പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. തെരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേ വാഗ്ദാനങ്ങള്‍ക്കൊപ്പം തുടര്‍ ഭരണം ലക്ഷ്യമിട്ടുള്ള ബജറ്റായിരിക്കും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവതരിപ്പിക്കുക. സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം പദ്ധതികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടേയും വാഗ്ദാനങ്ങളാവും ബജറ്റിലുണ്ടാകുക.

കൊവിഡാനന്തര കേരളത്തിന് ഉണര്‍വേകുന്നതാകും സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ക്ഷേമ പദ്ധതികള്‍ ഉറപ്പാക്കാന്‍ സാധിച്ചു. പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിച്ചു. സംസ്ഥാനത്തിന് ഇനി കൊവിഡ് തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം.

പുതിയ തൊഴിലുണ്ടാകണം. തൊഴില്‍ അവസരം ഉണ്ടാകണം അതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകും. അഞ്ച് വര്‍ഷംകൊണ്ട് ചെയ്തുതീര്‍ക്കാനാകുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുക. സാമൂഹിക നീതിയും സാമ്ബത്തിക വളര്‍ച്ചയും ഉണ്ടാകും. അതിനായുള്ള അജണ്ട ബജറ്റ് മുന്നോട്ടുവയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് എത്രത്തോളം വായ്പയെടുക്കാന്‍ സാധിക്കുമെന്നതിന് നിയമമുണ്ട്. കടം കൂടിയോ ഇല്ലയോ എന്ന് അറിയുന്നതിന് സാമ്ബത്തിക ശാസ്ത്രത്തില്‍ ഫോര്‍മുലകളുണ്ട്. വായ്പയെടുക്കുന്നതിനേക്കാള്‍ വേഗത്തിലാണ് സാമ്ബത്തിക വളര്‍ച്ചയെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. കടം മേടിച്ച്‌ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ പട്ടിണികിടക്കേണ്ടിവരും. കടം വാങ്ങി സമ്ബദ്ഘടനയെ ഉത്തേജിപ്പിക്കുകയാണ് വേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിടാന്‍ അടിയന്തര പദ്ധതികളുണ്ടാകും. ദീര്‍ഘകാലത്തേക്ക് കേരളത്തെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ബജറ്റാണിത്.

തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റായതിനാല്‍ നികുതി വര്‍ധിപ്പിക്കില്ല. ഓരോ വര്‍ഷവും ഭൂമിയുടെ ന്യായവിലയും സ്റ്റാമ്ബ് ഡ്യൂട്ടിയും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചുവെങ്കിലും ഇത്തവണ അതുണ്ടാകില്ല. വാഹന നികുതിയില്‍ ചില ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വരുമാന നഷ്ടമുണ്ടായ ടൂറിസം മേഖലയ്ക്കായി പുതിയ പദ്ധതികള്‍ ബജറ്റിലുണ്ടാകും. ദാരിദ്ര്യനിര്‍മ്മജനത്തിനും കൊവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനായി പണം ജനങ്ങളുടെ കൈകളിലെത്തിക്കുന്നതിനുള്ള പദ്ധതികള്‍ക്കുമാകും മുന്‍ഗണന.ക്ഷേമ പെന്‍ഷന്‍ വര്‍ധന, കുട്ടികളുടെ സൗജന്യ ഇന്റര്‍നെറ്റ്, കൃഷി മേഖലയ്ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രവാസികള്‍ക്കും പക്കേജ് തുടങ്ങിയവയാണ് ബജറ്റിലെ മുഖ്യപ്രതീക്ഷകള്‍.

സംസ്ഥാനത്തിന്റെ സാമ്ബത്തിക വളര്‍ച്ച താഴേക്ക് പോകുന്നതിനിടെയാണ് ധനമന്ത്രി ജനപ്രിയ ബജറ്റ് അവതരിപ്പിക്കുന്നതെന്നാണ് ശ്രദ്ധേയം. പ്രകൃതി ദുരന്തങ്ങളും കൊവിഡും സമ്ബദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് സാമ്ബത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നത്. വളര്‍ച്ചാ നിരക്ക് 3.45 ശതമാനമായി കുറഞ്ഞു. ആഭ്യന്തര കടവും സംസ്ഥാനത്തിന്റെ കടബാധ്യതയും വര്‍ധിക്കുകയും ചെയ്തു.

Leave a Reply