തിരുവനന്തപുരം: സംസ്‌ഥാനത്തെ 16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്‌ഥാന വില നിര്‍ണയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നവംബര്‍ ഒന്നിന് പദ്ധതി നിലവില്‍ വരും. മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്ബളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നീ 16 ഇനങ്ങള്‍ക്കാണ് അടിസ്‌ഥാന വില ഉറപ്പാക്കുന്നത്. ഉല്‍പ്പാദനച്ചെലവും ഉല്‍പാദനക്ഷമതയും കണക്കിലെടുത്താണ് അടിസ്‌ഥാന വില തീരുമാനിക്കുക. വിപണിവില ഇതിലും കുറയുമ്ബോള്‍ അടിസ്‌ഥാന വില കര്‍ഷകന് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിലൂടെ കര്‍ഷകര്‍ക്ക് വിലസ്‌ഥിരതയും നല്ല വരുമാനവും ഉറപ്പാക്കാന്‍ കഴിയുമെന്നും കൃഷി മന്ത്രി വി.എസ്.
സുനില്‍കുമാര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുമായും സഹകരണ വകുപ്പുമായും ചേര്‍ന്നാണ് കൃഷി വകുപ്പ് ഈ പദ്ധതി നടപ്പാക്കുക. പട്ടികപ്പെടുത്തിയിട്ടുള്ള വിളകള്‍ കര്‍ഷകരില്‍നിന്ന് വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്, മൊത്തവ്യാപാര വിപണികള്‍ എന്നിവ വഴി സംഭരിക്കും.
ഒരു പഞ്ചായത്തില്‍ ഒരു വിപണിയെങ്കിലും തുറക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ 250 വിപണികളില്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വിളകള്‍ സംഭരിക്കും. ഒരു കര്‍ഷകന് ഒരു സീസണില്‍ 15 ഏക്കര്‍ സ്‌ഥലത്തിനു മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകൂ.
വിപണി വില അടിസ്‌ഥാന വിലയിലും താഴെ പോകുകയാണെങ്കില്‍ പ്രാഥമിക സംഘങ്ങള്‍ക്ക് ഗ്യാപ് ഫണ്ട് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ വഴി ലഭ്യമാക്കും. ഇതു സംബന്ധിച്ച കാര്യങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിന്റെ അധ്യക്ഷന്‍ ചെയര്‍മാനായും പ്രാഥമിക കാര്‍ഷിക സഹകരണ സംഘം പ്രസിഡന്റ് വൈസ് ചെയര്‍മാനായും ഒരു കമ്മിറ്റി രൂപീകരിക്കും. കൃഷി വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത് എ.ഐ.എം.എസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനെ ആധാരമാക്കിയായിരിക്കും.
വിപണിവില ഓരോ ഉല്‍പന്നത്തിനും നിശ്‌ചയിച്ച അടിസ്‌ഥാനവിലയേക്കാള്‍ താഴെ പോകുമ്ബോള്‍ സംഭരണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ വിലയുടെ വ്യത്യാസം കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൃഷി വകുപ്പ് നല്‍കും. സംഭരിച്ച വിളകള്‍ ജീവനി-കേരളാ ഫാം ഫ്രഷ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് എന്ന ബ്രാന്‍ഡില്‍ വില്‍ക്കാനാണ് തീരുമാനം. പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനും കാലാകാലങ്ങളില്‍ അടിസ്‌ഥാന വില പുതുക്കി നിശ്‌ചയിക്കുന്നിതിനും പുതിയ വിള ഉള്‍പ്പെടുത്തുന്നതിനും അഡീഷണല്‍ ചീഫ് സെക്രട്ടറി (ഏകോപനം) ചെയര്‍മാനും കാര്‍ഷികോല്‍പാദന കമ്മിഷണര്‍ വൈസ് ചെയര്‍മാനുമായി സംസ്‌ഥാനതല കമ്മിറ്റി രൂപീകരിക്കും

