കോവിഡ് രണ്ടാം തരംഗം;മരണം രണ്ടുലക്ഷം കടന്നു,24 മണിക്കൂറിനിടെ 91,702 പുതിയ കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 91,702 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,403 പേരുടെ മരണമാണ് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 1,34,580 പേര്‍ ഈ സമയത്തിനുള്ളില്‍ രോ​ഗമുക്തി നേടി. മൂന്ന് ദിവസമായി രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്.

കൊവിഡ് രണ്ടാം തരം​ഗത്തില്‍ മാത്രം രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്കാണ് രോ​ഗബാധ മൂലം ജീവന്‍ നഷ്ടപ്പെട്ടത്. രണ്ടായിരത്തിലധികം കൊവിഡ് മരണമാണ് മാര്‍ച്ച്‌ ഒന്നിന് ശേഷം പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് കണക്കുകള്‍. 3,63,029 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതേസമയം, ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്ക് വേണ്ട എന്ന് ഇന്നലെ മാര്‍​ഗനിര്‍ദേശം പുറത്തിറക്കി.

6 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഡോക്റുടെയോ രക്ഷിതാക്കളുടെയോ മേല്‍നോട്ടത്തില്‍ മാസ്ക് ഉപയോഗിക്കാം. 12 വയസ്സിനു മുകളിലുള്ളവര്‍ മുതിര്‍ന്നവരെ പോലെ തന്നെ മാസ്ക് ധരിക്കണം. 18 വയസ്സിനു താഴെയുള്ള കുട്ടികളില്‍ റെംഡിസിവിര്‍ മരുന്ന് ഉപയോഗിക്കരുത് എന്നും നിര്‍ദേശത്തിലുണ്ട്. കുട്ടികളിലെ ഓക്സിജന്‍ നില പരിശോധിക്കാന്‍ സിക്സ് മിനുട്ട് വോക്ക് എന്ന പരിശോധന രീതിയും ഡിജിഎച്ച്‌എസ് നിര്‍ദേശിച്ചു. ഓക്സി മീറ്റര്‍ ഘടിപ്പിച്ച ശേഷം ഒരു മുറിക്കുള്ളില്‍ ആറു മിനുട്ട് തുടര്‍ച്ചയായി കുട്ടിയെ നടത്തിക്കണം. ഓക്സിജന്‍ നില 94 ശതമാനത്തില്‍ താഴുകയാണെങ്കില്‍ ഇത് ശ്വസന പ്രശ്നങ്ങളുടെ തുടക്കമായി കാണണം എന്നാണ് നിര്‍ദേശം. ആസ്ത്മയുള്ള കുട്ടികളില്‍ ഈ പരീക്ഷണം നടത്തരുത് എന്നും നിര്‍ദേശത്തിലുണ്ട്.