“പൂവ് ചോദിച്ചാൽ പൂന്തോട്ടം!…”

കാൽ മുറിച്ചു കളയണം, ലോകത്തിൽ ഒരിടത്തും ഇതിന് ചികിത്സയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയവൾ. എന്നാൽ അവൾ നടക്കുക മാത്രമല്ല ഡാൻസ് കളിക്കുകകൂടി ചെയ്യുന്നു. ആൻ മരിയയുടെ അത്ഭുത ജീവിതകഥ…

1. പരിചയപ്പെടുത്തമോ?

എന്റെ പേര് ആൻ മരിയ വർഗീസ് തടത്തിൽ. കാഞ്ഞിരപ്പള്ളി രൂപത ആനക്കല്ല് ഇടവകാംഗം. പപ്പ-ഷീജോ, അമ്മ- ഷീബ, അനിയത്തി അനീറ്റ.
അമൽ ജ്യോതി എൻജിനീയറിംഗ് കോളജിൽനിന്നും B.Tech ഗ്രാജുവേഷൻ കഴിഞ്ഞു. ഒൻപതിൽ പഠിക്കുമ്പോൾ എന്റെ ഇടതുകാലിന്റെ ആംഗിളിൽ പെയ്നും തുടർന്നു നീരും വന്ന് നടക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറി. ഇത് Diagnosis ചെയ്തിരിക്കുന്നത് CRPS (Complex Regional Pain Syndrome) എന്നാണ്. ഈ അവസ്ഥയിൽ കാലിൽ തുണി മുട്ടാനോ, വെള്ളം വീഴാനോ, ഫാനിന്റെ കാറ്റ് അടിക്കാനോ പറ്റില്ലായിരുന്നു. എപ്പോഴും സഹിക്കാൻ പറ്റാത്ത വേദന മാത്രം. ഈ പോയിന്റ് എനിക്ക് സഹിക്കാൻ പറ്റുമായിരുന്നില്ല. എല്ലാവരോടും ദേഷ്യമായിരുന്നു. വേദന തുടങ്ങിയതിൽ പിന്നെ എനിക്ക് ക്ലാസിൽ പോകാൻ സാധിച്ചിട്ടില്ല. 9-ാം ക്ലാസ്സു മുതൽ നാല് വർഷം എനിക്ക് എക്സാം എഴുതാൻ മാത്രമെ കഴിഞ്ഞുള്ളു. മിക്കവാറും സമയങ്ങളിൽ ചികിത്സയ്ക്കായി ഹോസ്പിറ്റലിലായിരുന്നു. അതുകൊണ്ട് പഠിക്കാനും പറ്റിയിരുന്നില്ല.

2. ചികിത്സയുടെ കാലഘട്ടത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി?

ഇത്രയും വേദന ഉണ്ടെന്നുള്ള കാര്യം തുടക്കത്തിൽ ആരും വിശ്വസിച്ചിരുന്നില്ല. ഡോക്ടേഴ്സിനുപോലും വെറുതെ പറയുകയാണ്, തോന്നൽ മാത്രമാണെന്നുള്ള പ്രതികരണമായിരുന്നു. അതായിരുന്നു എന്റെ ഏറ്റവും വലിയ ബുദ്ധിമുട്ടും സങ്കടവും. എന്നെ വിശ്വസിച്ചത് എന്റെ കുടുംബം മാത്രമാണ്. മറ്റുള്ളവർ എങ്ങനെ പറയുമ്പോഴും അതൊന്നും കാര്യമാക്കാതെ, വേദനയിലൊക്കെ വലിയ സപ്പോർട്ടായി അവർ ഉണ്ടായിരുന്നത് എനിക്ക് വലിയ ആശ്വാസമായിരുന്നു.

3. നടക്കാനാവാത്ത അവസ്ഥയിൽ മനസ്സിനെ എങ്ങനെ ശക്തമാക്കി, മികച്ച മാർക്കോടെ X, +2, B. Tech ഇവ പൂർത്തിയാക്കാൻ കഴിഞ്ഞു?

കാലിന്റെ വേദന തുടങ്ങി ഒരു വർഷം ആയ സമയം വെലൂർ മെഡിക്കൽ കോളേജിലെ ഡോക്ടഴ്സ് എന്നോട് പറഞ്ഞത് “ഈ ഒരു അവസ്ഥയ്ക്ക് ലോകത്തിൽ എവിടെപോയാലും വ്യത്യാസമുണ്ടാവില്ല. ഈയൊരു സാഹചര്യത്തോട് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുക ” എന്നതായിരുന്നു. ഇതെന്നെ വിഷമിപ്പിച്ചിരുന്നെങ്കിലും, ഞാൻ വിശ്വസിച്ചത് ഇനിയും ഞാൻ നടക്കുമെങ്കിൽ അത് ഈശോയും മാതാവും അനുവദിച്ചാൽ മാത്രമാണെന്നാണ്. ബൈബിളും ജപമാലയും ആയിരുന്നു എപ്പോഴും എന്റെ ആശ്രയം.

5. ഈ യാത്രയിൽ നിങ്ങളെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച വ്യക്തി ആരാണ്?

എന്നെ ഈ അവസ്ഥയിൽ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചത് വി.അൽഫോൻസാമ്മയാണ്.

6. ദൈവം നിങ്ങളുടെ ജീവിതത്തിൽ പ്രവർത്തിച്ചുവെന്ന് തോന്നിയ ഒരു അനുഭവം പങ്കുവയ്ക്കാമോ?

ഈശോ പ്രവർത്തിച്ച ഒത്തിരി അനുഭവങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ, എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് ഞാൻ ഏറ്റവും ആഗ്രഹിച്ചിരുന്ന ഒരു കാര്യത്തിന് അവസരം ഒരുക്കിത്തന്നതിലാണ്. രണ്ടു കയ്യിലും എൽ ബോ crutches ന്റെ സഹായത്തോടെയാണ് അമൽ ജ്യോതിയിൽ ബി.ടെക് പഠിക്കാന്‍ പോയിത്തുടങ്ങിയത്. കോളേജിലെ എല്ലാ പ്രോഗ്രാമുകള്‍ക്കും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍, കൂട്ടുകാര്‍ സ്റ്റേജില്‍ ചെയ്യുന്നത് കാണാന്‍മാത്രമേ എനിക്ക് സാധിച്ചിരുന്നുള്ളൂ. അപ്പോഴെല്ലാം ഞാന്‍ ഈശോയോട് പറയുമായിരുന്നു ഒരൊറ്റ തവണ എനിക്ക് സ്റ്റേജില്‍ കയറണം. ഡാന്‍സ് കളിക്കണം, പരിപാടികളില്‍ കാഴ്ചക്കാരിയായിരുന്ന സമയത്ത് എന്‍റെ ആഗ്രഹം ഇതായിരുന്നു. ഫൈനല്‍ ഇയറായി എനിക്ക് ഇപ്പോഴും തനിയെ നടക്കാറായിട്ടില്ല. പെട്ടെന്നായിരുന്നു ഒരു സര്‍ജറി തീരുമാനിച്ചത്. സര്‍ജറി കഴിഞ്ഞിട്ടും നടക്കാനുള്ള സാഹചര്യമില്ലായിരുന്നു.
എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ദിവസം 2026 ഫെബ്രുവരി 28 ന് ഈശോ എന്നെ നടത്തി. അപ്പോഴും എല്ലാവരെയുംപോലെ നല്ല സ്മൂത്ത് ആയിട്ട് നടക്കാന്‍ പറ്റിയിരുന്നില്ല. ആ സമയത്താണ് ഞങ്ങളുടെ ബാച്ചിന്‍റെ farewell നടക്കുന്നത്. ബാച്ചിന്‍റെ അവസാനത്തെ പ്രോഗ്രാമുമായിരുന്നു. കൂട്ടുകാരെല്ലാം ഡാന്‍സ് പ്രാക്ടീസ് തുടങ്ങിയിരുന്നു. ഇത്തവണയും എനിക്ക് ചാന്‍സ് കിട്ടില്ല, എന്‍റെ ആഗ്രഹം നടക്കില്ല എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. എന്നാല്‍ ഈശോ അത്ഭുതകരമായി ആ സ്റ്റേജില്‍ പെര്‍ഫോം ചെയ്യാന്‍, ഡാന്‍സ് കളിക്കാന്‍ എന്നെ അനുവദിച്ചു. ക്രച്ചസില്ലാതെ എന്നെ നടത്തിയ തമ്പുരാന്‍ എന്‍റെ ഏറ്റവും വലിയ ആഗ്രഹവും സാധിച്ചു തന്നു. അന്നെനിക്ക് മനസ്സിലായി ‘പൂ ചോദിച്ചാല്‍ ഒരു പൂന്തോട്ടം’ തന്നെ തരുന്ന ഈശോയാണ് നമ്മോടൊപ്പമുള്ളതെന്ന്.

7. ഈ അനുഭവത്തില്‍ നിന്ന് നിങ്ങള്‍ പഠിച്ച ഏറ്റവും വലിയ ജീവിതപാഠം എന്താണ്?

ഈശോ നമ്മുടെ ജീവിതത്തില്‍ ഒരു സഹനം അനുവദിക്കുമ്പോള്‍ അതൊരിക്കലും നമ്മെ ഇഷ്ടമല്ലാഞ്ഞിട്ടോ ഉപേക്ഷിച്ചിട്ടോ അല്ല, പകരം ഈശോയുടെ സ്നേഹം കൂടുതല്‍ മനസ്സിലാക്കാനും ഈശോയോട് കൂടുതല്‍ ചേര്‍ത്തുനിര്‍ത്താനുമാണ്.