ചികിത്സയ്ക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപുരം : ചികിത്സയ്‌ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 23 നാണ് അദ്ദേഹം മയോക്ലിനിക്കിലെ ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോകുക. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഈ വര്‍ഷം ജനുവരിയില്‍ അദ്ദേഹം മയോക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. ഇതിന്റെ തുടര്‍ ചികിത്സയ്‌ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. ചികിത്സയ്‌ക്ക് ശേഷം മെയ് പകുതിയോടെ മാത്രമേ മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തൂവെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ആര്‍ക്കാണ് ചുമതല കൈമാറുക, ആരെല്ലാം അദ്ദേഹത്തെ അനുഗമിക്കും തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിക്കും. കഴിഞ്ഞ തവണ ചികിത്സയ്‌ക്ക് പോയപ്പോള്‍ ആര്‍ക്കും ചുമതല കൈമാറിയിരുന്നില്ല.മന്ത്രിസഭായോഗത്തില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു.

ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ജനുവരിയില്‍ മുഖ്യമന്ത്രി ചികിത്സ തേടിയതിന്റെ ചിലവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. 29.82 ലക്ഷം രൂപയായിരുന്നു ചിലവുവന്നത്.