ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളുടെ പട്ടികയില്‍ ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സീന്‍ കൊവാക്സീനെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ. അനുമതി തേടി ലോകാരോഗ്യ സംഘടനയെ സമീപിച്ചു. കൊവാക്സീന്‍, കൊവീഷീല്‍ഡ് എന്നീ ഇന്ത്യന്‍ നിര്‍മ്മിത വാക്സീനുകളാണ് ഇന്ത്യയില്‍ പ്രധാനമായും വിതരണം ചെയ്യുന്നത്. ഇതില്‍ കൊവീഷീല്‍ഡിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം കൊവാക്സീനും അംഗീകാരം നല്‍കണമെന്നാണ് ആവശ്യം.വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം വിവിധ രാജ്യങ്ങള്‍ പ്രവേശാനുമതി നല്‍കുന്ന സാഹചര്യത്തില്‍ കൊവാക്സീന്‍ സ്വീകരിച്ചവര്‍ക്ക് പല രാജ്യങ്ങളും അനുമതി നിഷേധിക്കുന്നുവെന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിന്റെ സാഹചര്യത്തിലാണ് കേന്ദ്രം അംഗീകാരത്തിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.
അതേ സമയം രണ്ട് ഡോസ് കൊവിഡ് വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് അന്താരാഷ്ട്ര യാത്രകള്‍ക്ക് വാക്സീന്‍ പാസ്പോര്‍ട് നല്‍കുന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്താന്‍ ലോകാരോഗ്യ സംഘടനയില്‍ ചര്‍കള്‍ തുടരുകയാണെന്നും ആരോഗ്യ സെക്രട്ടറി ലൗ അഗര്‍വാള്‍ വ്യക്തമാക്കി.രാജ്യത്ത് വാക്സീനേഷന്‍ നിലവില്‍ മന്ദഗതിയിലാണ്. ദില്ലിയില്‍ 18-44 വരെയുള്ളവരുടെ വാക്സീനേഷന്‍ നിറുത്തിവെച്ചു. ഈ വിഭാഗത്തിലുള്ളവര്‍ക്കായി നീക്കിവച്ച വാക്സീന്‍ സ്റ്റോക്ക് അവസാനിച്ചതിനാലാണ് തീരുമാനത്തിലേക്ക് എത്തിയതെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അറിയിച്ചത്. കൂടുതല്‍ വാക്‌സീന്‍ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

