യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിയായ യുവേഫ ഫുട്ബോള്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഫുട്ബോള്‍ താരത്തിനുള്ള യുവേഫ പുരസ്കാരം ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ടോ ലെവന്‍ഡോസ്കിക്ക്. കഴിഞ്ഞ സീസണില്‍ 47 മത്സരങ്ങളില്‍ നിന്ന് 55 ഗോളുകളാണ് ലെവന്‍ഡോസ്കി നേടിയത്. ബയേണ്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നൂയര്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡിബ്ര്യുയിന്‍ എന്നിവരെ മറികടന്നാണ് മികച്ച യുവേഫ താരമായി ലെവന്‍ഡോസ്‌കി മാറിയത്.
കഴിഞ്ഞ സീസണില്‍ ബുണ്ടസ്ലിഗയില്‍ 34 ഗോളുകളുമായി ലെവന്‍ഡോസ്‌കി തന്നെയായിരുന്നു ടോപ് സ്‌കോറര്‍. 2014 ല്‍ ബോറുസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ബയേണിലെത്തിയ ശേഷം ജര്‍മ്മന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിനുള്ള പുരസ്‌കാരം അഞ്ചാം തവണയാണ് അദ്ദേഹം നേടിയത്.
നാല് പുരസ്കാരങ്ങളാണ് ബയേണ്‍ സ്വന്തമാക്കിയത്. ബയേണിന്റെ മാനുലവല്‍ ന്യൂയറാണ് മികച്ച ഗോള്‍ കീപ്പര്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിന്‍ മികച്ച മധ്യനിര താരത്തിനും ബയേണിന്റെ ജോഷോ കിമ്മിച്ച് മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരത്തിനും അര്‍ഹനായി. മികച്ച പരിശീലകനായി ബയേണ്‍ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിനെ തെരഞ്ഞെടുത്തു.
വോട്ടെടുപ്പിലൂടെയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. മികച്ച താരത്തിനുള്ള ആദ്യ പത്തില്‍ മെസ്സി നാലാം സ്ഥാനത്തും നെയ്മര്‍ അഞ്ചാം സ്ഥാനത്തുമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 10ാം സ്ഥാനത്താണ്.
