പരിസ്ഥിതി ലോല ബഫര്‍ സോണ്‍ വനാതിർത്തി കടക്കാൻ അനുവദിക്കില്ല :വി സി സെബാസ്റ്റ്യൻ

കേരളത്തിലെ വന്യജീവി സങ്കേതത്തിനു ചുറ്റിലുമായി ഒരു കിലോമീറ്റര്‍ വായൂദൂരത്തില്‍ കര്‍ഷകഭൂമി കൈയേറി പരിസ്ഥിതി ബഫര്‍ സോണ്‍ പ്രഖ്യാപിക്കുവാനുള്ള നീക്കവും കരടുവിജ്ഞാപനങ്ങളും സംഘടിതവും നിയമപരവുമായി നേരിടുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
ജണ്ടയിട്ടു തിരിച്ചിരിക്കുന്ന വനാതിര്‍ത്തിക്കുള്ളിലായി ബഫര്‍സോണ്‍ നിജപ്പെടുത്തണം. നിയമപരമായി കാലങ്ങളായി കരമടച്ച് കൈവശംവച്ച് അനുഭവിക്കുന്നതും തലമുറകളായി കൃഷിചെയ്യുന്നതുമായ ഭൂമി പരിസ്ഥിതിലോല ബഫര്‍ സോണായി  മാറ്റുന്നതിന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടുനില്‍ക്കുന്നത് എതിര്‍ക്കപ്പെടും.

2019ല്‍ വിവിധ സമയങ്ങളില്‍ ബഫര്‍ സോണ്‍ സംബന്ധിച്ച് നടന്ന ആലോചനായോഗങ്ങളെ ജനപ്രതിനിധികള്‍ നിസാരവല്‍ക്കരിച്ചതും ഉദ്യോഗസ്ഥ താത്പര്യത്തിനനുസരിച്ച് ജനനേതാക്കള്‍ നിലപാടെടുത്തതുമാണ് ഇന്ന് കര്‍ഷകരെ വെട്ടിലാക്കിയിരിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വനഭൂനിയമക്കുരുക്കുകള്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ച് മാറിമാറി സംസ്ഥാനം ഭരിച്ചവരും ഭരിക്കുന്നവരും കര്‍ഷകനെ നിരന്തരം വേട്ടയാടുന്നത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും കേരളത്തിലെ കര്‍ഷകപ്രസ്ഥാനങ്ങളുടെ സംഘടിച്ചുള്ള പോരാട്ടം ഇന്ന് അനിവാര്യമാണെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Leave a Reply