പഠനത്തോടൊപ്പം ഗവേഷണവും നടക്കട്ടെ…

പഠനത്തിനൊപ്പം ഗവേഷണത്തിന്റെയും യഥാർത്ഥ ശാസ്ത്ര അഭിരുചിയുടെയും ഒരു ലോകം വിദ്യാർത്ഥികൾക്ക് അനുഭവവേദ്യമാക്കുവാൻ സഹായിക്കുന്ന ഒന്നാണ് വിവിധ ഇന്റേൺഷിപ്പുകൾ.

സർക്കാർ ധനസഹായത്തൊടെയും പിന്തുണയോടെയും നടത്തുന്ന ഇൻ്റേൺഷിപ്പുകൾ ബിരുദ വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിലെ വിദഗ്ധരുമായ ചേർന്ന് പ്രവർത്തിക്കുവാനും പാഠപുസ്‌തകങ്ങൾക്കപ്പുറം ശാസ്ത്രം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാനും അവസരം നൽകുന്നു. ഈ അവസരങ്ങൾ ഇൻ്റേൺഷിപ്പുകളുടെ ഘടന, കാലയളവ്, ധനസഹായം, എന്നിവ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കുന്നു. ഗവൺമെന്റ് ധനസഹായം ഉള്ളതും ഇല്ലാത്തതുമായ വിവിധ ഇൻ്റേൺഷിപ്പുകളിൽ വളരെ മികച്ചവ തെരഞ്ഞെടുക്കാൻ വിദ്യാർ ത്ഥികൾ ശ്രദ്ധ ചെലുത്തണം. അതിൽ കുറച്ച് നമുക്ക് ഒന്ന് പരിചയപ്പെടാം.

1.ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് സമ്മർ റിസർച്ച് ഫെലോഷിപ്പ് (IAS SRFP)

ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്, ബെംഗളൂരു (IAS www.ias.ac.in ), ഇന്ത്യൻ നാഷണൽ സയൻസ് (INSA-https://insaindia.res.in), നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ പ്രയാഗ്‌രാജ് (NASI), എന്നീ മൂന്ന് അക്കാദമികളുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരുമായി പ്രവർത്തിക്കാൻ (ഇന്ത്യയിൽ പഠിക്കുന്ന/അധ്യാപിക്കുന്ന) വിദ്യാർത്ഥികളെ/അധ്യാപകരെ പ്രാപിതരാക്കുന്നതിനായി മൂന്ന് ദേശീയ സയൻസ് അക്കാദമികളും നിരവധി രണ്ട് മാസത്തെ സമ്മർ ഫെലോഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നു. സാധാരണയായി ₹17,900 വരെയും എന്നാൽ അക്കാദമി/ഇൻസ്റ്റിറ്റ്യൂട്ട് നയം അനുസരിച്ച് ₹10,000 മുതൽ ₹16,000 വരെ സ്‌റ്റൈപ്പൻഡ് ലഭിക്കുന്നതും സെക്കൻഡ് ക്ലാസ് ട്രെയിൻ ടിക്കറ്റ് ഉൾപ്പെടെ യാത്ര അലവൻസ് ലഭിക്കുന്ന ഒരു മികച്ച പ്രോഗ്രാമാണിത്. ലഭിക്കുന്ന സ്‌റ്റൈപ്പൻ്റിനേക്കാൾ ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനമായ IISc, ബംഗ്ലൂർ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള മികച്ച ഗവേഷകരുമായി നേരിട്ട് സംവദിക്കുവാനും അവരുടെ ഗവേഷണത്തിൽ പങ്കാളിയാകുവാനുമുള്ള മികച്ച അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. 3 മാസമാണ് ഈ പ്രോഗ്രാമിൻ്റെ ദൈർഘ്യം. ബിഎസ്‌സി. എം.എസ്.സി, ബി ഇ/ബിടെക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

2. ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക്ക് റിസർച്ച് സമ്മർ റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാം.

ബാച്ചിലർ, മാസ്റ്റേഴ്‌സ് തലങ്ങളിലുള്ള സയൻസ്, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ലൈഫ് സയൻസസ്, കെമിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ്, എഞ്ചിനീയറിംഗ് എന്നിവയിൽ താൽപ്പര്യമുള്ള മേഖലകളിൽ രണ്ട് മാസത്തെ ഇൻ്റേൺഷിപ്. പ്രതിമാസം 10,000/ രൂപയുടെ ഫെലോഷിപ്പും കുറഞ്ഞ യാത്രാ സഹായവും ഉൾപ്പെടെ INCASR ൽ ചെലവഴിക്കാവുന്ന മികച്ച ഒരു പ്രോഗ്രാമാണിത്. വിദ്യാഭ്യാസത്തിൻ്റെ പ്രാരംഭഘട്ടത്തിൽ ശാസ്ത്ര ഗവേഷണത്തിലേക്ക് നയിക്കാനും രാജ്യത്തിലെ മികച്ച ശാസ്ത്രജ്ഞരുമായി ഗവേഷണം നടത്താനും സഹായിക്കുന്ന ഒരു പ്രോഗ്രാമാണിത്. നൂതന ശാസ്ത്ര ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബാംഗ്ലൂരിലെ JNCASR (https://www.jncasr.ac.in/academic) ഈ പ്രോഗ്രാം നടത്തുന്നു.

3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER) സമ്മർ സ്റ്റുഡന്റ് പ്രോഗ്രാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER) തിരുവനന്തപുരം, പൂനെ, കൊൽക്കത്ത, മൊഹാലി തുടങ്ങി വിവിധ കാമ്പസുകളിൽ വേനൽക്കാലത്ത് ശാസ്ത്ര വിദ്യാർത്ഥികൾക്കായി സമ്മർ റിസർച്ച് പ്രോഗ്രാമുകൾ നടത്തുന്നു. ഗവേഷണ അഭിരുചിയുള്ള ബിരുദ/ബിരുദാനന്തര വിദ്യാർത്ഥികൾക്ക് സയൻസ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ പ്രമുഖ ഗവേഷകർക്കൊപ്പം 6-8 ആഴ്ചത്തെ ഗവേഷണ പ്രോജക്റ്റുകളിൽ പ്രവർത്തിക്കാൻ ഇത് അവസരമൊരുക്കുന്നു. ഓരോ IISER കാമ്പസിന്റെയും വെബ്സൈറ്റ് വഴി ഓൺലൈനായി ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് അപേക്ഷാ സമയവും മെയ് മുതൽ ജൂലൈ വരെ (ഏകദേശം 6-8 ആഴ്ച‌) നീണ്ടുനിൽക്കുന്നതുമായ ഒരു പ്രോഗ്രാമാണിത്. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം (ചിലപ്പോൾ സൗജന്യമായി) ലഭിക്കും. ചില പ്രൊജക്ടുകളിൽ സ്‌റ്റൈപൻഡ് ലഭിക്കാനും സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് IISR ലെ അത്യാധുനിക ലബോറട്ടറികളിൽ നേരിട്ട് ഗവേഷണം നടത്താനും, ഭാവിയിലെ ഉപരിപഠന സാധ്യതകൾ മനസ്സിലാക്കാനും അവസരം ലഭിക്കുന്ന വളരെ മികച്ച ഒരു പ്രോഗ്രാമാണിത്.