
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്നും, ഗ്രാമങ്ങളുടെ സമ്പൂർണ്ണ വികസനത്തിലൂടെ മാത്രമേ രാജ്യപുരോഗതി ഉറപ്പുവരുത്തുവാൻ സാധിക്കുമെന്നുമുള്ള ഗാന്ധിയൻ ദർശനത്തിലൂന്നി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ ഉപയോഗിച്ച് സംരംഭങ്ങൾ ആരംഭിച്ച് നമുക്കും വിജയിക്കാം. ഇത്തരത്തിലുള്ള ഏതാനും ഏജൻസികളെക്കുറിച്ച് ലഘുവായി വിവരിക്കാം.
1. MSME Di
മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് എന്ന് വിളിക്കുന്നത് ചെറുകിട വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളാണ്. നമ്മുടെ തൊട്ടടുത്ത് ഏറ്റുമാനൂരിലും തിരുവല്ലയിലും തൃശ്ശൂരിലും ഈ സ്ഥാപനങ്ങൾ ഉണ്ട്. ഈ സ്ഥാപനങ്ങൾ വ്യവസായ സംരംഭങ്ങൾ തുടങ്ങുവാൻ പൊതുജനങ്ങളെ പ്രാപ്‌തമാക്കുന്നതിനുവേണ്ടി വിവിധ കോഴ്‌സുകൾ സൗജന്യമായി സംഘടിപ്പിക്കുന്നു. ഉദാഹരണത്തിന് തയ്യൽ, ഫാഷൻ ഡിസൈനിങ്, ഫുഡ് പ്രോസസിംഗ്, ബ്യൂട്ടീഷൻ, കമ്പ്യൂട്ടർ കോഴ്സ്, സ്ക്രീൻ പ്രിന്റ്റിംഗ് തുടങ്ങിയുള്ള നീണ്ട ഒരു ലിസ്റ്റ് ആണിത്. 6 ആഴ്‌ച ദൈർഘ്യമുള്ള സ്‌കിൽ ഡെവലപ്മെൻ്റ് കോഴ്‌സ് ആണിത്. ഈ കോഴ്സ് പഠിച്ച് വിജയകരമായി പൂർത്തിയാക്കിയാൽ കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സർട്ടിഫിക്കറ്റ് സ്വയം തൊഴിൽ കണ്ടെത്തുവാനുള്ള വായ്‌പയ്ക്കുള്ള അടിസ്ഥാന യോഗ്യത കൂടിയാണ്. ഈ കോഴ്‌സിനിടയിൽ എങ്ങനെ ഒരു സംരംഭം തുടങ്ങാം, പ്രോജക്ട് റിപ്പോർട്ട് എങ്ങനെ തയ്യാറാക്കാം, സബ്സിഡികൾ ഏതെല്ലാം, മാർജിൻ മണി ലോൺ, സീഡ് ക്യാപിറ്റൽ അസിസ്റ്റൻസ്, ഓൺലൈൻ മാർക്കറ്റിംഗ് എന്നിവയിൽ പരിശീലനങ്ങളും ഉണ്ടായിരിക്കും. രജിസ്ട്രേഷൻ ഫീസ് ഇല്ല. എസ്.സി, എസ്.റ്റി. വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പഠിതാക്കളാണെങ്കിൽ സ്റ്റൈഫെൻ്റ് ലഭിക്കും.നമ്മുടെ മാതൃദീപ്‌തികളും പിത്യവേദികളും പരമ്പരാഗത ലക്ഷ്യങ്ങളുടെ കൂട്ടത്തിൽ കാലഘട്ടത്തിനനുസൃതമായി മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ ആരാധനാലയങ്ങളോട് അനുബന്ധിച്ച് ചെറിയ ഒരു മുറിയിൽ സ്‌കിൽ സെൻ്റർ തുടങ്ങിയാൽ ഓൺലൈൻ മാർക്കറ്റിംഗ് കമ്പനികളുമായി ചേർന്ന് നമുക്ക് നമ്മുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാം. അതിൽ ഭക്ഷ്യ ഉൽ പ്പന്നങ്ങളാണെങ്കിൽ നിയമം അല്‌പം കഠിനമാണ്. ആമസോൺ, ഫ്ളിപ്കാർട്ട്, മിന്ത്ര വഴി ഒക്കെ ലളിതമായ മാർക്കറ്റിംഗ് ആരംഭിച്ച് വിജയിക്കാം. വളരെ എനർജറ്റിക്കായി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ടെൻഷനുകളിൽ നിന്നും വിടുതൽ ലഭിച്ച് കൂട്ടായ്‌മ രൂപീകൃതമാവുകയും അവയുടെ ആരോഗ്യപരമായ നടത്തിപ്പ് വഴി ആധ്യാത്മിക പുരോഗതിയും നമുക്ക് ഉറപ്പുവരുത്താം. സാമ്പത്തിക ഭദ്രതയും ഒപ്പം സാമൂഹിക വളർച്ചയും ഉണ്ടാവും.
2. RSETI (Rural Self Employment Training Institute
കേന്ദ്രസർക്കാരിൻ്റെ ഇത്തരത്തിലുള്ള അടുത്ത ഏജൻസിയാണ് RSETI. ഈ ഡിപ്പാർട്ട്മെന്റും ധാരാളം പ്രോഗ്രാമുകൾ സൗജന്യമായി സംഘടിപ്പിക്കുന്നുണ്ട്. കാർഷിക മേഖലയുമായി ബന്ധപ്പെട്ടതും മത്സ്യകൃഷി, പുഷ്‌പകൃഷി, ബേക്കറി ഉൽപ്പന്നങ്ങൾ, സോഫ്റ്റ് ടോയ്സ്, കരകൗശലവസ്‌തുക്കൾ, ഡി.ടി.പി, ടൂവീലർ റിപ്പയറിംഗ് തുടങ്ങി നൂറുകണക്കിന് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു. MSME യെ അപേക്ഷിച്ച് RSETI യുടെ പ്രോഗ്രാമുകൾ ഭക്ഷണം ഉൾപ്പെടെ പരിശീലന കാലത്ത് ലഭ്യമാക്കുന്നു എന്നുള്ളതാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും ലഭിക്കും. ഇവ വായ്‌പ എടുക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കൂടിയാണ്.
നാം അതിസമ്പന്നന്മാരുടെ പട്ടികയിൽ ഉൾപ്പെട്ടവർ എന്ന വ്യർത്ഥാഭിമാനം മാറ്റി വയ്ക്കുകയാണെങ്കിൽ കൂട്ടായ്‌മയിലുള്ള അഭ്യസ്‌തവിദ്യരായ ധാരാളം വീട്ടമ്മമാർ നിയമപരമായി അയൽക്കൂട്ടങ്ങൾ സർക്കാർ സ്കീമിൽ രജിസ്റ്റർ ചെയ്യുക കൂടി ചെയ്‌താൽ കോടിക്കണക്കിന് രൂപ സബ്‌സിഡി ലഭിക്കുന്ന നിരവധി കേന്ദ്രസർക്കാർ പദ്ധതികൾ ഉണ്ട്. ഇവ പൂർണമായും പ്രയോജനപ്പെടുത്തിയാൽ സമൂഹത്തിലെ ചില ആളുകൾ മാത്രം കയ്യടക്കിവച്ചിരിക്കുന്ന ഇത്തരത്തിലുള്ള പദ്ധതികളുടെ പ്രയോജനം നമുക്കും ഉപയോഗിക്കാം. 2600 വർഷങ്ങൾക്കുമുൻപ് ജീവിച്ചിരുന്ന ലാവോസ് എന്നു പറയുന്ന തത്വചിന്തകൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു “a journey of thousand miles begins with a single step” ഉറച്ച ഒരു കാൽവയ്പ്പ് നമുക്ക് നടത്താം. നമുക്കും ശാക്തീകരിക്കപ്പെട്ടവരായിത്തീരാം.
