വിഴിഞ്ഞം പദ്ധതി നീണ്ടുപോയതില്‍ അദാനി ഗ്രൂപ്പിനും പങ്കുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രിയുടെ വിമര്‍ശനം.
സമരം കാരണമുള്ള നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കണമെന്ന വിഴിഞ്ഞം സീ പോര്‍ട്ട് ലിമിറ്റഡിന്റെ ശുപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കില്ല. വിസിലിന്‍റെ ശുപാര്‍ശയില്‍ കടുത്ത അമര്‍ഷത്തിലാണ് രൂപത പ്രകടിപ്പിച്ചത്. പ്രശ്നപരിഹാരത്തിന് വ്യാഴാഴ്ച അദാനി ഗ്രൂപ്പുമായി സര്‍ക്കര്‍ ചര്‍ച്ച നടത്തുമെങ്കിലും സമരം തീര്‍ക്കാനാകാത്തത് പ്രതിസന്ധി കൂട്ടുന്നു.സ്വപ്നപദ്ധതിയില്‍ കടുത്ത അനിശ്ചിതത്വമാണ്. പദ്ധതിക്കെതിരായ ലത്തീന്‍ അതിരൂപതയുടെ സമരം 54 ആം ദിവസത്തിലേക്ക് കടന്നു. പണി നിലച്ചത് കാരണം 100 കോടി നഷ്ടപരിഹാരം സര്‍ക്കാറിനോട് ചോദിക്കുന്ന അദാനി അടുത്ത വര്‍ഷം കപ്പലടുക്കില്ലെന്നും അറിയിച്ചുകഴിഞ്ഞു. സമരം വഴിയുള്ള പ്രതിസന്ധിയില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന അദാനിയെ കരാര്‍ പ്രകാരം 2019ല്‍ പണിതീരേണ്ടതായിരുന്നുവെന്ന കാര്യം തുറമുഖമന്ത്രി ഓര്‍മ്മിപ്പിക്കുന്നു.നേരത്തെ പലകാരണങ്ങള്‍ കൊണ്ട് അദാനി പണി നീട്ടിക്കൊണ്ടുപോയത് ഉന്നയിച്ചാണ് സര്‍ക്കാരിന്‍റെ തിരിച്ചടി. നേരത്തെ തന്നെ കരാര്‍ ലംഘനം കാണിച്ച് അദാനിയും സര്‍ക്കാറും നല്‍കിയ പരാതികള്‍ ആര്‍ബിട്രേഷന്‍റെ പരിഗണനയിലാണ്. ഇതിനിടെയാണ് സര്‍ക്കാരിന് കീഴിലുള്ള വീഴിഞ്ഞം സീ പോര്‍ട്ട് ലിമിറ്റഡ് നഷ്ടപരിഹാരം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയത്.സമരങ്ങളിലുണ്ടാകുന്ന നഷ്ടം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം വിഴിഞ്ഞം സമരത്തിലും ബാധകമെന്നാണ് വിസില്‍ നിലപാട്.


 
							