ബോക്സിംഗ് റിങ്ങിലെ വെള്ളിത്തിളക്കം;സംസ്ഥാന തലത്തില്‍ വെള്ളി മെഡല്‍!

കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി സംസ്ഥാന സ്‌കൂള്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയിരിക്കുകയാണ് പഴയ കൊച്ചറ സെന്റ് ജോസഫ് ഇടവകാംഗം മല്ലികശ്ശേരിയില്‍ അയോണ ഷിജു. ജൂനിയര്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലെ 80 കിലോഗ്രാം വിഭാഗത്തിലാണ് ഈ മിടുക്കി വെള്ളി മെഡല്‍ സ്വന്തമാക്കി നാടിന്റെ അഭിമാനമായത്.
ചിട്ടയായ പരിശീലനം, കഠിനാധ്വാനം, നിരന്തര പരിശ്രമം, വ്യായാമം എന്നിവയാണ് അയോണയുടെ വിജയത്തിന് പിന്നിലെ ശക്തി. കുഴിത്തൊളു ദീപ സ്‌കൂള്‍ ഓഫ് ബോക്സിംഗ് അക്കാദമിയില്‍ മാസ്റ്റര്‍ ട്രെയിനര്‍ ജുബിന്‍ ജോസഫിന്റെ കീഴിലാണ് അയോണ പരിശീലനം നേടുന്നത്.
മല്ലികശ്ശേരി ഷിജു ജോസഫിന്റെയും ബില്‍നാ ഷിജുവിന്റെയും മകളാണ് അയോണ. അതുല്‍ ഷിജുവാണ് സഹോദരന്‍. കാഞ്ഞിരപ്പള്ളി രൂപത യുവജനപ്രസ്ഥാനമായ യുവദീപ്തിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അയോണയുടെ പിതാവ് ഷിജു.
ബോക്സിംഗിനോടൊപ്പം തന്നെ വിശ്വാസ ജീവിത പരിശീലന ക്ലാസ്സുകളിലെ സ്ഥിരം സാന്നിധ്യമാണ് ഈ കായികതാരം. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും, പ്രത്യേകിച്ചും പ്രസംഗത്തിലും, അയോണ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
വിശുദ്ധ കുര്‍ബാനയോടും ജപമാലയോടുമുള്ള ഭക്തി, മാതാപിതാക്കളുടെ അകമഴിഞ്ഞ പ്രോത്സാഹനം, കഠിനാധ്വാനം എന്നിവയാണ് തന്റെ വിജയതന്ത്രമെന്ന് അയോണ പറയുന്നു. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുക എന്നതാണ് ഈ യുവതാരത്തിന്റെ അടുത്ത സ്വപ്നം. തുടര്‍പരിശീലനത്തിലൂടെ ആ ലക്ഷ്യത്തിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് അയോണ.