ആഭ്യന്തര യുദ്ധംമുതൽ മതപീഡനങ്ങളും ദാരിദ്ര്യവുംരൂക്ഷമാണെങ്കിലും സിറിയയിൽ ക്രിസ്തീയവിശ്വാസം അതിവേഗം വളരുന്നു

 ആഭ്യന്തര യുദ്ധംമുതൽ മതപീഡനങ്ങളും ദാരിദ്ര്യവുംവരെയുള്ള പ്രശ്‌നങ്ങളാൽ കലുഷിതമാണെങ്കിലും സിറിയയിൽ ക്രിസ്തീയവിശ്വാസം അതിവേഗം വളരുന്നു. മുസ്ലീം മതത്തിൽനിന്ന് നൂറു കണക്കിനാളുകൾ ഓരോ വർഷവും കത്തോലിക്കാ സഭയിലേക്കും അകത്തോലിക്കാ സഭകളിലേക്കും മാമ്മോദീസ സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അത്തരത്തിലുള്ള നിരവധി മാനസാന്തര സാക്ഷ്യങ്ങൾ ദമാസ്‌ക്കസിലെ മെൽക്കൈറ്റ് സഭാംഗമായ ഫാ. റാഫാത്ത് അബൂ എൽ നാസറിനും പാസ്റ്റർ നിഹാദ് ഹസനും പങ്കുവെക്കാനുണ്ടെങ്കിലും ഈയിടെ പുറത്തുവന്ന മൂന്ന് പേരുടെ സാക്ഷ്യങ്ങൾ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച യഹിയ- മയാസ് ദമ്പതികളും ഔബദയുമാണ് ആ മൂന്നു പേർ.

‘യുദ്ധം, ഐസിസിന്റെ കടന്നുകയറ്റം എന്നിങ്ങനെയുള്ള സാഹചര്യങ്ങൾ ക്രിസ്തുവിശ്വാസത്തെ കുറിച്ച് കൂടുതൽ അറിയാൻ സഹായിച്ചിട്ടുണ്ട്. ക്രിസ്തീയ വിശ്വാസത്തെ കുറിച്ചുണ്ടായിരുന്നു തെറ്റിദ്ധാരണകളും അകന്നു. ഇസ്ലാമിക വിശ്വാസം വെടിഞ്ഞ് ക്രിസ്തുവിന്റെ രക്ഷകനായി സ്വീകരിക്കുകയായിരുന്നു അവർ,’ ഓൺലൈൻ മാധ്യമമായ ‘അലീഷ്യ’യോട് ഫാ. റാഫാത്ത് അബൂ വ്യക്തമാക്കി.

ഏതാണ്ട് ആറു മുതൽ 24 ആഴ്ചവരെയുള്ള പരിശീലനത്തിനുശേഷമായിരുന്നു അവരുടെ ജ്ഞാനസ്‌നാനം. അവരുടെ വിശ്വാസയാത്രയെ കുറിച്ചുള്ള വിവരങ്ങൾ സുരക്ഷാകാരണങ്ങളാൽ പൂർണമായും വെളിപ്പെടുത്താൻ കഴിയാത്തതിലുള്ള സങ്കടം അറിയിച്ച അദ്ദേഹം, പൊതുസമൂഹം എങ്ങനെ പ്രതികരിക്കുമെന്ന ഭയം മൂലം രഹസ്യമായി ക്രിസ്തീയ ജീവിതം നയിക്കുന്നർ ഏറെയുണ്ടെന്നും കൂട്ടിച്ചേർത്തു.

സിറിയയിലെ ഹോമ്‌സിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബാംഗമായിരുന്നു യഹിയ. 2014ൽ ഐസിസ് നടത്തിയ മിസൈൽ ആക്രമണത്തിൽ പിതാവ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഭാര്യ മയാസും മൂന്നു വയസുള്ള കുഞ്ഞുമായി യഹിയ ലബനോനിലേക്കും അവിടെനിന്ന് കുർദിസ്ഥാനിലേക്കും പലായനം ചെയ്തത്. അവിടെവെച്ചാണ് ക്രിസ്തുവിശ്വാസത്തെ കുറിച്ച് കൂടുതൽ അറിഞ്ഞതും ക്രിസ്തീയ വിശ്വാസം സ്വീകരിക്കണമെന്ന ചിന്ത പ്രബലപ്പെട്ടതും.

എന്നാൽ ഈ ആഗ്രഹത്തിന് ഉറപ്പ് ലഭിച്ചത് ലബനോനിലെ സെന്റ് ചാർബെൽ ആശ്രമം സന്ദർശിച്ചപ്പോഴാണെന്നും യഹിയ വെളിപ്പെടുത്തുന്നു: ‘വളരെക്കാലമായി ഞാൻ ആഗ്രഹിച്ചിരുന്നതും തേടിക്കൊണ്ടിരുന്നതുമായ ഒന്നിലേക്ക് ഞാൻ എത്തിച്ചേർന്ന അനുഭവം.ഞാൻ വീണ്ടും ജനിച്ചു, ജോൺ എന്ന നാമം സ്വീകരിച്ചു. എന്റെ ജീവിതത്തിന് ഒരു അർത്ഥം തേടുകയായിരുന്നു ഞാൻ. യേശുവിനെ അറിഞ്ഞപ്പോൾ, അവിടുന്നാണ് യഥാർത്ഥ ജീവൻ നൽകുന്നവനെന്ന് എനിക്ക് മനസിലായി.’ ഇദ്ദേഹത്തിനൊപ്പം ഭാര്യയും കുഞ്ഞും ക്രിസ്തുവിശ്വാസം സ്വീകരിച്ചു.

ദമാസ്‌കസിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലായിരുന്നു ഔബദയുടെയും ജനനം. ഏറെനാൾ സൗദി അറേബ്യയിൽ ജീവിച്ച ഇദ്ദേഹം അവിടെവെച്ച് ഖുറാനും ആഴത്തിൽ പഠിച്ചു. പക്ഷേ, എന്തെന്നില്ലാത്ത ഒരു മനസംഘർഷം അദ്ദേഹത്ത അലട്ടുന്നുണ്ടായിരുന്നു. ഒരിക്കൽ ഒരു കൗതുകത്തിനുവേണ്ടി എന്നവിധം ക്രിസ്തുവിന്റെ സുവിശേഷത്തിലൂടെ കടന്നുപോയി. ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു അത്.

‘ദൈവാലയം സന്ദർശിക്കുമ്പോൾ ഞാൻ വളരെ ശക്തനാണെന്ന് എനിക്ക് അനുഭവപ്പെടാൻ തുടങ്ങി. ഇസ്ലാം മതത്തിൽനിന്ന് ഞാൻ പതിയെ അകന്നു. അഞ്ചു വർഷംമുമ്പ് ഫാ. റാഫാത്തിനെ ഞാൻ കണ്ടുമുട്ടി. രണ്ടു വർഷം മുമ്പായിരുന്നു എന്റെ ജ്ഞാനസ്‌നാനം. ആ ദിവസം ഞാൻ മറ്റൊരു വ്യക്തിയായി മാറി. അത് വളരെ വലിയൊരു അനുഭവമായിരുന്നു. വളരെ മനോഹരവും അഗാധവുമായിരുന്നു അത്.’ മരിയഭക്തൻകൂടിയായി മാറിയ ഇദ്ദേഹത്തിന്റെ കൈവശം സദാസമയവും ജപമാലയുമുണ്ട്.