വിരുദുനഗര്‍ : തമിഴ്നാടിന്റെ തെക്കന്‍ ജില്ല വിരുദുനഗറിലെ സാത്തൂരിനു സമീപം അച്ചന്‍കുളം ഗ്രാമത്തില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവര്‍ 19 ആയി ഉയര്‍ന്നതായി ജില്ലാ കലക്റ്റര്‍ ആര്‍. കണ്ണന്‍ പറഞ്ഞു. മുപ്പതിലേറെ പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റവരെ സാത്തൂര്‍, ശിവകാശി, കോവില്‍പ്പട്ടി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കരിമരുന്നു നിര്‍മിക്കുന്ന രാസവസ്തുക്കള്‍ കൂട്ടിച്ചേര്ക്കുമ്ബോഴാണു സ്ഫോടനമുണ്ടായത്. രണ്ടു മണിക്കൂറിലേറെ നീണ്ട കഠിന പ്രയത്നത്തിനു ശേഷമാണ് തീ അണച്ചതെന്ന് ജില്ലാ കലക്റ്റര്‍ ഇന്നു രാവിലെ വ്യക്തമാക്കി.
നിര്‍മാണ ശാല സ്ഫോടനത്തില്‍ തകര്‍ന്നു. ദുരന്തകാരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു പടക്കനിര്‍മാണ ശാല പ്രവര്‍ത്തിച്ചിരുന്നതെന്ന് ആരോപണമുയരുന്നുണ്ട്. “ഫാന്‍സി ക്രാക്കറുകള്‍’ നിര്‍മിക്കുന്നതിനാണു നിര്‍മാണ ശാലയ്ക്കു ലൈസന്‍സ് നല്‍കിയിരുന്നതെന്ന് ജില്ല കലക്റ്റര്‍ പറഞ്ഞു. നൂറിലേറെ പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി കെ. പളനി സാമി, ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി, ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ തുടങ്ങിയവര്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം നല്‍കുമെന്ന് മോദി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ വീതം നല്‍കുമെന്ന് പളനി സാമിയും അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതം കേന്ദ്ര സര്‍ക്കാരും ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചു.