ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചെടുത്തതിനെ തുടർന്ന് സ്ഥിതിഗതികൾ ആതീവ ഗുരുതരമാകുന്ന മ്യാൻമറിനും അവിടുത്ത ജനങ്ങൾക്കുവേണ്ടി കൂപ്പുകരങ്ങളോടെ വീണ്ടും ഫ്രാൻസിസ് പാപ്പ

ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചെടുത്തതിനെ തുടർന്ന് സ്ഥിതിഗതികൾ ആതീവ ഗുരുതരമാകുന്ന മ്യാൻമറിനും അവിടുത്ത ജനങ്ങൾക്കുവേണ്ടി കൂപ്പുകരങ്ങളോടെ വീണ്ടും ഫ്രാൻസിസ് പാപ്പയുടെ അഭ്യർത്ഥന. ഇന്നത്തെ പൊതുസന്ദർശന സന്ദേശം നൽകവേയായിരുന്നു, ഹൃദയം നുറുങ്ങിയുള്ള അഭ്യർത്ഥന പാപ്പ ആവർത്തിച്ചത്.

മ്യാൻമറിന്റെ തെരുവുകളിൽ മുട്ടുകുത്തി ഞാനും യാചിക്കുന്നു, അക്രമം അവസാനിപ്പിക്കൂ. കരങ്ങൾ വിരിച്ചുപിടിച്ച് ഞാനും അഭ്യർത്ഥിക്കുന്നു, സംവാദം പ്രബലപ്പെടട്ടെ,’ ജനാധിപത്യത്തിനുവേണ്ടി വാദിച്ച് തെരുവിലിറങ്ങിയ ജനക്കൂട്ടത്തെ അടിച്ചമർത്താൻ ഒരുങ്ങിയ പൊലീസുകാർക്ക് മുന്നിൽ മുട്ടിന്മേൽനിന്ന് ജനങ്ങളെ കൊല്ലരുതേ എന്ന് അപേക്ഷിച്ച സിസ്റ്റർ ആൻ റോസ് നു താങിനെ അനുസ്മരിച്ചുകൊണ്ട് പാപ്പ അപേക്ഷിച്ചു.

മിലിട്ടറി ജനറൽ മിൻ ഔങ് ഹ്ലിയാങ്ങിന്റെ നേതൃത്വത്തിലുള്ള പട്ടാളം ഫെബ്രുവരി ഒന്നിന് ഭരണം പിടിച്ചെടുത്തതോടെയാണ് മ്യാൻമാർ സംഘർഷ ഭൂമിയായത്. ഭരണകക്ഷിയായ ‘നാഷണൽ ലീഗ് ഫോർ ഡെമോക്രസി’ (എൻ.എൽ.ഡി) സ്റ്റേറ്റ് കൗൺസിലറും സമാധാന നോബൽ ജേതാവുമായ ആങ് സാൻ സൂ ചീ, മ്യാൻമർ പ്രസിഡന്റ് വിൻ മിയിന്റ് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ നേതാക്കന്മാരെയെല്ലാം തടവിലാക്കിയ സൈന്യം ഒരു വർഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

ഇതേ തുടർന്ന്, ജനാധിപത്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധങ്ങൾക്കുനേരെ പട്ടാളം ഉരുക്കുമുഷ്ടി പ്രയോഗിച്ചതോടെ നിരത്തുകൾ കൊലക്കളമായി മാറുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 12 പേരും ഞായറാഴ്ച 38 പേരും ഇന്നലെ ഏഴു പേരും കൊല്ലപ്പെട്ടെന്നും ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 90 കടന്നുവെന്നുമാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.

ഈ സാഹചര്യത്തിലാണ്, മ്യാൻമറിലെ ജനതയ്ക്കായി ഫ്രാൻസിസ് പാപ്പ വീണ്ടും അഭ്യർത്ഥിച്ചത്. ‘സ്വന്തം നാടിന് പ്രതീക്ഷയേകാൻ വേണ്ടി നിരവധിപ്പേർ വിശിഷ്യാ, യുവജനങ്ങൾ ജീവൻ നഷ്ടപ്പെടുത്തുന്ന മ്യാൻമറിലെ നാടകീയമായ അവസ്ഥയെക്കുറിച്ച് അതീവ ദുഃഖത്തോടെ വീണ്ടും അനുസ്മരിക്കേണ്ടതിന്റെ അടിയന്താരാവശ്യം ഞാൻ തിരിച്ചറിയുന്നു,’ എന്ന വാക്കുകളെ തുടർന്നാണ്, സിസ്റ്റർ ആൻ റോസിനെ അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പ അഭ്യർത്ഥന നടത്തിയത്.

മ്യാൻമറിനുവേണ്ടി പാപ്പ അഭ്യർത്ഥന നടത്തുന്നത് ഇത് നാലാം തവണയാണ്. ഫെബ്രുവരി ഏഴിലെ ആഞ്ചലൂസ് പ്രാർത്ഥനാ മധ്യേ, നന്മയും സാമൂഹ്യനീതിയും നടപ്പാകാൻ മ്യാൻമറിലെ പട്ടാളം ആത്മാർത്ഥമായ സന്നദ്ധത പ്രകടിപ്പിക്കണമെന്ന് പാപ്പ ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം വിവിധ രാജ്യങ്ങളിൽനിന്നുള്ള അംബാസിഡർമാരുമായുള്ള കൂടിക്കാഴ്ചയിൽ, മ്യാൻമാറിലെ ജനതയോടുള്ള തന്റെ സാമീപ്യം വ്യക്തമാക്കിയ പാപ്പ ജനാധിപത്യത്തിനു നേർക്കുള്ള പട്ടാളത്തിന്റെ അതിക്രമത്തെ അപലപിക്കുകയും ചെയ്തു.

മാർച്ച് മൂന്നിനുള്ള പൊതുദർശനത്തിലും പാപ്പ മ്യാൻമറിനുവേണ്ടി ശബ്ദമുയർത്തി. അടിച്ചമർത്തലുകൾക്കുമേൽ സംഭാഷണവും അഭിപ്രായ ഭിന്നതകൾക്കുമേൽ ഐക്യവും പ്രബലപ്പെടണമെന്ന് ആഹ്വാനം ചെയ്ത പാപ്പ, മ്യാൻമറിൽ സമീപകാലത്ത് ആരംഭിച്ച ജനാധിപത്യ പ്രയാണം പുനരാരംഭിക്കണമെങ്കിൽ അന്നാട്ടിൽ തടവുകാരാക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയനേതാക്കളുടെ മോചനം അനിവാര്യമാണെന്നും ആവർത്തിച്ചു.

Leave a Reply