തിരുവനന്തപുരം;സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്റീന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍.
ജീവനക്കാരുടെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ള ജീവനക്കാരും പൊതു അവധികള്‍ ഉള്‍പ്പെടെ ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാല്‍ ഓഫീസില്‍ ഹാജരാകണമെന്ന് ഉത്തരവില്‍ പറയുന്നു.ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കാഷ്വല്‍ ലീവിന് അനുമതി ലഭിക്കുക.
നിലവില്‍ കൊവിഡ് ബാധിച്ച് പത്താം ദിവസമാണ് നെഗറ്റീവ് ആയതായി കണക്കാക്കുന്നത്. മാത്രമല്ല നെഗറ്റീവ് ആയോ എന്ന് അറിയാന്‍ പരിശോധനയും ഒഴിവാക്കിയിരുന്നു. നേരത്തേ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്ക് 10 ദിവസമായിരുന്നു ക്വാറന്റീന്‍. എന്നാല്‍ ഇവര്‍ക്ക് 7 ദിവസം ക്വാറന്റീന്‍ മതിയാകും.
കോവിഡ് രോഗിയുമായി പ്രാഥമിക സമ്ബര്‍ക്കപട്ടികയില്‍ വന്ന ജീവനക്കാരന്‍ മൂന്നു മാസത്തിനിടയില്‍ കോവിഡ് രോഗമുക്തനായ വ്യക്തിയാണെങ്കില്‍ ക്വാറന്റീനില്‍ പോകേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. അത്തരം വ്യക്തികള്‍ക്ക് കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചും രോഗലക്ഷണങ്ങള്‍ക്ക് സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടും ഓഫീസില്‍ ഹാജരാകുകയും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുകയും വേണം.
കൊവിഡ് മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ ചികിത്‌സ തേടേണ്ടി വരുന്ന ജീവനക്കാര്‍ക്ക് ചികിത്സാ കാലയളവ് മുഴുവനും മെഡിക്കല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ ഈ സംവിധാനം ജീവനക്കാര്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെ്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

