“സ്വാതന്ത്ര്യത്തിന്‍റെ ആ സ്വര്‍ഗ്ഗത്തിലേക്ക്”

മാര്‍ ജോസ് പുളിക്കല്‍

ഭാരതത്തിന് രാഷ്ട്രീയസ്വാതന്ത്ര്യം മാത്രമല്ല മഹാത്മാഗാന്ധി ആഗ്രഹിച്ചത്. ഓരോ പൗരനും ആത്മീയ – സാമൂഹിക – സാമ്പത്തിക – മത മേഖലകളിലെല്ലാം സ്വതന്ത്രനാകുമ്പോള്‍ മാത്രം കൈവരുന്ന സമ്പൂര്‍ണ്ണ സ്വരാജ് ആണ് രാഷ്ട്രപിതാവ് വിഭാവനം ചെയ്തത്. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥതലങ്ങളും സ്വഭാവസവിശേഷതകളും വര്‍ണ്ണിച്ചുകൊണ്ട് “എവിടെയാണോ എല്ലാ കര്‍മ്മങ്ങളെയും വിചാരങ്ങളെയും ആനന്ദത്തെയും അങ്ങ് എന്നെന്നും നേര്‍വഴിക്ക് നയിച്ചുകൊണ്ടിരിക്കുന്നത്, സ്വാതന്ത്ര്യത്തിന്‍റെ ആ സ്വര്‍ഗ്ഗത്തിലേക്ക് അല്ലയോ പിതാവേ, ഭാരതീയരെ അങ്ങ് സ്വന്തം കൈകൊണ്ട് കരുപ്പിടിപ്പിച്ച് ഉന്മുഖരാക്കിത്തീര്‍ക്കണമേ”യെന്ന് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ പ്രാര്‍ത്ഥിക്കുന്നു.
ക്രൈസ്തവദര്‍ശനത്തില്‍ സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയില്‍ ദൈവതിരുമനസ്സ് നിറവേറുന്ന അവസ്ഥയാണ് യഥാര്‍ത്ഥ വിമോചനം. സുവിശേഷങ്ങള്‍ അതിനെ ദൈവരാജ്യമെന്നും സ്വര്‍ഗ്ഗരാജ്യമെന്നും വിളിക്കുന്നു. “അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ” എന്നത് എല്ലാ കാലത്തും എല്ലാ ദേശത്തുമുള്ള ക്രൈസ്തവരുടെ സ്ഥായിയായ പ്രാര്‍ത്ഥനയാണ്. “അങ്ങയുടെ കല്പനകള്‍ തേടുന്നതുകൊണ്ട് ഞാന്‍ സ്വതന്ത്രമായി വ്യാപരിക്കു”മെന്ന് സങ്കീര്‍ത്തകന്‍ (119/45) പാടുന്നു. സ്രഷ്ടാവിനോടുള്ള വിധേയത്വം സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമ്പോള്‍, അനുസരണക്കേട് അടിമത്തത്തിലേക്ക് കൊണ്ടുപോകും. “നിങ്ങള്‍ അനുസരണമുള്ള ദാസരെപ്പോലെ ആര്‍ക്കെങ്കിലും സമര്‍പ്പിക്കുമ്പോള്‍, നിങ്ങള്‍ അവന്‍റെ അടിമകളാണെന്ന് അറിയുന്നില്ലേ? ഒന്നുകില്‍ മരണത്തിലേക്ക് നയിക്കുന്ന പാപത്തിന്‍റെ അടിമകള്‍. അല്ലെങ്കില്‍ ജീവനിലേക്ക് നയിക്കുന്ന അനുസരണത്തിന്‍റെ അടിമകള്‍” (റോമ 6/16).
വിശുദ്ധിയിലേക്കും മഹത്ത്വത്തിലേക്കും നയിക്കുന്ന അനുസരണത്തിന്‍റെ അടിമയായവളാണ് പരിശുദ്ധ കന്യകാമറിയം. “ഇതാ ഞാന്‍, കര്‍ത്താവിന്‍റെ ദാസി; നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ” (ലൂക്കാ 1/38) എന്നു പറഞ്ഞുകൊണ്ട് ദൈവഹിതത്തിന് സ്വയം സമര്‍പ്പിച്ച മറിയം ഭാഗ്യവതിയെന്ന് വിളിക്കപ്പെടുന്നു. “ദൈവവചനം കേട്ട് അത് പാലിക്കുന്ന എല്ലാവരും കൂടുതല്‍ ഭാഗ്യമുള്ളവരാകും” (ലൂക്കാ 11/28) എന്നതാണ് മിശിഹാ നല്കുന്ന ഉറപ്പ്. ഈ ഭാഗ്യം പ്രപഞ്ചത്തിന്‍റെ അതിര്‍ത്തികള്‍ക്കപ്പുറത്ത് അനന്തതയിലേയ്ക്കും കാലപരിമിതികള്‍ക്കപ്പുറം നിത്യതയിലേയ്ക്കും നീളുന്നതാണ് സ്വര്‍ഗ്ഗഭാഗ്യം.
സ്വര്‍ഗ്ഗാരോപണത്തിരുനാളിന്‍റെയും സ്വതന്ത്രഭാരതം 75 ആണ്ടുകള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെയും നല്ല ആശംസകളും മംഗളങ്ങളും ഏവര്‍ക്കും നേരുന്നു.