ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്‌ചകളായി സമരം ചെയ്യുന്ന കര്‍ഷകരെ അടിയന്തിരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നിയമ വിദ്യാര്‍ത്ഥിയായ ഋഷഭ് ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്.
സമരക്കാരെ നേരിടാന്‍ പൊലീസ് വഴി തടയുന്നത് മൂലം യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും കര്‍ഷകര്‍ ഒത്തുചേരുന്നത് മൂലം കൊവിഡ് ഭീഷണിയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഡല്‍ഹിയിലെ നിരന്‍കാരി മൈതാനത്തില്‍ കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ പൊലീസ് സ്ഥലം അനുവദിച്ചിട്ടും പൊതുനിരത്ത് അവര്‍ കൈയേറിയിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
വേണമെങ്കില്‍ കര്‍ഷകര്‍ക്ക് കൊവിഡ് പ്രതിസന്ധി കഴിഞ്ഞ ശേഷം സമരം ചെയ്യാമെന്ന് ഹര്‍ജിക്കാരന്റെ വാദം.
അതേസമയം മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പരാജയപ്പെട്ടെന്നും ഇത് ദേശീയ ജനാധിപത്യ സഖ്യത്തിന് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ കക്ഷികള്‍ ഇതിന് ഉത്തരവാദികളേയല്ലെന്നാണ് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിപ്രായപ്പെടുന്നത്. അതേസമയം സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട ഒരു ഹര്‍ജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേന്ദ്രം സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജിയാണിത്.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് മനുഷ്യാവകാശ ലംഘനം നേരിടേണ്ടി വരുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പൊലീസില്‍ നിന്നേറ്റ ആക്രമണത്തില്‍ അവര്‍ക്ക് മതിയായ നഷ്‌ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

