തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളില്‍ നിന്നുള്ളവര്‍ ഫ്ളൈറ്റ് കോണ്ടാക്‌ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. രാവിലെയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. ഇവര്‍ക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കൊവിഡ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തും. മങ്കിപോക്സിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ആരോഗ്യവകുപ്പിന്‍റെ ഉന്നതതല യോഗം ചേര്‍ന്നു.
മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഉള്ളതിനാല്‍ വിമാനത്താവളങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. അനാവശ്യമായി ഭയപ്പെടുകയോ വിഷമിക്കുകയോ ചെയ്യരുത്. രോഗി സഞ്ചരിച്ച വിമാനത്തില്‍ എത്തിയവര്‍ സ്വയം നിരീക്ഷണത്തിലായിരിക്കണം. സംസ്ഥാന തലത്തില്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കും. എല്ലാ ജില്ലകളിലേക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.
കഴിഞ്ഞ മാസം 12ന് ഷാര്‍ജ-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ (6ഇ 1402, സീറ്റ് നമ്ബര്‍ 30 സി) വൈകിട്ട് 5 മണിക്ക് യുഎഇ 164 യാത്രക്കാരും ആറ് ക്യാബിന്‍ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഇയാളുടെ തൊട്ടടുത്ത് ഇരുന്ന 11 പേര്‍ ഹൈ റിസ്ക് കോണ്‍ടാക്‌ട് ലിസ്റ്റിലുണ്ടായിരുന്നു. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ 21 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയും ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. പലരുടെയും ഫോണ്‍ നമ്ബറുകള്‍ ലഭ്യമല്ലാത്തതിനാല്‍ പൊലീസിന്‍റെ സഹായത്തോടെ ഇവരെ ബന്ധപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

