കല്യാണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ചുമതലയേറ്റു. സീറോ മലബാര്‍ എപ്പാര്‍ക്കിയല്‍ കൂരിയ വൈസ് ചാന്‍സിറായി നാലു വര്‍ഷത്തെ ശുശ്രൂഷയ്ക്കുശേഷം കൂരിയ മെത്രാനായി നിയമിതനായി. കാഞ്ഞിരപ്പള്ളി രൂപത നിര്‍മലഗിരി ഇടവകാംഗമായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സംസാരിക്കുന്നു.
കൂരിയ ബിഷപ്പായിരിക്കെയുണ്ടായ അനുഭവങ്ങള്‍
2017 സെപ്റ്റംബര്‍ ഒന്നിനായിരുന്നു കൂരിയ ബിഷപ്പായുള്ള പ്രഖ്യാപനം. മാതൃരൂപതയായ കാഞ്ഞിരപ്പള്ളിയിലേക്ക് അടിയന്തിരമായി എത്താന്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവും മാര്‍ ജോസ് പുളിക്കല്‍ പിതാവും ആവശ്യപ്പെട്ടു. ഞാന്‍ മടിച്ചുനിന്നപ്പോള്‍ അവര്‍ നിര്‍ബന്ധം പറഞ്ഞു. അന്ന് എട്ടുനോമ്പിന്റെ തുടക്ക ദിവസമായിരുന്നു. എന്റെ ജ്യേഷ്ഠസഹോദരന്‍മാരായ രണ്ടു പിതാക്കന്‍മാരും എന്നെ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള കാഞ്ഞിരപ്പള്ളി പഴയപള്ളിയിലേക്ക് കൊണ്ടുപോയി. മെത്രാനെന്ന നിലയില്‍ അവര്‍ എന്നെ പരിശുദ്ധ അമ്മയ്ക്കു സമര്‍പ്പിക്കുകയായിരുന്നു. ആ മദ്ബഹായുടെ മുന്നില്‍ നടത്തിയ പ്രാര്‍ഥന വലിയ ആത്മീയ അനുഭവമായി.
ഈശോ കുരിശില്‍ മരിക്കുമ്പോള്‍ വിശുദ്ധ യോഹന്നാനോട് ഇതാ നിന്റെ അമ്മ എന്നു പറഞ്ഞതുപോലുള്ള അനുഭവം. അക്കരയമ്മയോടുള്ള ബന്ധം വര്‍ഷങ്ങളായി കാത്തുപോരുന്നുണ്ട്. കൂരിയ ബിഷപ്പ് എന്ന നിലയില്‍ അക്കരയമ്മ വലിയ സംരക്ഷകയായിരുന്നു. എല്ലാ സെപ്റ്റംബര്‍ ഒന്നിനും അക്കരപ്പള്ളിയില്‍ ചെലവഴിച്ച് പ്രാര്‍ഥിക്കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തുപോന്നു.
മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സഹായിയായാണ് സഭാ കാര്യാലയത്തില്‍ കൂരിയ ബിഷപ് പ്രവര്‍ത്തിക്കുന്നത്. ജോര്‍ജ് ആലഞ്ചേരി പിതാവും റാഫേല്‍ തട്ടില്‍ പിതാവുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കാനും അവരില്‍നിന്നും ഏറെ കാര്യങ്ങള്‍ പഠിക്കാനും അവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കാനും കഴിഞ്ഞത് എന്റെ ഓര്‍മയില്‍ എന്നുമുണ്ടാകും. അവര്‍ ഇരുവരുടെയും വ്യക്തിത്വത്തിലെ സവിശേഷതകള്‍ ഏറെ പഠിക്കാന്‍ ഉപകരിച്ചു.
ഗ്രാമങ്ങളെ സ്നേഹിച്ച പിതാവ് നഗരത്തെ എങ്ങനെ ഉള്‍ക്കൊള്ളും
എന്റെ പൗരോഹിത്യ ശുശ്രൂഷ ഏറെയും ഗ്രാമങ്ങളിലായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ പൂമറ്റം, പഴയകൊരട്ടി, ചെന്നാക്കുന്ന്, മുളങ്കുന്ന് എന്നീ ഗ്രാമീണ ഇടവകളിലെ ശുശ്രൂഷ ഏറെ ഹൃദ്യമായിരുന്നു. തുടക്കത്തില്‍ അസിസ്റ്റന്റ് വികാരിയായിരുന്ന കട്ടപ്പനയും ഗ്രാമീണ ചൈതന്യമുള്ള പട്ടണമായിരുന്നു. പിന്നീട് യുവദീപ്തി ഡയറക്ടറായിരുന്നപ്പോഴും രൂപതാ കേന്ദ്രത്തില്‍ ജൂഡിഷ്യല്‍ വികാറായിരുന്നപ്പോഴും ഇടവക കേന്ദ്രീകൃതമായാണ് പ്രവര്‍ത്തിച്ചിരുന്നത്.
മുംബൈ മഹാനഗരമാണെങ്കിലും അതിരൂപതാ തലത്തില്‍ കല്യാണ്‍ പൂര്‍ണമായി നഗരമല്ല. 28 ജില്ലകള്‍ ചേര്‍ന്നതാണ് കല്യാണ്‍ അതിരൂപത. 26 എണ്ണം മഹാരാഷ്ട്രയിലും രണ്ടെണ്ണം ഗോവയിലുമാണ്. ഇതില്‍ പത്തെണ്ണം മാത്രമേ നഗരം എന്നു വിശേഷിപ്പാക്കാനാകൂ. ബാക്കി ഗ്രാമപ്രദേശങ്ങളാണ്. അതിനാല്‍ നഗരജീവിതവും ഗ്രാമീണ ജീവിതവും ഇടകലര്‍ന്ന അതിരൂപതയാണ് കല്യാണ്‍. ഗ്രാമീണ മേഖലയിലും സീറോ മലബാര്‍ ഇടവകള്‍ ഉണ്ട്. നാല് ഇടവകകളും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന നിരവധി സ്റ്റേഷനുകളും ഇവിടെയുണ്ട്. മിഷന്‍ സ്റ്റേഷനുകളെല്ലാം ഗ്രാമീണ മേഖലയിലാണ്.
ഭാഷ പരിമിതിയാകുമോ
കല്യാണ്‍ വൈവിധ്യമുള്ള അതിരൂപതയാണ്. എല്ലാ സീറോ മലബാര്‍ രൂപതകളിലും നിന്നും പ്രവാസികളായി എത്തിയവര്‍ ഇവിടെയുണ്ട്. ഹിന്ദി, മറാഠി, കൊങ്കിണി, ഇംഗ്‌ളീഷ്, മലയാളം എന്നീ ഭാഷകകള്‍ ഇവിടെ പ്രചാരത്തിലുണ്ട്. ഇന്ന് അന്‍പത്തെട്ടാം വയസില്‍ ഹിന്ദിയും മറാട്ടിയും എനിക്ക് പഠിച്ചെടുക്കേണ്ടതുണ്ട്.
പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍
കല്യാണ്‍ ആര്‍ച്ച് ബിഷപ്പായുള്ള നിയമനം ദൈവനിയോഗമായി കരുതുകയാണ്. മാനുഷികമായ രീതിയില്‍ എനിക്കു പ്രതീക്ഷകളും സ്വപ്നങ്ങളുമില്ല. ദൈവിക പദ്ധതികള്‍ എന്തൊക്കെയെന്നു കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുന്നു. മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു, അന്തിമമായ തീരുമാനം കര്‍ത്താവിന്റേതത്രെ എന്നല്ലേ സുഭാഷിത വചനം.
ആപ്തവാക്യം
2017ല്‍ കൂരിയ ബിഷപ്പായപ്പോള്‍ സ്വീകരിച്ച ആപ്തവാക്യം തന്നെ കല്യാണിലും തുടരാണ് തീരുമാനം. വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപതാം അധ്യായം ഇരുപത്തെട്ടാം വാക്യം ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനാണ് എന്നതാണ് എന്റെ മെത്രാന്‍ ശുശ്രൂഷയിലെ ആപ്തവാക്യം. വിശുദ്ധ കുര്‍ബാന സ്ഥാപനം ക്രിസ്തു നിര്‍വഹിച്ചത് ക്രിസ്തു ശിഷ്യരുടെ പാദങ്ങള്‍ കഴുകിക്കൊണ്ടാണ്. ഇത് ഉള്‍പ്പെട്ടതാണ് പുതിയ രൂപതാ എംബ്ലം.
യുവജന പ്രേക്ഷിതത്വം എങ്ങനെ
യുവജനങ്ങളുമായി എന്നും എനിക്ക് അടുത്ത ബന്ധമാണുള്ളത്. കാഞ്ഞിരപ്പള്ളിയില്‍ യുവദീപ്തി ഡയറക്ടറായിരിക്കെ യുവജനങ്ങള്‍ക്ക് എന്നോടുണ്ടായിരുന്ന സ്നേഹവും ബന്ധവും ഇപ്പോഴും തുടരുന്നുണ്ട്. യുവജനസമ്പര്‍ക്കം ഒരു വിശ്വാസ പരിശീലന വേദിയായി ഞാന്‍ കാണുന്നു.
2027 കല്യാണില്‍ മതബോധന വര്‍ഷമായി ആചരിക്കുകയാണ്. സണ്‍ഡേ സ്‌കൂള്‍ പോലെ പ്രധാനമാണ് കുടുംബങ്ങളിലുള്ള വിശ്വാസ പരിശീലനം. ചെറിയ പ്രായത്തില്‍ കുട്ടികളില്‍ വലിയ സ്വാധീനം ചെലുത്താന്‍ മാതാപിതാക്കള്‍ക്ക് കഴിയും. പ്രധാന വിശ്വാസപരിശീലകര്‍ മാതാപിതാക്കള്‍ തന്നെയായിരിക്കണം. മാതാപിതാക്കളില്‍ നിന്ന് പഠിക്കുന്നതാണ് മക്കളുടെ ജീവിതത്തെ ഏറെ സ്വാധീനക്കുന്നത്. എന്റെ വ്യക്തിപരമായ ജീവിതത്തിലെ ഉണ്ടായ അനുഭവവും ഇതുതന്നെയാണ്. കുടുംബ മതബോധനത്തിന്റെ തുടര്‍ച്ച മാത്രമാണ് സണ്‍ഡേസ്‌കൂള്‍ പഠനം.

