സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന്. ‘വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വലൗകികമാക്കുന്ന തീക്ഷ്ണ സൗന്ദര്യമാര്‍ന്ന, സ്പഷ്ടമായ കാവ്യാത്മക ശബ്ദത്തിന്’ ആണ് പുരസ്കാരമെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. ഏഴരക്കോടി രൂപയാണ് സമ്മാനത്തുക.
എഴുപത്തേഴാം വയസിലാണ് ഗ്ലക്കിന്റെ പുരസ്കാരലബ്ദി. 1993ല്‍ പുലിസ്റ്റര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2014ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡിനും അര്‍ഹയായിട്ടുണ്ട്. 12 കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.
1943 ല്‍ ന്യൂയോര്‍ക്കിലാണ് ഗ്ലൂക്കിന്റെ ജനനം. മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജില്‍ താമസിക്കുന്ന അവര്‍ കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിലെ യേല്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് പ്രൊഫസറാണ്.

