പീഡനത്തിനു വിധേയമാകുന്നുവത്രേ. 2018 ലെ റിപ്പോര്‍ട്ടിംഗ് കാലയളവില്‍ 215 മില്യണ്‍ മതപീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2019-ല്‍ അതേ കാലയളവില്‍ 245 മില്യണ്‍ പീഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിശ്വാസത്തിന്‍റെ പേരില്‍ 4136 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. അതായത് ശരാശരി 11 ക്രിസ്ത്യാനികള്‍ ഒരു ദിവസം കൊല ചെയ്യപ്പെട്ടിരിക്കുന്നു. 2625 ക്രിസ്ത്യാനികള്‍ വിചാരണ കൂടാതെ തടവിലാക്കപ്പെട്ടപ്പോള്‍ 1266 പള്ളികള്‍ ആക്രമിക്കപ്പെട്ടു. തുടര്‍ച്ചയായി പതിനെട്ടാം വര്‍ഷവും ഉത്തര കൊറിയ ആണ് ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും കൂടുതല്‍ അപകടകരമായ രാജ്യം. ക്രിസ്ത്യാനികളെ രാജ്യത്തിന്‍റെ ശത്രുക്കളായി കണക്കാക്കുന്ന ഉത്തര കൊറിയയില്‍ എഴുപതിനായിരത്തോളം ക്രിസ്ത്യാനികള്‍ ലേബര്‍ ക്യാമ്പുകളില്‍ തടങ്കലിലാക്കപ്പെട്ട് ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. ഒരാള്‍ ക്രിസ്ത്യാനിയാണെന്ന് തെളിഞ്ഞാല്‍ അയാളുടെ കുടുംബം മുഴുവന്‍ ലേബര്‍ ക്യാമ്പില്‍ അടയ്ക്കപ്പെടും. അതിനാല്‍ത്തന്നെ രഹസ്യമായി ക്രൈസ്തവ വിശ്വാസത്തില്‍ തുടരുന്നവര്‍ പോലും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വിശ്വാസം പകര്‍ന്നു കൊടുക്കാന്‍ തയ്യാറാകുന്നില്ല. കുട്ടികള്‍ കൂട്ടുകാരോടോ മറ്റോ തങ്ങളുടെ വിശ്വാസത്തെക്കുറിച്ചു സംസാരിച്ചാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ ഭയന്നാണ് മാതാപിതാക്കള്‍ അതിനു തയ്യാറാകാത്തത്.
കിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന പത്തു രാജ്യങ്ങളില്‍ ഏഴിലും ഇസ്ലാമിക ഭരണകൂടങ്ങളാലോ മുസ്ലീം തീവ്രവാദികളാലോ ആണ് അവര്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന ഞെട്ടിക്കുന്ന സത്യവും ഓപ്പണ്‍ ഡോര്‍സിന്‍റെ പഠനം തുറന്നുകാട്ടുന്നുണ്ട്. പാക്കിസ്ഥാന്‍ പോലുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ രണ്ടാംതരം പൗരന്മാരാണ്. മതനിന്ദാ നിയമത്തിന്‍റെ മറവില്‍ ക്രിസ്ത്യാനികള്‍ വിചാരണപോലും കൂടാതെ ജയിലില്‍ അടയ്ക്കപ്പെടുന്നു. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലകളിലും അവര്‍ മാറ്റി നിര്‍ത്തപ്പെടുന്നു. അവര്‍ കഷ്ടപ്പെട്ടു സമ്പാദിച്ച സ്വത്തും വീടും ഏതു നിമിഷവും സര്‍ക്കാരിലേക്ക് കണ്ടുകെട്ടപ്പെടാം. ഒരു മുസ്ലീം, ക്രിസ്ത്യാനി ആയാല്‍ അയാള്‍ കൊല്ലപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. മധ്യപൂര്‍വദേശത്തെ പല രാജ്യങ്ങളിലും ക്രൈസ്തവ സമൂഹം നാമാവശേഷമായി കഴിഞ്ഞിരിക്കുന്നു എന്ന് നമുക്കറിയാം. താലിബാനും, ഐഎസ്ഐസും പോലുള്ള ഇസ്ലാമിക തീവ്രവാദസംഘടനകള്‍ വര്‍ഷങ്ങള്‍ കൊണ്ട് പൈശാചികമായി ക്രൈസ്തവരെ ഉന്മൂലനം ചെയ്യുകയായിരുന്നു. മിഡില്‍ ഈസ്റ്റില്‍നിന്നും ആഫ്രിക്കയിലേക്ക് ശ്രദ്ധ മാറ്റിയിരിക്കുകയാണ് ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ എന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ബോക്കൊഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കാ പ്രൊവിന്‍സ് എന്നീ സംഘടനകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ ഉന്മൂലനം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സോമാലിയയില്‍ ക്രിസ്ത്യാനികള്‍ ഇല്ലാതായിരിക്കുന്നു. ക്രൈസ്തവ ആഘോഷങ്ങള്‍ ഔദ്യോഗികമായി വിലക്കിയിരിക്കുന്ന രാജ്യം കൂടിയാണ് സോമാലിയ. നൈജീരിയയില്‍ ഒട്ടേറെ ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ ആക്രമിക്കപ്പെടുന്നു, ആയിരക്കണക്കിനു ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നു. ന്യൂസിലന്‍ഡില്‍ മോസ്കില്‍ അതിക്രമിച്ചു കയറിയ അക്രമി 49 പേരേ വധിച്ച അതേ ആഴ്ചയില്‍ നൈജീരിയയില്‍ 125 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. 145 വീടുകള്‍ അഗ്നിക്കിരയാക്കി. ആയിരക്കണക്കിനു ക്രൈസ്തവര്‍ പലായനം ചെയ്തു. നൈജീരിയയില്‍ നടക്കുന്നത് ക്രിസ്ത്യന്‍ വംശഹത്യ ആണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
എങ്കിലും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന രാഷ്ട്രീയ ഇസ്ലാമിനെതിരേ ശബ്ദിക്കാനോ ക്രൈസ്തവ പീഡനങ്ങളെ അപലപിക്കാനോ രാഷ്ട്ര തലവന്മാരോ, മതമേധാവികളോ, മനുഷ്യാവകാശ സംഘടനകളോ തയ്യാറാകുന്നില്ല. ക്രൈസ്തവരുടെ മരണം ലോകത്തിന്‍റെ വേദനയാക്കി മാറ്റാന്‍ പെട്രോ ഡോളറിനാല്‍ വിലയ്ക്കെടുത്ത പി ആര്‍ ഏജന്‍സികളും ന്യൂസ് ഏജന്‍സികളും സെലിബ്രിറ്റികളും ഇല്ല. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ അക്രമത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ നമ്മുടെ കേരളത്തില്‍ പോലും സ്ഥിരം ‘പ്രതികരണ തൊഴിലാളികളായ സാംസ്കാരിക നായകര്‍’ വാ തുറന്നതേയില്ല എന്നത് നാം ശ്രദ്ധിക്കാതെ വിട്ടുകളയരുത്. “ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരു അവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു” (1 കോറി 12:26) എന്ന വചനം ഉള്‍ക്കൊണ്ട് പീഡിപ്പിക്കപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയിലും പ്രവര്‍ത്തിയിലും നമുക്ക് ഒരുമിക്കാം. ഒരു അവയവത്തിന്‍റെ വേദന മറ്റൊരു അവയവത്തിന് അനുഭവിക്കാനാകുന്നില്ലെങ്കില്‍ മാരകമായ മരവിപ്പ് ശരീരത്തിനു ബാധിച്ചിരിക്കുന്നു എന്നാണല്ലോ അര്‍ത്ഥം. നാശത്തിലേക്ക് നയിക്കുന്ന അത്തരമൊരു മരവിപ്പിലാണോ ഇപ്പോള്‍ നാം എന്ന് ആത്മവിചിന്തനവും ചെയ്യാം.