വൈകാരികമായ പക്വത നേടണം

മേരി ജേക്കബ്, പ്രിൻസിപ്പൽ സൈക്കോളജിസ്റ്റ്, ദ ബിൽഡിംഗ് ബ്ലോക്‌സ്‌ സ്‌കൂൾ, കഞ്ഞിക്കുഴി

ഒരു ലളിതമായ വിയോജിപ്പ് വലിയ ചൂടേറിയ താർക്കത്തിലേക്ക് നീങ്ങുന്ന സാഹചര്യങ്ങൾ കണ്ടിട്ടില്ലേ? ‘ഒന്ന് സമാധാനമായി സംസാരിച്ചാൽ തീരാവുന്നതല്ലേ ഇത്?” എന്ന് ചിന്തിച്ച് അത്ഭുതപ്പെട്ടിട്ടില്ലേ? ഇനി അല്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്‌ത്‌ പോകുന്ന വഴി ആകും, വളരെ നിസ്സാരമായ കാര്യങ്ങളുടെ പേരിൽ ശത്രുതയുടെ ഒരു ഹിമപാതം പൊട്ടി പുറപ്പെടുന്നതിന് നിങ്ങൾ സാക്ഷിയാകുന്നത്. ഈ സാഹചര്യങ്ങൾ നിങ്ങൾക്ക് അപരിചിതം അല്ലെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല. നമ്മൾ സാക്ഷ്യം വഹിക്കുന്നത് വൈകാരിക അപക്വത എന്ന അതിവേഗം വർദ്ധിച്ചുവരുന്ന പ്രതിസന്ധിയാണ്, നമുക്ക് ചുറ്റുമുള്ള സാമൂഹികഘടനയെ നിശബ്ദമായി എന്നാൽ അപകടകരമായരീതിയിൽ പുനർനിർമ്മിക്കുകയാണ് ഇന്നത്.

നമ്മുടെ സമൂഹത്തിൻ്റെ രൂപഘടനയെ മാറ്റുന്ന വൈകാരികമായ അടിയൊഴുക്കുൾ എന്നെ അസ്വസ്ഥയാക്കാറുണ്ട്. ബുദ്ധിയുടെ കുറവോ, അവസരങ്ങളുടെ ഇല്ലായ്മ‌യോ അല്ല, മറിച്ച് ജീവിതത്തിൽ തിരിച്ചടികളും വിയോജിപ്പുകളും സംഘർഷങ്ങളും ഇണ്ടാകുമ്പോൾ ശത്രുതയിലേക്കോ നിരാശയിലേക്കോ തിരിയാതെയിരിക്കാൻ നമ്മെ സഹായിക്കുന്ന വൈകാരിക പ്രതിരോധശേഷിയുടെ അഭാവമാണ് അതിന് പലപ്പോഴും കാരണം എന്നതാണ് എന്നെ ഏറെ അലട്ടുന്നത്. വൈകാരികമായ അപക്വത പലപ്പോഴും വ്യക്തികളെയും ചിലപ്പോഴെങ്കിലും ഒരു സമൂഹത്തെ മൊത്തമായും അപകടകരമായി ബാധിച്ചിരിക്കുന്നു എന്ന് സമീപകാല സംഭവങ്ങൾ എടുത്തു നോക്കിയാൽ തന്നെ മനസ്സിലാകും. നമ്മൾ ദിവസേന പലതിനോടും എങ്ങനെ പ്രതികരിക്കുന്നു, നമ്മുടെ കുട്ടികളെ നമ്മൾ എങ്ങനെ വളർത്തുന്നു, ദുർബലരായവരെ നമ്മൾ എങ്ങനെ നോക്കിക്കാണുന്നു തുടങ്ങി പലതിനും ഈ സാമൂഹിക പ്രതിസന്ധി രൂപപെടുന്നതിൽ വലിയപങ്കുണ്ട്. പ്രായം ഏറുന്തോറും പക്വതയും വർധിക്കുമെന്നാണ് പൊതുവായുള്ള ധാരണ. എന്നാൽ വൈകാരികമായ പക്വതയിലെത്തുവാൻ പ്രായം കൊണ്ട് മാത്രം പറ്റില്ല, ബോധപൂർവ്വമായ പരിശ്രമങ്ങൾ കൂടി അതിനാവശ്യമാണ്. വൈകാരിക പക്വതയിലെത്തുവാൻ നാം ചുവടുകൾ വെച്ചിട്ടില്ലായെങ്കിൽ ഒരു സുപ്രഭാതത്തിൽ അത് നമ്മളിൽ വന്നു ചേർന്നുകൊള്ളും എന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണ്. വികാരങ്ങളെ നിയന്ത്രിക്കുവാനും, സഹാനുഭൂതിയോടെ പെരുമാറുവാനും, സംഘർഷങ്ങൾ വലുതാക്കാതെ കൈകാര്യം ചെയ്യാനും ഒക്കെഉള്ള കഴിവുകൾ ബോധപൂർവമായ പരിശ്രമത്തിലൂടെ നാം നേടിയെടുക്കാത്ത പക്ഷം, നിസ്സാര കാര്യങ്ങളിൽ പോലും വൈകാരികമായ പ്രതികരിക്കുക, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടിയൊളിക്കുക, മറ്റുള്ളവരെ തൃപ്‌തിപ്പെടുത്താനായി ജീവിക്കുക തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകളിൽ നാം വീണു പോയേക്കാം.ഇന്നത്തെ യുവാക്കൾ പലരും യാഥാർത്ഥ്യങ്ങളെ നേരിടാൻ തങ്ങൾ വേണ്ടത്ര സജ്ജരല്ലെന്ന തോന്നൽ ഉള്ളവരാണ്, വൈകാരിക പ്രതിരോധശേഷി വേണ്ടതുപോലെ വികസിക്കാത്തവരാണെങ്കിൽ ചെറിയ കാര്യങ്ങൾ പോലും അവർക്ക് താങ്ങുവാനാവില്ല. ഫലമോ ലഹരിവസ്തുക്കളുടെ ഉപയോഗം ആ യാഥാർത്ഥ്യങ്ങളെ ഒഴിവാക്കാനുള്ള മാർഗമായി മാറുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് അതിവേഗം പടരുന്ന ഈ ദുരവസ്ഥ ആ വ്യക്തിയെ മാത്രമല്ല, ആ കുടുംബത്തെയും ആ സമൂഹത്തെ പോലും തകർത്ത് കളയുന്നു. സമൂഹത്തിൻറെ എല്ലാ തലങ്ങളിലും വൈകാരിക സാക്ഷരതയുടെയും മാനസികാരോഗ്യ പിന്തുണയുടെയും ആവശ്യം അടിയന്തിരമായി നാം തിരിച്ചറിയേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു.അക്കാദമിക് അല്ലെങ്കിൽ പ്രൊഫഷണൽ വിജയം പോലെ തന്നെ വൈകാരിക ബുദ്ധിയും വിജയവും അത്യന്താപേക്ഷിതമാണെന്ന് അംഗീകരിക്കുകയാണ് മുന്നോട്ട് പോകുവാൻ നമുക്കെടുക്കാവുന്ന ആദ്യത്തെ ചുവട്. മൂല്യനിർണ്ണയത്തിലും അച്ചടക്കത്തിലും മാത്രമല്ല സ്കൂളുകൾ ശ്രദ്ധിക്കേണ്ടത്, ഓരോ വിദ്യാർത്ഥിയും കാണപ്പെടുന്ന, അവരെ കേൾക്കുന്ന, അവർക്ക് പിന്തുണയേകുന്ന ഇടങ്ങൾ ആവണം വിദ്യാലയങ്ങൾ. വൈകാരിക സാക്ഷരത പാഠ്യപദ്ധതിയിൽ സമന്വയിപ്പിക്കേണ്ടതുണ്ട്, പിയർ സപ്പോർട്ട് നെറ്റ്‌വർക്കുകൾ വളർത്തി കൊണ്ടുവരേണ്ടതുണ്ട്, സർവ്വോപരി വൈകാരിക ക്ലേശങ്ങൾ നേരത്തെ തിരിച്ചറിയാനും പരിഹരിക്കാനും അധ്യാപകരെയും മാതാപിതാക്കളെയും പരിശീലിപ്പിക്കേണ്ടതുണ്ട്.ചെറിയ കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർവരെ ഇതിൽ വീണുപോകുന്നവരാണ്. ശിക്ഷാനടപടികൾ കൊണ്ട് മാത്രം മെച്ചപ്പെടുന്നന്ന ഒരു അവസ്ഥയല്ല ഇതെന്നത് വ്യക്തമാണ്, സമൂഹത്തിലെനാനാഭാഗത്ത് നിന്നും ഒരേപോലെ പ്രയത്നങ്ങൾ ഉണ്ടായാൽ മാത്രമേ ഇതിന്റെ വർദ്ധനവിനെ ചെറുക്കാനാവൂ.

അങ്ങനെ ചെയ്യുവാൻ നമുക്കാവട്ടെ!