രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു,കൊവിഡിന്‍റെ ‘ഇന്ത്യന്‍ വകഭേദം’ എന്ന പ്രയോഗം നീക്കം ചെയ്യണമെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു ഗവൺമെന്റ്

രാജ്യത്ത് 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4194 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. 29,23,400 പേരാണ് രാജ്യത്ത് നിലവില്‍ രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത്. പ്രതിദിന കൊവിഡ് പരിശോധന വീണ്ടും ഉയര്‍ന്ന് 20,66,285 ആയി. കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് പുറമെ കര്‍ണാടക, ഗോവ സംസ്ഥാനങ്ങളും നിയന്ത്രണങ്ങളും നീട്ടിയിട്ടുണ്ട്.അതേസമയം കൊവിഡിന്‍റെ ഇന്ത്യന്‍ വകഭേദം എന്ന പ്രയോഗം നീക്കം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വകഭേദം എന്ന പ്രയോഗം രാജ്യത്തിന്‍റെ പ്രതിച്ഛായ മോശമാക്കുമെന്ന സാഹചര്യത്തിലാണ് നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ചയാണ് സാമൂഹിക മാധ്യമങ്ങള്‍ക്ക് ഐടി മന്ത്രാലയം കത്ത് നല്‍കിയത്.എന്നാല്‍ ആയിരക്കണക്കിന് പോസ്റ്റുകള്‍ ഇതുസംബന്ധിച്ച്‌ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ വകഭേദം എന്ന പ്രയോഗം നീക്കം ചെയ്യുന്നത് എളുപ്പമല്ലെന്നാണ് കമ്ബനികളുടെ നിലപാട്. B. 1. 617 എന്ന വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് മാധ്യമങ്ങള്‍ വിളിക്കുന്നതിനെതിരെയും സര്‍ക്കാര്‍ നേരത്തെ രംഗത്തുവന്നിരുന്നു.