1.മാധ്യമങ്ങള്‍ അവാര്‍ഡുകളിലൂടെ ഇന്ന് സാംസ്കാരിക-രാഷ്ട്രീയ-സാമൂഹികരംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെയൊരവസരത്തില്‍ മാതൃഭൂമി സാഹിത്യപുരസ്കാരത്തെ എങ്ങനെ നോക്കിക്കാണുന്നു?
മാധ്യമങ്ങള്‍ പുരസ്കാരങ്ങള്‍ നല്‍കുന്നത് ശരിയാണോ തെറ്റാണോ എന്ന ചോദ്യമൊന്നും ഞാന്‍ പരിഗണിച്ചിട്ടില്ല. ഒരാള്‍ മറ്റൊരാള്‍ക്ക് എന്തെങ്കിലും ദാനം ചെയ്യുന്നുവെങ്കില്‍ അതു സ്വീകരിക്കുന്നതു ശരിയാണോ തെറ്റാണോ എന്ന ചോദ്യംകൊണ്ടു മറുപടി പറയാനെ തത്ക്കാലം എനിക്കു കഴിയുകയുള്ളൂ.
2.രാഷ്ട്രീയ സാംസ്കാരിക നായകന്മാര്‍തന്നെ ഇന്നു സംസ്കാരശൂന്യരായി മാറുന്നു. അതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം?
രാഷ്ട്രീയ-സാംസ്കാരിക നായകന്മാര്‍ എന്നൊരു വര്‍ഗ്ഗമുണ്ടോ? ഉണ്ടെങ്കില്‍ ആരൊക്കെ അതില്‍പ്പെടുന്നു? പിന്നെ ഇന്ത്യയുടെ പ്രശ്നം മുഴുവന്‍ സാംസ്കാരികമൂല്യധ്വംസനമാണ്. സ്വാതന്ത്ര്യാനന്തരഭാരതത്തിലെ വിദ്യാഭ്യാസമന്ത്രിമാരാണ് ഈ ധ്വംസനത്തിനു കാരണക്കാരായത്. ബ്രിട്ടീഷുകാര്‍ക്ക് ധാര്‍മ്മികബോധമെങ്കിലും ഉണ്ടായിരുന്നു. അഞ്ചുകൊല്ലം കഴിഞ്ഞാല്‍ വിദ്യാഭ്യാസമന്ത്രി മാറി. ഓരോ പുതിയ മന്ത്രിയും ശാശ്വതമൂല്യബോധമില്ലാതെ വിദ്യാഭ്യാസരീതിയില്‍ മാറ്റം വരുത്തി. സംസ്കൃതഭാഷയുടെ അടിത്തറ തന്നെ പൊളിച്ചുനീക്കി.
3.ജീവിതത്തില് അങ്ങേയ്ക്ക് മറക്കാനാവാത്ത നല്ലൊരനുഭവത്തേയും ഒരു ദുരനുഭവത്തെയും കുറിച്ചു പറയാമോ?
നല്ലത് എന്നു പറയുമ്പോള്‍ “ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേഉദിക്കയാണെന്നാത്തമാവി-ലായിരം സൗരമണ്ഡലം”ദുരനുഭവം:-“നിരത്തില്‍ കാക്ക കൊത്തുന്നു ചത്ത പെണ്ണിന്‍റെ കണ്ണുകള്‍മുല ചപ്പി വലിക്കുന്നു-നരവര്‍ഗ്ഗ നവാതിഥി”
4.അങ്ങെയെ ഏറ്റവുമധികം സ്വാധീനിച്ച പുസ്തകം?
ഒടുവില്‍ ഞാന്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത ‘ശ്രീമദ് ഭാഗവതം’
സ്വാധീനിച്ച വ്യക്തിയെപ്പറ്റി
“വഹ്നി സന്തപ്തലോഹസ്ഥാംബു ബിന്ദുനാ-സന്നിഭം മര്‍ത്യജന്മം ക്ഷണഭംഗുരം” എന്ന തുഞ്ചെത്തെഴുത്തച്ഛന്‍റെ വരികള്‍ മൂന്നോ നാലോ വയസ്സില്‍തന്നെ എന്‍റെ നാവിന്മേര്‍ പതിപ്പിച്ച അമ്മ എന്നു മറുപടി പറഞ്ഞാല്‍ തെറ്റാവുകയില്ലായെന്നു തോന്നുന്നു.
5.മനുഷ്യബന്ധങ്ങള് വേരറ്റുപോകുന്ന ഈ നൂറ്റാണ്ടില്‍ മാനുഷിക കവിയെന്ന നിലയില്‍ അങ്ങേക്ക് എന്താണ് പറയാനുള്ളത്?എന്‍റെ ‘സ്പര്‍ശമണികള്‍’ എന്ന പുസ്തകത്തില്‍ ‘ശാസ്ത്രം’ എന്നൊരു ചെറുകവിതയുണ്ട്. അതില്‍ ചിത്രീകരിച്ചിട്ടുള്ളത് പാരീസിലുണ്ടായ ഒരു സംഭവമാണ്. പാരീസിലെ സൈന്‍റിഫിക് റിസര്‍ച്ച് സെന്‍ററിന്‍റെ ഡയറക്ടറായിരുന്ന ലൂയി പാസ്റ്റര്‍ അനേകം കണ്ടുപിടുത്തങ്ങളുടെ കര്‍ത്താവാണ്. പാലിന്‍റെ പാസ്റ്ററൈസേഷന്‍ കണ്ടുപിടിച്ച ആള്‍, നായ വിഷത്തില്‍നിന്നു മോചനം നേടാനുള്ള മരുന്നും കണ്ടുപിടിച്ചു. അദ്ദേഹം അവസാനകാലത്ത് എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത് ഒരു മുത്തുമാലയില്‍ തിരുപ്പിടിച്ചുകൊണ്ട് ദൈവനാമം ജപിക്കുക എന്നതാണ്. ജപിച്ചിരുന്ന ദൈവനാമം ഏതാണെന്ന് എനിക്കറിയില്ല.
6.ജീവിതത്തിന്‍റെ ഈ സായാഹ്നവേളയില്‍ പിന്നിട്ട വഴികളെക്കുറിച്ച്, നേടിയ പുരസ്കാരങ്ങളെക്കുറിച്ച്… എന്തു തോന്നുന്നു?
ഇത്രയുംകാലം ജീവിക്കാനിടവന്നില്ലെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല.
7.പുതുതലമുറയ്ക്കു നല്കുവാനുള്ള സന്ദേശമെന്താണ്?’
എല്ലാവരും ദുഃഖിതരാരെയും നാം തലോടുകീ പാഴ്പ്പനയോലയെന്യേഎന്‍മക്കളെ, പൈതൃകമായിനേടി-വയ്പീല നിങ്ങള്‍ക്കൊരു ചുക്കുമച്ഛന്‍”ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളെയുള്‍ക്കൊണ്ട് ഒതുങ്ങി ജീവിക്കാനാവാതെ വെള്ളിവെളിച്ചത്തിന്‍റെ ഓരങ്ങളിലേക്ക് നടന്നടുക്കുവാന്‍ തിടുക്കം കൂട്ടുന്ന പുതുതലമുറയെ നോക്കി കവി മറ്റൊന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.’വെളിച്ചം ദുഃഖമാണുണ്ണി-തമസ്സല്ലോ സുഖപ്രദം.പാലക്കാട് ജില്ലയിലെ കുമരനെല്ലൂരില്‍ 1926-ല്‍ ജനിച്ച അക്കിത്തം അച്യുതന്‍ നമ്പൂതിരി, പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളേജില്‍ ഇന്‍റര്‍മീഡിയറ്റിന് ചേര്‍ന്നെങ്കിലും പഠിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കുട്ടിക്കാലത്തെ തുടങ്ങിയ കവിതാക്കമ്പത്തിന് പൊന്നാനി കവിതാക്കളരിയുടെ പാരമ്പര്യം പിന്തുണയേകി. സാമൂഹിക പരിഷ്കര്‍ത്താവ്, തത്ത്വചിന്തകന്‍, കവി എന്നീ നിലകളില്‍ തന്‍റെ പ്രതിഭ തെളിയിച്ച അക്കിത്തം, സമൂഹത്തില്‍ നിലനിന്നിരുന്ന തൊട്ടുതീണ്ടിക്കൂടായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയവരില്‍ പ്രമുഖനാണ്. വിശ്രമത്തിന്‍റെ ഈ വേളകളിലും അദ്ദേഹം വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ വകവയ്ക്കാതെ തിരക്കുകളില്‍നിന്നും തിരക്കുകളിലേക്കുള്ള യാത്രകളിലാണ്.
