ഹമാസ് ഭീകരര്‍ക്ക് മുന്നില്‍ പതറാതെ പിടിച്ചുനിന്ന മലയാളി വനിതകള്‍; ‘ഇന്ത്യൻ സൂപ്പര്‍ വുമണ്‍’, പ്രശംസയുമായി ഇസ്രായേല്‍ എംബസി

ന്യൂഡല്‍ഹി: ഹമാസ് ഭീകരര്‍ക്ക് മുന്നില്‍ നിന്നും രണ്ട് ഇസ്രായേലി പൗരന്മാരെ രക്ഷപ്പെടുത്തിയ മലയാളി യുവതികളെ അഭിനന്ദിച്ച്‌ ഇന്ത്യയിലെ ഇസ്രായേല്‍ എംബസി.

ഇന്ത്യൻ സൂപ്പര്‍ വുമണ്‍ എന്ന തലക്കെട്ടോടെയാണ് എംബസി യുവതികളുടെ ധീരതയെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പ് എക്‌സില്‍ പങ്കുവെച്ചത്. കെയര്‍ വര്‍ക്കേര്‍സായി ജോലി ചെയ്തിരുന്ന മീര, സബിത എന്നിവരെയാണ് എംബസി അഭിനന്ദിച്ചത്.

ഇസ്രായേല്‍ – ഗാസ ബോര്‍ഡറിലായിരുന്നു യുവതികള്‍ ജോലി ചെയ്തിരുന്നത്. ഇവിടുത്തെ പകുതിയോളം പേരെ ഭീകരര്‍ വധിച്ചു. പിന്നാലെ ഇവര്‍ ജോലി ചെയ്തിരുന്ന പ്രദേശത്തേക്കും ഭീകരര്‍ എത്തി. രണ്ട് വൃദ്ധരായ ഇസ്രായേലി പൗരന്മാരാണ് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. ഭീകരര്‍ വാതില്‍ തകര്‍ത്ത് കടക്കാൻ ശ്രമിച്ചെങ്കിലും മീരയും സബിതയും അതിന് അനുവദിച്ചില്ല. വാതിലിന്റെ ഹാൻഡിലില്‍ ബലമായി പിടിച്ച്‌ വാതില്‍ തുറക്കാൻ അനുവദിക്കാതെ പ്രതിരോധിച്ചു. ഭീകരര്‍ വാതിലിന് നേരെ വെടിയുതിര്‍ത്തെങ്കിലും പിൻവാങ്ങിയില്ല. ഒടുവില്‍ ഇസ്രായേല്‍ സൈന്യം എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്തങ്ങള്‍ നാട്ടില്‍ ജീവനോടെ എത്തുമെന്ന് ഒരു ഉറപ്പും ഇല്ലായിരുന്നുവെന്ന് ഇരുവരും പറയുന്നു. നിലവില്‍ മീരയുടേയും സബിതയുടേയും കഥ ഇസ്രായേലിലെ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് പ്രശംസിച്ചുകൊണ്ട് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി തന്നെ രംഗത്തുവന്നിരിക്കുന്നത്.