ജിഎസ്‌എല്‍വി എഫ് 10 വിക്ഷേപണം ആഗസ്റ്റ് 12ന്; മുഴുവന്‍ സമയവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കും

ജിഎസ്‌എല്‍വി എഫ് 10 വിക്ഷേപണം ആഗസ്റ്റ് പന്ത്രണ്ടിന് നടക്കുമെന്ന് ഐഎസ്‌ആര്‍ഒ. ശ്രീഹരിക്കോട്ടയില്‍ നിന്ന് പുല‍‌‍‍‍ര്‍ച്ചെ 5:43നാണ് വിക്ഷേപണം. ഇഒഎസ് -03 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ജിഎസ്‌എല്‍വി മാര്‍ക്ക് 2 ഭ്രമണപഥത്തിലെത്തിക്കുക. നേരത്തെ ജിഐസാറ്റ് 1 എന്ന് പേരിട്ടിരുന്ന ഉപഗ്രഹത്തിന്‍റെ വിക്ഷേപണം പല തവണ മാറ്റി വച്ചതാണ്.

2020 മാര്‍ച്ച്‌ അഞ്ചിനായിരുന്നു വിക്ഷേപണം ആദ്യ പദ്ധതിയിട്ടത്, അന്ന് അവസാന നിമിഷം മാറ്റി വയ്ക്കുകയായിരുന്നു. കൊവിഡ് ലോക്ക് ഡൗണ്‍ മൂലം വിക്ഷേപണം പിന്നെയും വൈകി. ഈ വര്‍ഷം മാര്‍ച്ചില്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അതും നടന്നില്ല.ഇതിനെല്ലാം ശേഷമാണ് പുതിയ വിക്ഷേപണ തീയതി എത്തുന്നത്.

അത്യാധുനിക ഭൂ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 03 ഭൂസ്ഥിര ഭ്രമണപഥത്തില്‍ നിന്നുകൊണ്ട് മുഴുവന്‍ സമയവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കും. ഇതേ ശ്രേണിയിലുള്ള അടുത്ത ഉപഗ്രഹം 2022ല്‍ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.