വത്തിക്കാൻ സിറ്റി: മുത്തശ്ശീ മുത്തശ്ശന്മാർക്കും മറ്റു വയോധികർക്കുമായി ആഗോള ദിനാചരണം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. യേശുവിന്റെ മുത്തശ്ശി മുത്തശ്ശന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വിശുദ്ധ യോവാക്കിം- അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തു വരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ചയാണ് ഇതിനായി തിരുസഭ മാറ്റിവെക്കുന്നത്. ജൂലൈ 26നാണ് ആഗോളസഭയിൽ വിശുദ്ധ യോവാക്കിം- അന്ന ദമ്പതികളുടെ തിരുനാൾ ആഘോഷിക്കുന്നത്. അതുപ്രകാരം ഈ വർഷം ജൂലൈ 25 ന് ആയിരിക്കും പ്രഥമ വയോധിക ദിനാചരണം.
കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനയ്ക്കിടയിലാണ് ഇക്കാര്യം പാപ്പ പ്രഖ്യാപിച്ചത്. അറിവിന്റെയും അനുഭവത്തിന്റെയും ഉറവിടമായി വയോധികരെ കാണണമെന്നും പ്രയോജനരഹിതരെന്ന മിഥ്യാധാരണയാൽ അവർ പുറത്താക്കപ്പെടരുതെന്നുമുള്ള ഓർമപ്പെടുത്തലോടെയായിരുന്നു പാപ്പയുടെ പ്രഖ്യാപനം. ‘ഓരോ കുടുംബത്തിലെയും മുത്തശ്ശി മുത്തശ്ശന്മാരെ പലപ്പോഴും നാം മറന്നു പോകുന്നു. സത്യത്തിൽ അവരാണ് പുതുതലമുറയ്ക്ക് വിശ്വാസം പകർന്നു നൽകുന്നവരിൽ പ്രധാനികൾ. ദൈവത്തിന്റെ ദാനങ്ങളെ വാഴ്ത്തുകയും ജനതയുടെ വേരുകളെ ഉറപ്പിക്കുകയും ചെയ്യുന്നവരാണ് വയോധികർ. അവരുടെ ശബ്ദം വിലപ്പെട്ടതാണ്,’ പാപ്പ ഉദ്‌ബോധിപ്പിച്ചു.
