കമ്പംമെട്ട് വെടിവെയ്പ്പ്; ചക്രപാണി സന്തോഷ് പിടിയില്‍

യുവാവിനെ വെടിവച്ച ശേഷം തമിഴ്‌നാട് വനമേഖലയിലേക്ക് കടന്നയാളെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ കമ്പംമെട്ട് സ്വദേശി ചക്രപാണി സന്തോഷിനെയാണ് ഏഴ് മാസങ്ങള്‍ക്ക് ശേഷം കമ്പംമെട്ട് സി.ഐ ജി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജനുവരി 22 രാത്രിയിലാണ്തണ്ണിപ്പാറ സ്വദേശി ഉല്ലാസിനെ സന്തോഷ് വെടിവച്ചത്. ചൊവ്വാഴ്ച ഉല്ലാസിനെ വീണ്ടും അപായപ്പെടുത്താന്‍ കത്തിയുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സന്തോഷിനെ പിടികൂടിയത്. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചാണ് സന്തോഷ് ഉല്ലാസിനെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. തോക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. സന്തോഷ് വനത്തിലേക്കു കടന്ന ശേഷം തമിഴ്നാട് വനത്തിലെ മലമുകളില്‍ നിന്നും മുന്നു തവണ വെടിയൊച്ച കേട്ടിരുന്നു.

തുടര്‍ന്ന് കമ്പംമെട്ട് സിഐ ജി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനല്‍കി. തമിഴ്‌നാട് വനമേഖലയില്‍ ഗുണ്ടാസംഘങ്ങളോട് ഒപ്പമാണ് കഴിഞ്ഞ ഏഴ് മാസമായി സന്തോഷ് ഒളിവില്‍ കഴിഞ്ഞത്. ജനുവരിയില്‍ മുറ്റത്ത് നില്‍ക്കുകയായിരുന്ന ഉല്ലാസിനെ റോഡില്‍ പതുങ്ങിനിന്ന് സന്തോഷ് വെടിവയ്ക്കുകയായിരുന്നു. വലതുകാലിലൂടെ തുളച്ചു കയറിയ പെല്ലറ്റ് ഇടതുകാലില്‍ തറച്ചു കയറി. ഇരുകാലുകളുടെയും എല്ലുകള്‍ തകര്‍ന്നു. ഉല്ലാസിന്റെ പുരയിടത്തില്‍ ജോലി ചെയ്തുവരികയായിരുന്നു സന്തോഷ്.

Leave a Reply