സാവൂളിനെ പൗലോസാക്കി മാറ്റിയ ദൈവകൃപ നമ്മെയും പരിവർത്തനം ചെയ്യും: ഫ്രാൻസിസ് പാപ്പ

ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ പുറപ്പെട്ട സാവൂളിനെ വിശുദ്ധ പൗലോസാക്കി മാറ്റിയ ദൈവവകൃപ പാപകരമായ നമ്മുടെ ജീവിതങ്ങളെ പരിവർത്തനം ചെയ്യുമെന്ന് ഫ്രാൻസിസ് പാപ്പ. നമ്മെക്കുറിച്ച് ദൈവത്തിന് വ്യക്തമായ പദ്ധതിയുണ്ടെന്നും അവിടുത്തെ രക്ഷാകരപദ്ധതിയോട് നാം വിശ്വസ്തത പുലർത്തിയാൽ ആ പദ്ധതി നമുക്ക് മനസിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പൊതുസന്ദർശനത്തിൽ, ഗലാത്തിയർക്കുള്ള വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളെ അധികരിച്ച് പ്രഭാഷണ പരമ്പര നയിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് ഗലാത്തിയർക്കിടയിൽ അഭിപ്രായവിത്യാസം ഉണ്ടായിരുന്നു. എന്നാൽ, ക്രിസ്തുരഹസ്യത്തെക്കുറിച്ച് അഗാധ ജ്ഞാനമുള്ള പൗലോസ് തന്റെ വിമർശകർ ഉന്നയിക്കുന്ന താഴ്ന്നതരം വാദങ്ങൾ ശ്രദ്ധിക്കുന്നില്ല. മറിച്ച്, കൂടുതൽ ആഴത്തിലേക്കുള്ള വഴിയാണ് തിരഞ്ഞെടുക്കുന്നത്. കാരണം, അപകടത്തിലാകുന്നത് സുവിശേഷ സത്യവും അതിന്റെ അവിഭാജ്യ ഘടകമായ ക്രിസ്ത്യാനികളുടെ സ്വാതന്ത്ര്യവുമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

താൻ ഒരു അപ്പോസ്തലനായിരിക്കുന്നത് തന്റെ യോഗ്യതയാലല്ല, പ്രത്യുത, ദൈവത്തിന്റെ വിളിയാലാണെന്ന് അദ്ദേഹം ആദ്യമേതന്നെ, ഗലാത്തിയക്കാരെ ഓർമിപ്പിക്കുന്നു. ദമാസ്‌ക്കസിലേക്കുള്ള യാത്രയിൽ ഉത്ഥിതനായ ക്രസ്തുവിന്റെ ദർശനം ഉണ്ടായതോടെ സംഭവിച്ച തന്റെ മാനസാന്തരം പൗലോസ് തന്നെ വിവരിക്കുന്നുണ്ട്. ഒരു വശത്ത്, താൻ സഭയെ കഠിനമായി ഉപദ്രവിച്ചെന്നും താൻ ഒരു ദൈവദൂഷകനും പീഢകനും അക്രമാസക്തനുമായിരുന്നെന്നും അദ്ദഹം അടിവരയിടുന്നു. മറുവശത്ത്, തന്നോടുള്ള ദൈവത്തിന്റെ കാരുണ്യം അദ്ദേഹം ഉയർത്തിക്കാട്ടുന്നു.

ഈ കാരുണ്യമാണ് അദ്ദേഹത്തെ സമൂലമായ പരിവർത്തനത്തിലേക്ക് നയിച്ചത്. പാപിയും ദുർബലനുമായ ഒരുവനെ തന്റെ ഹിതം നിറവേറ്റാൻ ദൈവം ഉപയോഗിക്കുന്നതെങ്ങിനെ? കർത്താവിന്റെ മഹനീയകൃത്യങ്ങൾക്കു മുന്നിൽ ഉയരുന്ന ചോദ്യമാണിത്. എന്നാൽ ഒന്നും ആകസ്മികമല്ല. കാരണം, എല്ലാം ദൈവത്തിന്റെ പദ്ധതിയിലുണ്ട്. ദൈവം തന്നെയാണ് നമ്മെ അയക്കുകയും അവിടുത്തെ കൃപയാൽ നമ്മെ താങ്ങി നിറുത്തുകയും ചെയ്യുന്നത്. ഈ ബോധ്യം നമ്മെ നയിക്കണം. ദൈവകൃപ നമ്മുടെ അസ്തിത്വത്തെ രൂപാന്തരപ്പെടുത്തി സുവിശേഷ ശുശ്രൂഷയ്ക്കായി സമർപ്പിക്കാൻ യോഗ്യരാക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.