പെഗാസസ് വിവാദം; പത്താം ദിവസവും പാർലമെന്റ് തടസ്സപെട്ടു

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായ പത്താം ദിനവും പാര്‍ലമെന്‍റ് തടസ്സപ്പെട്ടു. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നടുത്തളത്തിലേക്ക് നീങ്ങി. പതിനാല് പാര്‍ട്ടികള്‍ സംയുക്തമായി മുദ്രാവാക്യം മുഴക്കി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതിപക്ഷ നേതാക്കളുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയിരുന്നു. അമിത് ഷാ വിശദീകരണം നല്‍കണം എന്ന ആവശ്യം സ്വീകാര്യമല്ലെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചു. കൊവിഡ് സാഹചര്യം ആദ്യം ചര്‍ച്ച ചെയ്യാം എന്ന നിര്‍ദ്ദേശം പ്രതിപക്ഷം തള്ളി. പുറത്ത് മോക്ക് പാര്‍ലമെന്‍റ് നടത്തി ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

ബഹളത്തിനിടയിലും ലോക്സഭയിലും രാജ്യസഭയിലും ചോദ്യോത്തരവേള അരമണിക്കൂറിലധികം കൊണ്ടു പോയി. കഴിഞ്ഞ ആഴ്ച ഐടി മന്ത്രി പ്രസ്താവന നടത്തുമ്ബോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ശാന്തനു സെന്‍ പേപ്പര്‍ വലിച്ചുകീറി മുകളിലേക്ക് എറിഞ്ഞിരുന്നു. ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള ശാന്തനു സെന്നിനെ അന്നത്തെ ബഹളത്തിനിടെ മന്ത്രി ഹര്‍ദീപ് പുരി ഭീഷണിപ്പെടുത്തിയെന്ന് തൃണമൂല്‍ പരാതി നല്‍കി. പത്ത് പ്രതിപക്ഷ നേതാക്കള്‍ ഇക്കാര്യത്തില്‍ സാക്ഷി പറയുമെന്നും തൃണമൂല്‍ രാജ്യസഭ അദ്ധ്യക്ഷനെ അറിയിച്ചു. മോക്ക് പാര്‍ലമെന്‍റ് നടത്തി വിഷയം ചര്‍ച്ച ചെയ്യുന്ന കാര്യം ആലോചിക്കാന്‍ നാളെ പ്രതിപക്ഷ യോഗം ചേരും.