കരസേനയിലെ വനിതാ ഉദ്യോഗസ്ഥകള്‍ക്കും സ്ഥിര കമ്മീഷന്‍ നിയമനം; ഉത്തരവുമായി സുപ്രിം കോടതി

ന്യൂഡല്‍ഹി: അച്ചടക്ക, വിജിലന്‍സ് ക്ലിയറന്‍സിന് വിധേയമായി വനിതാ ഉദ്യോഗസ്ഥരെ സ്ഥിരം കമ്മീഷന് (പിസി) പരിഗണിക്കണമെന്ന് സുപ്രീം കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. കരസേനയില്‍ വനിതകളോടുള്ള വേര്‍തിരിവിനെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. സൈന്യത്തില്‍ സ്ഥിരം കമ്മീഷന് വേണ്ടി 80 ഓളം വനിതാ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

നിരവധി നിര്‍ദേശങ്ങളോടെയാണ് തങ്ങള്‍ ഈ നിവേദനങ്ങള്‍ അനുവദിക്കുന്നത്. അച്ചടക്ക, വിജിലന്‍സ് ക്ലിയറന്‍സിന് വിധേയമായി സ്ഥിരം കമ്മീഷനായി ഉദ്യോഗസ്ഥരെ പരിഗണിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇത് തുടരും, അവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

സൈന്യത്തില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ ലഭിക്കാന്‍ ആവശ്യപ്പെടുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് മാനദണ്ഡങ്ങള്‍ ഏകപക്ഷീയവും യുക്തിരഹിതവുമാണ്. പുരുഷന്മാര്‍, പുരുഷന്മാര്‍ക്ക് വേണ്ടി സൃഷ്ടിച്ചതാണ് നമ്മുടെ സമൂഹത്തിന്റെ ഘടനയെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. കരസേന സ്വീകരിക്കുന്ന മൂല്യനിര്‍ണ്ണയ മാനദണ്ഡം സ്ത്രീകളോടുള്ള വ്യവസ്ഥാപരമായ വിവേചനമാണെന്നും കോടതി ചൂണ്ടികാട്ടി.

സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നാവികസേനയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മീഷന്‍ പദവികള്‍ നല്‍കാന്‍ 2010-ല്‍ ഡല്‍ഹി ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിരോധമന്ത്രാലയം സുപ്രീംകോടതിയെ സമീപിച്ചത്.

കോടതിയുടെ മുന്‍ വിധി പാലിച്ചില്ലെന്ന് ആരോപണ നേരിടുന്നവര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. ഒരുപാട് വനിതാ ഓഫീസര്‍മാര്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.കായിക ഇനങ്ങളില്‍ മികവ് പുലര്‍ത്തുന്നവരെ അവഗണിച്ചതായും കോടതി കണ്ടെത്തി. സ്ത്രീകളുട ശാരീരിക സവിശേഷതകള്‍ ചൂണ്ടിക്കാണിച്ച്‌ എതിര്‍ ഹര്‍ജി നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ മനഃസ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.

Leave a Reply