ഡബ്ബിം​ഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലെ കൈയ്യേറ്റ കേസില്‍ വിജയ് പി നായര്‍ക്ക് ജാമ്യം

തിരുവനന്തപുരം: ഡബ്ബിം​ഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലെ കൈയ്യേറ്റ കേസില്‍ വിജയ് പി നായര്‍ക്ക് ജാമ്യം. തമ്ബാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. എന്നാല്‍ അശ്ലീല വീഡിയോ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ വിജയ് പി നായര്‍ക്ക് ജയിലില്‍ തുടരേണ്ടിവരും.

ഇന്നലെ വിജയ്.പി.നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു.

ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിനു പ്രതികള്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടികാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. ഭാഗ്യലക്ഷ്‌മിക്കു പുറമേ ആക്‌ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന്‍ എതിര്‍ത്തത്. ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ കോടതി നാളെ വിധി പറയും.

സ്‌ത്രീകളെ അപമാനിച്ചുകൊണ്ട് വീഡിയോ തയ്യാറാക്കി വിജയ് പി.നായര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കു വച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. കേരളത്തിലെ അറിയപ്പെടുന്ന വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ അസഭ്യമായ ഭാഷയിലാണ് വിജയ്‌ തന്റെ വീഡിയോയില്‍ പരാമര്‍ശിച്ചത്. അടിസ്ഥാനമില്ലാത്ത വിവരണങ്ങള്‍ നിറഞ്ഞ ഈ വീഡിയോ പലരും യൂടൂബിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഭാഗ്യലക്ഷ്‌മിയും സംഘവും പരസ്യമായി വിജയ് പി.നായര്‍ക്കെതിരെ അതിരൂക്ഷമായി പ്രതികരിച്ചത്.

Leave a Reply