സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കുന്നു. നാളെ മുതല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ അധികാരമേല്‍ക്കും.

പുതിയ ഭരണം വരുന്നതുവരെയുള്ള കാര്യങ്ങള്‍ ഇനി ഈ സമിതി ഏറ്റെടുത്തു നടത്തും. കളക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്‌ട് ഡയറക്ടര്‍ എന്നിവരടങ്ങിയ ഒരു സമിതിയായിരിക്കും ജില്ലാ പഞ്ചായത്ത് ഭരിക്കുക.

സെക്രട്ടറി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്ന സമിതി ബ്ലോക് പഞ്ചായത്തും സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനിയര്‍, കൃഷി ഓഫീസര്‍ എന്നിവരടങ്ങിയ സമിതി ഗ്രാമപ്പഞ്ചായത്തും കലക്ടര്‍, കോര്‍പറേഷന്‍ സെക്രട്ടറി, എന്‍ജിനിയര്‍ എന്നിവര്‍ ചേര്‍ന്ന സമിതി കോര്‍പറേഷനും ഭരിക്കും.

നഗരസഭയില്‍ കൗണ്‍സില്‍ സെക്രട്ടറി, എന്‍ജിനിയര്‍, സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്നിവരുടെ സമിതിയായിരിക്കും താല്‍ക്കാലിക ചുമതല ഏല്‍ക്കുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നാളെ മുതല്‍ അധികാരമേല്‍ക്കുന്ന ഈ സമിതികളുടെ ചുമതലയാണ്.

അതെ സമയം, ക്രിസ്‌മസിനുമുമ്ബ് പുതിയ സമിതികള്‍ അധികാരമേല്‍ക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply