ജനാധിപത്യസംവിധാനത്തില്‍ പൗരന്മാര്‍ക്ക് രണ്ടു പ്രധാന ദൗത്യമുണ്ട്. ഒന്നാമതായി ഭരണഘടനയുടെ ആത്മാവിനെ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെ തെരഞ്ഞെടുക്കുക. രണ്ടാമതായി ഭരണഘടനയുടെ യഥാര്‍ത്ഥസത്തയെ അട്ടിമറിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ്.
ഇന്‍ഡ്യന്‍ ഭരണഘടനയുടെ പ്രധാനഭാഗം മൗലിക അവകാശങ്ങളാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും സ്വന്തം മതം ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം, സ്വന്തം മതം പ്രചരിപ്പിക്കാനുള്ള അവകാശം മുതലായവ മൗലിക അവകാശങ്ങളുടെ ഭാഗമാണ്. ഇഷ്ടമുള്ള ജോലി ചെയ്യാനും സഞ്ചാരസ്വാതന്ത്ര്യവും വിദ്യനേടാനുള്ള സ്വാതന്ത്ര്യവുമെല്ലാം മൗലിക അവകാശങ്ങളുടെ ഭാഗമാണ്.
ഇന്ന് ഇന്ത്യയില്‍ പലയിടത്തും ക്രൈസ്തവരുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സംഭവങ്ങള്‍ അരങ്ങേറുന്നു. ഈ സ്വാതന്ത്ര്യനിഷേധത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളോ, രാഷ്ട്രീയ പാര്‍ട്ടികളോ അധികാരത്തില്‍ എത്തിച്ചേരുന്നില്ലായെന്ന് പൗരന്മാര്‍ക്ക് ഉറപ്പു വരുത്തുവാന്‍ സാധിക്കുന്നുണ്ടോ?
ക്രൈസ്തവരുടെ നിഷ്‌ക്രിയത്വം
ഒരു പൗരന്റെ രാഷ്ട്രീയ അവകാശത്തെ ഉപയോഗിക്കുന്നതില്‍ ക്രൈസ്തവര്‍ ജാഗ്രത പാലിക്കുന്നില്ല എന്ന വസ്തുത അപകടകരമാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികളുടെ എണ്ണത്തില്‍ ക്രൈസ്തവ പ്രാതിനിധ്യം കുറഞ്ഞുപോകുന്നു. അതുമൂലം ക്രൈസ്തവ സമുദായം നേരിടുന്ന പ്രശ്‌നങ്ങളെ പൊതുസമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കാനുള്ള സാധ്യത കുറയുന്നു.
നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ നമ്മെ പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ അന്തഃസത്ത സ്വര്‍ഗ്ഗത്തിലെപോലെ ഭൂമിയിലുമാകണമേ എന്നാണ്. മറ്റൊരര്‍ത്ഥത്തില്‍ ഭൂമി സ്വര്‍ഗ്ഗമാക്കുകയെന്നതാണ് ക്രൈസ്തവന്റെ ഏറ്റവും പ്രധാനപ്പെട്ട കടമ. ഈ കടമ നിര്‍വഹിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായും ഫ്രാന്‍സിസ് മാര്‍പാപ്പയും പഠിപ്പിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ‘ഏവരും സോദരര്‍’ എന്ന ചാക്രിക ലേഖനത്തില്‍ ഇപ്രകാരം പറയുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ ദൈവവിളിയാണ്. ക്രൈസ്തവ ബോധ്യങ്ങള്‍ക്കനുസരിച്ച് പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ ദൈവരാജ്യത്തിന്റെ വളര്‍ച്ചയില്‍ സജീവപങ്കാളിത്തം വഹിക്കുന്നു. കൂടാതെ പൊതുസമൂഹത്തില്‍ മതേതരമായ രീതിയില്‍ പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയെന്നത് ഓരോ ക്രൈസ്തവന്റെയും കടമയാണ്. മറ്റുവിധത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാതിരിക്കുന്നത് ഉപേക്ഷയാലുള്ള പാപമാണ്.
ജനാധിപത്യ വ്യവസ്ഥിതിയെ നിലനിര്‍ത്തുന്നില്‍ കഴിഞ്ഞകാലങ്ങളായി നാം കാണിച്ച അലംഭാവം നമ്മുടെ സമുദായത്തെ ഇന്ത്യയില്‍ ഒറ്റപ്പെടുത്തുന്നതിന് കാരണമായി. വോട്ടു ചെയ്യുക എന്നതുപോലും ചിലര്‍ അനാവശ്യമായി കാണുന്നു. ഇതുമൂലം ക്രൈസ്തവര്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ പോലും ഇല്ലാതാകുന്നുണ്ട് എന്നു നാം മനസ്സിലാക്കണം. ജനസംഖ്യാശോഷണം, സംവരണ തലങ്ങളിലെ അട്ടിമറി, ന്യൂനപക്ഷ അവകാശങ്ങളുടെ ധ്വംസനം, സാധാരണക്കാരായ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, വന്യജീവി അക്രമണം മുതലായവ കേരളത്തിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്.
സഭയും സമുദായവും ഭാരതത്തിലും കേരളത്തിലും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കേണ്ടത് ആവശ്യമാണ്. ക്രൈസ്തവന്റെ രാഷ്ട്രീയ ചിന്ത മാനവീകമാണ്. ക്രൈസ്തവര്‍ നിലനില്‍ക്കുന്നത് സകല മനുഷ്യര്‍ക്കും വേണ്ടിയാണ്. ഇന്ത്യന്‍ സമൂഹത്തില്‍ ജാതി, മത ശക്തികള്‍ക്കതീതമായ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ക്രൈസ്തവന്റെ രാഷ്ട്രീയ സാന്നിധ്യം അനിവാര്യമാണ്. അതുകൊണ്ട് നമ്മുടെ മക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ പൊതുനന്മയെ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരാകാന്‍ വേണ്ട എല്ലാ സഹായവും നാം നല്‍കണം. പഞ്ചായത്തുതലം മുതല്‍ പാര്‍ലമെന്റ് വരെയുള്ള ഭരണഘടനാ സ്ഥാപനങ്ങളില്‍ പങ്കാളിയാകുകയെന്നത് പരസ്‌നേഹത്തിന്റെ അത്യുന്നത ഭാവമാണെന്ന ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായുടെ വാക്കുകള്‍ നമുക്ക് പ്രാവര്‍ത്തികമാക്കാം.
അഡ്വ. ബീന ജോസഫ്

