വത്തിക്കാൻ സിറ്റി: കാനൻ ലോ ഗ്രന്ഥങ്ങളുടെ നവീകരണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയിലേക്ക് മലയാളി വൈദികൻ ഉൾപ്പെടെ ഒൻപതുപേരെ പുതുതായി നിയമിച്ച് ഫ്രാൻസിസ് പാപ്പ. ആറ് പാശ്ചാത്യ ലത്തീൻ നിയമവിദഗ്ദ്ധരെയും മൂന്ന് പൗരസ്ത്യ സഭാനിയമ വിദഗ്ദ്ധരെയുമാണ് പാപ്പ നിയമിച്ചത്. പാലാ രൂപതാംഗമായ മോൺ. പോൾ പള്ളത്താണ് ഇതിൽ ഉൾപ്പെട്ട മലയാളി വൈദികൻ. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും, വിശുദ്ധരുടെ നാമകരണ നടപടികളുടെ കോൺഗ്രിഗേഷൻ സമിതി അംഗവും, പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ഉപദേശകനുമാണ് മോൺ. പോൾ പള്ളത്ത്.
ഹോളി ക്രോസ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഫാ. ഡേവിഡ് സിട്ടോ, ഉർബാനിയൻ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഫാ. ആൻഡ്രെയ, ഡൊമിനിക്കൻ സഭാംഗമായ ഫാ. ബ്രൂണോ, ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റി അധ്യാപകൻ ഫാ. ഉൾരിഹ് എസ്.ജെ, സിസ്റ്റർഷ്യൻ സന്യാസിയായ സെബാസ്റ്റ്യനോ പെയിച്ചോള, റോമിലെ ലാറ്ററൻ യൂണിവേഴ്‌സിറ്റി റെക്ടർ വിച്ചെൻസോ ബൊനോമോ എന്നിവരാണ് പാശ്ചാത്യ സഭയിൽനിന്നുള്ളത്. മെൽക്കൈറ്റ് ആർച്ച്ബിഷപ്പ് മാർ ഏലി ഹദ്ദാദ്, അന്ത്യോക്യായിലെ മാരോണൈറ്റ് കൂരിയാ ബിഷപ്പ് മാർ ഹന്ന എന്നിവരാണ് പൗരസ്ത്യ സഭയിൽനിന്ന് നിയമിക്കപ്പെട്ട മറ്റുള്ളവർ.
പാലാ ഏഴാച്ചേരി പള്ളത്ത് അഗസ്റ്റിൻ- മേരിക്കുട്ടി ദമ്പതികളുടെ മകനായ മോൺ. പോൾ പള്ളത്ത് 1987ലാണ് തിരുപ്പട്ടം സ്വീകരിച്ചത്. പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരി, റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു വൈദിക പരിശീലനം. ലാറ്റിൻ കാനൻ നിയമത്തിലും പൗരസ്ത്യ കാനൻ നിയമത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ലാറ്റിൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമൻ തുടങ്ങി എട്ടു ഭാഷകളിൽ പ്രാവീണ്യമുള്ള ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയ്താവാണ്.
