കശ്‍മീര്‍: നിയന്ത്രണരേഖയില്‍ നടന്ന ശക്തമായ പ്രത്യാക്രമണത്തില്‍ അഞ്ച് പാകിസ്ഥാന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ പൂഞ്ച് ജില്ലയില്‍, ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
വ്യാഴാഴ്ച വൈകീട്ട് പാക് പട്ടാളക്കാര്‍ അപ്രതീക്ഷിതമായി ആക്രമണം അഴിച്ചു വിട്ടിരുന്നു. മാന്‍കോട്ടിലെ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി വീടുകള്‍ക്കു നാശനഷ്ടം സംഭവിച്ചു. ഇതേതുടര്‍ന്ന്, അര്‍ദ്ധരാത്രിയോടെ ഇന്ത്യന്‍ സൈന്യം അതിശക്തമായി തിരിച്ചടിക്കുകയായിരുന്നു. രണ്ടു മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നുവെന്ന് സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
1999-ല്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ മറികടന്ന് നിരവധി തവണയാണ് ഈ വര്‍ഷം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്.പാകിസ്ഥാന്റെ ആക്രമണത്തില്‍ ഏതാണ്ട് മുപ്പതോളം ഇന്ത്യന്‍ സിവിലിയന്മാര്‍ ഈ വര്‍ഷം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

