തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമം: പെമ്ബിളൈ ഒരുമ നേതാവ് അറസ്റ്റിൽ

ഇടുക്കി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാന്‍ എത്തിയ പെമ്ബിളൈ ഒരുമ നേതാവ് ഗോമതിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിണറായി വിജയന്‍ പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ച്‌ മടങ്ങവെയാണ് ​ഗോമതി മൂന്നാര്‍ ടൗണില്‍ മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ചത്. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗോമതിയുടെ പ്രതിഷേധം. മൂന്നാര്‍ ടൗണ്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്നു ഗോമതി.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തടയാനായി വാഹനങ്ങളുടെ മുന്നിലേക്ക് ചാടിയതോടെ വനിതാ പൊലീസടക്കം എത്തി ഗോമതിയെ അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.

അതേസമയം ദുരന്തബാധിതര്‍ക്ക് വീടുവച്ച്‌ നല്‍കുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ഇതിന് കമ്ബിനികളുടെ സഹായം തേടും. ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍‌ സ്വകീരിക്കും. ദുരന്തത്തില്‍ പെട്ടവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടം നടന്ന വിവരം പുറത്തറിഞ്ഞതിന് ശേഷം എല്ലാവരും നല്ല ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനെത്തി ഇപ്പോഴും ജോലി തുടര്‍ന്നുകൊണ്ടിരിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അപകടത്തില്‍ പെട്ട കുടുംബങ്ങളില്‍ ചുരുക്കം ചിലര്‍ മാത്രമേ അതില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ളു. ചുരുക്കം ചിലര്‍ മാത്രമേ അതിനെ അതിജീവിച്ചിട്ടുള്ളു. ഭൂമി മുഴുവനും ഒലിച്ചുപോയ സ്ഥിതിയാണുള്ളത്. അവിടെത്തന്നെ വീട് നിര്‍മ്മിക്കുന്നത് സാധ്യമായ കാര്യമല്ല. പുതിയ സ്ഥലവും പുതിയ വീടും ഇവര്‍ക്കുവേണ്ടി കണ്ടെത്തേണ്ടതായുണ്ട്. മുമ്ബ് സമാന സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പെട്ടിമുടി ദുരന്തത്തിലും ആവര്‍ത്തിക്കും. എല്ലാ കുടുംബങ്ങള്‍ക്കും അവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വീട് നിര്‍മ്മിച്ചുനല്‍കും. ഇതില്‍ സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിന് സാധിക്കും. കണ്ണന്‍ദേവന്‍ കമ്ബനിതന്നെ ഇക്കാര്യത്തില്‍ സഹായവുമായി മുന്നോട്ടുവരുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് കമ്ബനിയുമായി വിഷയങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ക്ക് പുതിയ സ്ഥലവും വീടും വേണം. അതില്‍ കമ്ബനിക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യണമെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. എന്നിരുന്നാലും ഇവര്‍ക്ക് പുതിയ വീട് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ദുരന്തത്തിനിരയായവരുടെ മക്കള്‍ക്ക് തുടര്‍ പഠനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കും. രക്ഷപ്പെട്ടവരില്‍ ചിലര്‍ ആശുപത്രിയിലുണ്ട്. ഇവരുടെ ചികിത്സാ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്. ഇവരില്‍ ആര്‍ക്കെങ്കിലും പ്രത്യേക സഹായം ആവശ്യമാണെന്നു കണ്ടാല്‍ അതിന് പ്രത്യേക പരിഗണന നല്‍കി നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply