രാജ്യത്ത് ആദ്യ ഘട്ടത്തില്‍ കൊവിഡ് പ്രതിരോധ മരുന്ന് നല്‍കുന്ന മുപ്പത് കോടി ആളുകളുടെ വാക്സിന്‍ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ആദ്യ ഘട്ട വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ എടുക്കും. ഈ ഘട്ടത്തിലുണ്ടാകുന്ന ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് നീതി ആയോഗ് അംഗം വികെ പോള്‍ വ്യക്തമാക്കി.
ദേശവ്യാപകമായി കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റണ്‍ നടക്കുകയാണ്. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. വാക്സിന്‍ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണില്‍ പരിശോധിക്കുന്നുണ്ട്.ഒരോ കുത്തിവെപ്പ് കേന്ദ്രത്തില്‍ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മോക്ക് വാക്സിന്‍ നല്‍കുന്നത്.കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ദില്ലി ജിറ്റിബി ആശുപത്രിയില്‍ നേരിട്ടെത്തി ഡ്രൈ റണ്‍ വിലയിരുത്തി. ഡി സി ജി ഐ യുടെ അനുമതി കിട്ടിയാലുടന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി വാക്സിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെടുമെന്നും. രണ്ടര കോടി പേര്‍ക്കുളള വാക്സിന് ഡോസുകളാണ് ആദ്യം വാങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്ത് അടിയന്തര ഉപയോഗത്തിന് കൊവിഷില്‍ഡ് വാക്സിന് അനുമതി നല്‍കിയിട്ടുണ്ട്. വാക്സിന്‍ ഉപയോഗത്തിന് വിദഗ്ധ സമിതിയാണ് ഡിസിജിഐക്ക് ശുപാര്‍ശ നല്‍കിയത്. ഈ ശുപാര്‍ശയില്‍ നിയമ പ്രകാരം 5 ദിവസത്തിനുള്ളില്‍ ഡിസിജിഐ തീരുമാനമെടുക്കണം. അടിയന്തരഘട്ടമായതിനാല്‍ എത്രയും പെട്ടന്ന് തന്നെ തീരുമാനമെടുക്കും. അനുമതി കിട്ടിയാല്‍ കേന്ദ്രം സീറം ഇന്‍സ്റ്റിട്ട്യൂട്ടുമായി ഉപാധികളോടെ കരാറില്‍ ഏര്‍പ്പെടും. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകും വാക്സിന്‍ നല്‍കുക. അതേ സമയം കൊവാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിനോട് മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്
