കാഞ്ഞിരപ്പള്ളി: രൂപതയുടെ നാല്‍പത്തിയാറാം രൂപതാദിനാചരണം കുമളി ഫൊറോന പള്ളി അങ്കണത്തില്‍ വിശ്വാസി സമൂഹത്തിന്റെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ നടത്തപ്പെടും. സുവര്‍ണജൂബിലിയ്ക്കായി ഒരുങ്ങുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ രൂപതാ ദിനാഘോഷം വിപുലമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.
രാവിലെ 9:30 ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ മുഴുവന്‍ വൈദികര്‍ക്കൊപ്പം സന്യാസിനികള്‍, രൂപതാദിന പ്രതിനിധികള്‍, ആതിഥേയരായ കുമളി ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ എന്നിവര്‍ പങ്കുചേരും. തുടര്‍ന്ന് നടത്തപ്പെടുന്ന പ്രതിനിധി സമ്മേളനത്തില്‍ രൂപതാദിന പ്രതിനിധികളായ സന്യാസ സമൂഹങ്ങളുടെ പ്രതിനിധികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഇടവകകളില്‍ നിന്നുമുള്ള ജൂബിലി കോഡിനേഷന്‍ ടീമംഗങ്ങള്‍, വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും രൂപതാതല ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തും. വര്‍ഷാചരണം, വിവിധ കര്‍മ്മ പരിപാടികള്‍ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിക്കും. രൂപതയിലെ കര്‍ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച 5 കര്‍ഷകരെ ആദരിക്കുകയും ജൂബിലി ആന്തം, എംബ്ലം മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഉപഹാരം സമര്‍പ്പിക്കുകയും ചെയ്യും.
ആതിഥേയരായ കുമളി ഫൊറോനയില്‍ നിന്നുമുള്ള വോളണ്ടിയേഴ്‌സിന്റെ സഹകരണത്തില്‍ വിപുലമായ ക്രമീകരണങ്ങളോടെയാണ് രൂപതാദിന വേദി സജ്ജമാക്കിയിരിക്കുന്നത്.
പാര്‍ക്കിംഗ്: ചെളിമടയില്‍ നിന്നും എത്തുന്നവര്‍ക്ക് ചെളിമട-ഒന്നാം മൈല്‍ റോഡില്‍ അട്ടപ്പള്ളം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന് മുന്‍പായി ഇരുവശങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. ആനവിലാസം-പത്തുമുറി ഭാഗത്ത് നിന്നും എത്തുന്നവര്‍ക്ക് പള്ളിയിലെത്തുന്നതിനു മുമ്പ് ഇരുവശങ്ങളിലായി പാര്‍ക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കുമളി-മൂന്നാര്‍ റോഡിലൂടെ വരുന്നവര്‍ക്ക് ഒന്നാംമൈല്‍ കുരിശുപള്ളിക്കു മുമ്പായും, സഹ്യജ്യോതി കോളജ്, ബഥനി സ്‌കൂള്‍ ഗ്രൗണ്ടുകളിലുമായിരിക്കും പാര്‍ക്കിംഗ്.