
ഈ ഭൂമിയിൽ ഒരു ദിവസമെങ്കിലും കൂടുതൽ സന്തോഷത്തോടും ആരോഗ്യത്തോടും കൂടി ജീവിക്കണമെങ്കിൽ നമ്മൾ നമ്മളെത്തന്നെ സ്നേഹിക്കണം. എങ്കിൽ മാത്രമേ നമ്മളെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും സ്നേഹം പങ്കുവച്ചുകൊണ്ട് ദീർഘകാലം ജീവിക്കാൻ നമുക്ക് കഴിയുകയുള്ളൂ. ഇതിനായി ഈ കാര്യങ്ങൾ ജീവിതത്തിൻ്റെ ഭാഗമാക്കാൻ ശ്രമിക്കുക:
1. മാനസികാരോഗ്യം:
പ്രകൃതിയുമായുള്ള ബന്ധം ശാരീരികവും മാനസികവുമായ ആരോഗ്യം കേവലം ജിമ്മിലോ ആശുപത്രിയിലോ അല്ല ഇരിക്കുന്നത്; അത് ഈ പ്രപഞ്ചവുമായുള്ള നമ്മുടെ ആത്മബന്ധത്തിലാണ്. പ്രപഞ്ചത്തിലെ ഊർജ്ജത്തെ (Universal Power) തിരിച്ചറിയുന്ന ഒരാൾക്ക് മാത്രമേ യഥാർത്ഥ ആരോഗ്യം കൈവരിക്കാൻ കഴിയൂ. പരസ്പരം സ്നേഹിക്കുക, ശാന്തരാകുക, മനസ്സിനെ നിയന്ത്രിക്കാൻ പഠിക്കുക എന്നിവയാണ് പ്രധാനം. ഒന്നാമതായി വേണ്ടത് സഹനശക്തി ആണ്. പെട്ടെന്നുള്ള ദേഷ്യം, മറ്റുള്ളവരോടുള്ള വിദ്വേഷം, അനാവശ്യമായ ഉത്കണ്ഠകൾ (വീട്ടിലായാലും പരീക്ഷാസമയത്തായാലും) എന്നിവ ഒഴിവാക്കി മനസ്സിനെ സ്വതന്ത്രമാക്കാൻ പഠിക്കണം. ടെൻഷൻ ഒന്നിനും പരിഹാരമല്ല, മറിച്ച് അത് നമ്മുടെ പ്രശ്‌നപരിഹാരത്തിന് തടസ്സമാവുകയാണ് ചെയ്യുന്നത്. മാനസിക സംഘർഷവും വിഷാദവും മറികടക്കാൻ ലഹരിക്ക് പകരം കായികാഭ്യാസങ്ങൾ, കലകൾ, അല്ലെങ്കിൽ ഒരു കൗൺസിലറുടെ സഹായം തേടുക. എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ശ്രദ്ധിക്കുക. കാരണം, സ്ട്രെസ്സ് നമ്മുടെ ആരോഗ്യത്തെ പാടെ നശിപ്പിക്കും.
2. ശ്വസനം: ജീവവായു
നമ്മൾ എടുക്കുന്ന ഓരോ ശ്വാസവും പ്രകൃതിയുമായുള്ള സംവാദമാണ്. ശുദ്ധവായു ശ്വസിക്കുന്നതും ശ്വസന വ്യായാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മനസ്സിനെ ശാന്തമാക്കാനും ഉത്കണ്ഠ (Anxiety) കുറയ്ക്കാനും സഹായിക്കുന്നു. ചൈനീസ് വിശ്വാസമനുസരിച്ച് ശ്വസനം ‘ആരോഗ്യദേവത’ ആണ്. മനുഷ്യശരീരത്തിലെ ഒന്നാമത്തെ ബഫറിംഗ് സിസ്റ്റം ശ്വസനമാണ്. ബൈകാർബണേറ്റുകളും കാർബൺ ഡയോക്സൈഡും പുറന്തള്ളുന്നതിലൂടെ രക്തത്തിന്റെ വിസ്കോസിറ്റി (Viscosity) വരെ ഇത് ക്രമീകരിക്കുന്നു. കോവിഡ് കാലത്ത് ഓക്സിജൻ ലെവൽ താഴ്ന്നതാണ് മരണനിരക്ക് വർദ്ധിപ്പിച്ചത്. ഓക്സിജന്റെ കുറവ് സ്ട്രോക്കിനും ഹൃദയാഘാതത്തിനും കാരണമാകുമെന്ന് നാം തിരിച്ചറിയണം. പുകവലി ഒഴിവാക്കുക. പുകവലിക്കുമ്പോൾ ശ്വാസകോശത്തിലെ വായു അറകൾക്ക് (Alveoli) കേടുപാടുകൾ സംഭവിക്കുന്നു. അമിതമായ പൊടിയും പുകയുമുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ N95 മാസ്‌കുകൾ ധരിക്കുന്നത് ഗുണകരമാണ്.
3. സൂര്യപ്രകാശവും ഭൂമിയുമായുള്ള ബന്ധം
ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി യുടെ 70 ശതമാനവും ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നാണ്. വൈറ്റമിൻ ഡി നമ്മുടെ മാനസികാരോഗ്യത്തെയും നിയന്ത്രിക്കുന്നു. ഇതിൻ്റെ കുറവ് വിഷാദരോഗം, ശരീരവേദന, നിസ്സംഗത, സന്ധിവേദന എന്നിവയ്ക്ക് കാരണമാകുന്നു. അസ്ഥികളുടെ ആരോഗ്യം നിലനിർത്താനും ഇത് അത്യന്താപേക്ഷിതമാണ്. പോസിറ്റീവ് ഹോർമോണുകളെ ഉത്തേജിപ്പിക്കുന്ന ഒരു മഹാശക്തിയാണ് സൂര്യപ്രകാശം. അതോടൊപ്പം, നഗ്‌നപാദരായി മണ്ണിൽ നടന്നും പ്രകൃതിയോട് ഇണങ്ങിയും ജീവിക്കുമ്പോൾ ഭൂമിയിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം (Grounding) സ്ട്രെസ്സ് കുറയ്ക്കാനും പോസിറ്റീവ് മനോഭാവം വളർത്താനും സഹായിക്കുന്നു.
4. ജലപാനം: പ്രകൃതിയിൽ നിന്നുള്ള ജീവജലം
ശരീരഭാരത്തിനനുസരിച്ച് കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഒരു പൊതുവായ കണക്ക്, ശരീരഭാരത്തിൻ്റെ ഓരോ കിലോയ്ക്കും ഏകദേശം 30ml മുതൽ 35ml വരെ വെള്ളം എന്നതാണ്. മണിക്കൂറിൽ ഒരു ഗ്ലാസ് വെള്ളം എന്ന രീതിയിൽ കുടിക്കുന്നതാണ് നല്ലത്. ഒരു ലിറ്ററോ അതിൽ അധികമോ വെള്ളം ഒന്നിച്ചു കുടിക്കുന്നത് നല്ലതല്ല. ബ്ലഡിന്റെ പി.എച്ച് വേരിയേഷൻ വരും. ഇത് ബോഡി ബഫറിംഗ് ഇൻബാലൻസ് തെറ്റിക്കുകയും തലകറക്കം ഉണ്ടാകാൻ സാധ്യതയുമുണ്ട്. ശരിയായ രീതിയിലുള്ള വെള്ളംകുടി ‘വാട്ടർ തെറാപ്പി’ (Water Therapy) എന്ന് വിളിക്കാറുണ്ട്. പ്രധാനമായി ജപ്പാനീസ് സംസ്കാരത്തിലാണ് ഇത് (Japanese Water Therapy) ഒരു ചികിത്സാ രീതിയായി പ്രചാരത്തിലുള്ളത്. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും (Detoxification), ദഹന പ്രക്രിയ സുഗമമാക്കാനും, ഉപാപചയപ്രവർത്തനങ്ങൾ (Metabolism) വർദ്ധിപ്പിക്കാനും ഈ രീതി സഹായിക്കുന്നു. ജീവിതശൈലി രോഗങ്ങളെ അകറ്റിനിർത്തും. ശരീരത്തിലെ രണ്ടാമത്തെ ബഫറിംഗ് സിസ്റ്റമാണിത്. എന്നാൽ പ്രോസസ്‌ഡ് ഫുഡ്, കളർ പാനീയങ്ങൾ, ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ അമിതമായ മരുന്ന് ഉപയോഗം എന്നിവ ഈ പ്രക്രിയയെ തകരാറിലാക്കുന്നു.
5. വ്യായാമം: പ്രകൃതിയോടുള്ള സ്നേഹപൂർണ്ണമായ മത്സരം
വ്യായാമം എന്നത് വെറുമൊരു ശരീരപ്രദർശനമല്ല, മറിച്ച് ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാൻ നാം നടത്തുന്ന പോരാട്ടമാണ്. കെട്ടിനിൽക്കുന്ന വെള്ളം മലിനമാകുന്നതുപോലെ, ചലനമില്ലാത്ത ശരീരവും രോഗങ്ങളുടെ കേന്ദ്രമായി മാറും. പേശികളും സന്ധികളും ചലിക്കുമ്പോൾ നമ്മൾ വാർദ്ധക്യത്തെയും രോഗങ്ങളെയും പിന്നിലാക്കുന്നു. വ്യായാമത്തിലൂടെ വിയർക്കുമ്പോൾ ശരീരത്തിലെ നിഷേധാത്മക ഊർജ്ജമാണ് പുറന്തള്ളപ്പെടുന്നത്. ഒരു പൈസ പോലും ചിലവില്ലാതെ നമുക്ക് എടുക്കാവുന്ന ഏറ്റവും വലിയ ഇൻഷുറൻസ് ആണ് വ്യായാമം.നമുക്ക് നമ്മളെ സ്നേഹിച്ചുകൊണ്ട് മറ്റുള്ളവരിലേക്ക് സ്നേഹം പങ്കുവയ്ക്കാം.
