രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം. ഇന്നലെ 1,069 പേര്‍ കൂടി മരിച്ചതോടെയാണ് ആകെ മരണം ഒരു ലക്ഷം (1,00,842) പിന്നിട്ടത്. 79,476 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതര്‍ 64.73 ലക്ഷമായി. ഇതില്‍ 54.27 ലക്ഷം പേരും രോഗമുക്തി നേടി. നിലവില്‍ 9.44 ലക്ഷം ആളുകളാണ് ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഇന്നലെ 11.32 ലക്ഷം പേരുടെ സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതുവരെ 7.78 കോടി ടെസ്റ്റുകള്‍ നടത്തിയതായും ഐസിഎംആര്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 424 മരണങ്ങളും 15,591 പുതിയ കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ പ്രതിദിന രോഗബാധയില്‍ കേരളം കര്‍ണാടകത്തെ പിന്നിട്ട് രണ്ടാം സ്ഥാനത്ത് എത്തി. കര്‍ണാടകയില്‍ ഇന്നലെ 8,793 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ 5,595 പേര്‍ക്കും ആന്ധ്രയില്‍ 6,555 പേര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയില്‍ 2,920 പേര്‍ക്കാണ് ഇന്നലെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്ത് പ്രതിദിന രോഗബാധയിലും മരണനിരക്കിലും ഇന്ത്യ തന്നെയാണ് ഇന്നലെയും മുന്നില്‍. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളില്‍ മാത്രമാണ് ഒരു ലക്ഷത്തിലേറെ ജനങ്ങള്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഇതുവരെ 75.49 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 47.76 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 25.58 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 2.13 ലക്ഷം പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് അമേരിക്കയില്‍ ജീവന്‍ നഷ്ടമായത്. ബ്രസീലില്‍ ഇതുവരെ 48.82 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 42.32 ലക്ഷം പേരും രോഗമുക്തി നേടി. 5.04 ലക്ഷം ജനങ്ങളാണ് ചികിത്സയിലുളളത്. 1.45 ലക്ഷം പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു.
ലോകത്ത് ഇതുവരെ 3.48 കോടി ജനങ്ങളാണ് കൊവിഡ് ബാധിതരായത്. ഇതില്‍ 2.58 കോടി ആളുകളും രോഗമുക്തരായി. 10.33 ലക്ഷം ജനങ്ങള്‍ വിവിധ രാജ്യങ്ങളിലായി കൊവിഡിനെ തുടര്‍ന്ന് മരിച്ചെന്നാണ് വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍.

