ഇതാണ് 84 കാരന്റെ ഹീറോയിസം…

ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തെ പറ്റി ഇറാഖിൽ നിന്ന് സി. റ്റെസ് മരിയ സി എം സി എഴുതിയ ലേഖനം

നൂറ്റാണ്ടുകള്‍ക്കുമുമ്പ് വിശ്വാസത്തിന്‍റെ വേര്, ആഴ്ന്നിറങ്ങിയ പുണ്യഭൂമിയാണ് ഇറാഖ്. വിശ്വാസികളുടെ പിതാവായ അബ്രാഹത്തിനും, ബൈബിളില്‍ കാണുന്ന മറ്റ് പല ദൈവപ്രവാചകന്മാര്‍ക്കുമായി, ദൈവത്തിന്‍റെ കൂടാരം ഭൂമിയുമായി സംഗമിപ്പിച്ച പുണ്യസങ്കേതം. ദൈവം മനുഷ്യനോടൊപ്പം സഞ്ചരിച്ച, ദൈവത്തിന്‍റെ കരുണയും സമാധാനവും സ്നേഹവും നദിപോലെ ഒഴുകിയ, പുണ്യസ്ഥലമായിരുന്ന ഇറാഖ് ഇന്ന്, യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ദുരന്തഭൂമിയാണ്. സര്‍വ്വാധിപത്യവും, സാമ്രാജ്യത്വാഭിനിവേശവും, മതഭീകരവാദവും, സ്വാതന്ത്ര്യപോരാട്ടവും, യുദ്ധവുമെല്ലാം ഒന്നുചേര്‍ന്ന് മരണത്തിന്‍റെ ഗന്ധമുള്ള രാജ്യമായി ഇതിനെ മാറ്റിയിരിക്കുന്നു.
ഒരു കാലത്ത് ക്രൈസ്തവരുടെ രാജ്യമായിരുന്നു ഇറാഖ്. എന്നാല്‍ ഇന്നിവിടെ 1.5% ക്രിസ്ത്യാനികള്‍ മാത്രമാണുള്ളത്. ലോകത്തെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവസമൂഹമുള്‍പ്പെടെ, മറ്റ് അനേകം മനുഷ്യജന്മങ്ങളുടെ രക്തംവീണ് കുതിര്‍ന്ന മണ്ണില്‍, ഇന്ന് ജീവിച്ചിരിക്കുന്ന വിശുദ്ധനായ യഥാര്‍ത്ഥ ഇടയന്‍റെ പാദസ്പര്‍ശം, വളരെ വലിയ ദൈവനിയോഗമായി തന്നെ ഞാന്‍ കാണുന്നു. യുദ്ധത്തിന്‍റെയും, ഭീകരതയുടെയും, സംഘര്‍ഷങ്ങളുടെയും, കലാപങ്ങളുടെയും അന്തരീക്ഷത്തില്‍നിന്നും മോചനം പ്രാപിച്ചിട്ടില്ലാത്ത, ദൈവവിശ്വാസത്തെപ്രതി ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ മക്കളെ മാറോട് അണയ്ക്കാന്‍ കത്തോലിക്കാസഭയുടെ അമരക്കാരനായ സ്നേഹപിതാവ്, ഫ്രാന്‍സിസ് പാപ്പ, അപകടം നിറഞ്ഞ, തന്‍റെതന്നെ ജീവിതത്തെ ബലി കഴിക്കുന്നതിന് തുല്യമായ ഒരു സന്ദര്‍ശനത്തിന് തയ്യാറായി എന്നത് എടുത്തുപറയത്തക്കതാണ്.
ക്രൈസ്തവരോടും ക്രൈസ്തവമതനേതാക്കളോടും താല്പര്യമുള്ള ഇപ്പോഴത്തെ ഇറാഖ് പ്രസിഡന്‍റ് ബര്‍ഹമം സാലഹ്, 2 വര്‍ഷങ്ങള്‍ക്കുമുമ്പ്, വര്‍ത്തിക്കാന്‍ സന്ദര്‍ശിച്ച് പോപ്പുമായി കൂടിക്കാഴ്ച നടത്തുകയും, ദൈവവിശ്വാസം പൈതൃകമായി ഉണ്ടായിരുന്ന ഇറാഖിലേക്ക് പോപ്പിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. 2020 ജനുവരിയില്‍ ഇറാഖിലേക്ക് പോപ്പ് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും, ആ നാളുകളില്‍ ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്ദാദില്‍ നിലനിന്നിരുന്ന രാഷ്ട്രീയപ്രതിസന്ധിയാലും മഹാമാരിയാലും സന്ദര്‍ശനം സാധ്യമായില്ല. അടുത്തുതന്നെ മാറാനിരിക്കുന്ന ഗവണ്മെന്‍റ് ഭരണാധികാരികളുടെ അതിയായ താല്പര്യത്താലും, ക്രൈസ്തവമതനേതാക്കളുടെ തീക്ഷ്ണതയാലും, സഹനത്തിന്‍റെ ഞെരിപ്പോടില്‍ കഴിയുന്ന ഇറാഖ് ജനതയെ ഇനിയും നിരാശരാക്കാന്‍ ഞാന്‍ തയ്യാറല്ലാ എന്നുപറഞ്ഞുകൊണ്ട്, 84 വയസുകാരനായ പാപ്പ തന്‍റെ ആരോഗ്യമോ, ജീവനോ ഒന്നും പരിഗണിക്കാതെ, പ്രത്യാശയുടെ, സമാധാനത്തിന്‍റെ, സാഹോദര്യത്തിന്‍റെ, സ്നേഹത്തിന്‍റെ ദൂതുമായി ഇറാഖില്‍ കാലുകുത്തി. 2021 മാര്‍ച്ച് 5 ഉച്ചകഴിഞ്ഞ് 2 മണിയോടെ ബാഗ്ദാദ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ പരിശുദ്ധപിതാവ് പറന്നിറങ്ങിയപ്പോള്‍, സൗഹാര്‍ദ്ദത്തിന്‍റെയും സമാധാനത്തിന്‍റെയും, സ്നേഹോഷ്മളക്കാറ്റ് വീശുന്നുണ്ടായിരുന്നു. ഇറാഖില്‍, ലോകത്തിന്‍റെ മുഴുവന്‍ ഇടയനായ പരിശുദ്ധ പാപ്പയ്ക്ക് ഊഷ്മളമായ വരവേല്പാണ് നല്‍കിയത്. പ്രധാനമന്ത്രി, മുസ്തഫാ അല്‍ കാദമിയും, ഭരണകൂടത്തിലെ പ്രമുഖരും നേരിട്ട് എത്തി, സമ്പൂര്‍ണ്ണ സൈനികബഹുമതിയോടും പാരമ്പര്യചടങ്ങുകളോടും കൂടിയായിരുന്നു സ്വീകരണം. കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയും, മറ്റ് ക്രൈസ്തവ മതനേതാക്കളും, എയര്‍പോര്‍ട്ടില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയും, പ്രസിഡന്‍റുമായിട്ടുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കുശേഷം, ബാഗ്ദാദിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഔദ്യോഗികമായ സ്വീകരണവും, ഭരണകൂടത്തിലെ വിവിധമേഖലകളില്‍പ്പെട്ട അധികാരികളും, നയതന്ത്രപ്രതിനിധികളും ആയിട്ടുള്ള സംവാദത്തോടെ ഔദ്യോഗികപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. എല്ലാവരേയും തുല്യതയോടെ കണ്ട്, മനുഷ്യജന്മങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും മാനവികതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നുമുള്ള ആശയം പോപ്പ് പങ്കുവയ്ക്കുകയും, തന്നെ ഇവിടേയ്ക്ക് ക്ഷണിച്ച വലിയ സ്നേഹത്തിന് നന്ദിയര്‍പ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് തന്‍റെ യാത്രയുടെ ആദ്യദിവസംതന്നെ, പാപ്പാ സിറിയന്‍ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയമായ ഛൗൃ ഘമറ്യ ീള ടമഹ്മശേീി ല്‍ സന്ദര്‍ശനം നടത്തി. 2010 ല്‍ ഈ ദേവാലയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 2 വൈദികര്‍ ഉള്‍പ്പെടെ, 58 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ഓര്‍മ്മയ്ക്കായി പാപ്പ, പുഷ്പഹാരം അര്‍പ്പിക്കുകയും, രക്തസാക്ഷികളുടെ ഓര്‍മ്മകള്‍, കുരിശിന്‍റെ ശക്തിയിലുള്ള നമ്മുടെ ആത്മവിശ്വാസം പുതുക്കാന്‍ പ്രചോദനമാകുമെന്ന് പറയുകയും ചെയ്തു. ഈ ദേവാലയത്തില്‍വച്ചതന്നെ, ബിഷപ്പുമാര്‍, വൈദികര്‍, സിസ്റ്റേഴ്സ്, സെമിനാരി വിദ്യാര്‍ത്ഥികള്‍, മതബോധന അധ്യാപകര്‍ എന്നിവരുമായിട്ടുള്ള കൂടിക്കാഴ്ചയും നടത്തി.
പിറ്റേന്ന് മാര്‍ച്ച് 6 ശനിയാഴ്ച, ഫ്രാന്‍സിസ് പാപ്പ, തെക്കന്‍ ഇറാഖിലെ നജഫ് നഗരം സന്ദര്‍ശിച്ച് മുസ്ലിം ഷിയാ സമൂഹത്തിന്‍റെ ഉന്നതനേതാവ് അലി സിസ്താനിയുമായി 45 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. പീഡിതരായ ക്രൈസ്തവസഭയുടെ ക്ഷേമത്തിനായി ഒറ്റക്കെട്ടായി മുന്നേറേണ്ടത് അത്യാവശ്യമെന്ന് സിസ്താനി പ്രസ്താവിച്ചു. ഷിയായുടെ ഉന്നതനേതാവ്, സമാധാനത്തിന്‍റെ മനുഷ്യന്‍ എന്ന് പോപ്പിനെ വിശേഷിപ്പിച്ചപ്പോള്‍ പരിശുദ്ധ പിതാവ്, അലി സിസ്താനിയെ ജ്ഞാനത്തിന്‍റെ മനുഷ്യന്‍ എന്നാണ് വിശേഷിപ്പിച്ചത്.
ഷിയായുടെ ഉന്നതനേതാവുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്കുശേഷം, 4000 വര്‍ഷങ്ങള്‍ക്കുമുമ്പ്, അബ്രാഹം തന്‍റെ ദൈവവിളിക്ക് പ്രത്യുത്തരിച്ച, ഊര്‍ എന്ന സ്ഥലത്തുവച്ച്, ഇറാഖിലെ എല്ലാ മതവിഭാഗത്തിലുംപെട്ട മതനേതാക്കന്മാരുമായി കൂടിക്കാഴ്ചകള്‍ നടത്തി. ഈ സദസില്‍, ദൈവം അബ്രാഹത്തോട് പറഞ്ഞ ദൈവവചനം പരിശുദ്ധ പിതാവ് ഓര്‍മ്മപ്പെടുത്തി. ആകാശത്തേക്ക് നോക്കുക. ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്‍റെ സന്താനപരമ്പരയും അതുപോലെയായിരിക്കും (ഉല്‍. 15/5). അതെ, ആ നക്ഷത്രങ്ങള്‍ നാം ഓരോരുത്തരും ആണെന്നും, നമ്മുടെയെല്ലാം സ്രഷ്ടാവ്, ഏകദൈവമായതിനാല്‍, നാമെല്ലാം പരസ്പര സഹോദരസ്നേഹത്തില്‍ ജീവിക്കണമെന്നും, ദൈവത്തിന്‍റെ പേരില്‍, മതത്തെ മറയാക്കി, അക്രമങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. നജഫിലും ഊറിലും നടന്ന ചരിത്രപരമായ സംഭവത്തോടുള്ള ഓര്‍മ്മയെ അനുസ്മരിച്ചുകൊണ്ട്, ഇറാഖി പ്രധാനമന്ത്രി, മാര്‍ച്ച് 6, സഹിഷ്ണതയുടെയും സഹവര്‍ത്തിത്വത്തിന്‍റെയും ദേശീയദിനമായി പ്രഖ്യാപിച്ചു. അന്നേദിവസം വൈകുന്നേരം, ബാഗ്ദാദിലെ സെന്‍റ് ജോസഫ് കല്‍ദായ കത്തീഡ്രലില്‍, കല്‍ദായ ആരാധനക്രമത്തില്‍, ഇറാഖിലെ മണ്ണില്‍ ആദ്യമായി പാപ്പ ബലിയര്‍പ്പണം നടത്തി.
അപ്പസ്തോലിക സന്ദര്‍ശനത്തിലെ 3-ാം ഞായറാഴ്ച, കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ ഭരണാധികാരികള്‍, എര്‍ബിലില്‍വച്ച് പാപ്പായ്ക്ക് വലിയ സ്വീകരണം നല്‍കി. ഇറാഖിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച്, ഇവിടെ കൂടുതല്‍ സമാധാനാന്തരീക്ഷം ഉള്ളതിനാലും, ക്രൈസ്തവമതപീഡനക്കാലങ്ങളില്‍ അനേകരെ, അഭയാര്‍ത്ഥികളായി, ഈ ഭരണാധികാരികള്‍ സ്വീകരിച്ചതിനാലും, മാര്‍പാപ്പ ഈ പ്രവിശ്യയ്ക്ക് പ്രത്യേകം നന്ദിയര്‍പ്പിച്ചു. തുടര്‍ന്ന് ദൈവവിശ്വാസം മുറുകെ പിടിച്ചതിന്‍റെ പേരില്‍, ക്രൈസ്തവരുടെയും, മറ്റ് മനുഷ്യജന്മങ്ങളുടെയും രക്തം വീണ് കുതിര്‍ന്ന, ഇന്നും മരണത്തിന്‍റെ ശോകമൂകത നിറഞ്ഞുനില്ക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവനഗരങ്ങളായ മൊസൂള്‍ (നിനവേ) ഖരഘോഷ് എന്നിവിടങ്ങള്‍, പാപ്പ സന്ദര്‍ശിച്ചു. പരിശുദ്ധപിതാവ് പറഞ്ഞു, അനുതപിക്കുന്നവനായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. സംഭവിച്ച ക്രൂരതയ്ക്കും നഷ്ടങ്ങള്‍ക്കും ദൈവത്തോടും, സഹോദരങ്ങളോടും ഞാന്‍ മാപ്പ് അപേക്ഷിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ തകര്‍ത്ത ചുറ്റുമുള്ള നാല് ദേവാലയങ്ങളുടെ, ഒരു സൈഡില്‍, പ്രത്യേകം ഒരുക്കിയിരുന്ന, അങ്കണത്തിലായിരുന്നു പാപ്പയ്ക്കുള്ള സ്വീകരണം. ഒരു കാലത്ത്, ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഇടമായിരുന്നു മൊസൂള്‍ (നിനവേ) എങ്കില്‍, പീഡനം മൂലം, ഇന്ന് വളരെ കുറച്ച് ക്രൈസ്തവര്‍ മാത്രമേ അവിടെ ശേഷിച്ചിട്ടുള്ളു. അതുകൊണ്ടുതന്നെ, ക്രൈസ്തവ സഹോദരങ്ങളോട് ചേര്‍ന്ന്, അവിടുത്തെ മുസ്ലിം ഭരണാധികാരികളും മുസ്ലിം ജനങ്ങളും പാപ്പയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ക്രമീകരിച്ചു. പീഡനംമൂലം പലായനം ചെയ്യപ്പെട്ട ക്രൈസ്തവരോട് തിരികെവരാന്‍ ആഹ്വാനം ചെയ്യണമെന്ന്, മുസ്ലിം ഭരണാധികാരികള്‍ പരിശുദ്ധ പിതാവിനോട് ആവശ്യപ്പെടുകയും പോപ്പ്, അവരുടെ ആവശ്യത്തെ അംഗീകരിക്കുകയും ചെയ്യുകയുണ്ടായി. മൊസൂളിലെ ഒരു മുസ്ലീം ആര്‍ട്ടിസ്റ്റ് ഒരു കുരിശ് ഉണ്ടാക്കി അതിന്‍റെ നടുവില്‍, പുരാതനകാലത്തെ മൊസൂള്‍നഗരം, രൂപകല്പന ചെയ്ത് പരിശുദ്ധ പിതാവിന് സമ്മാനിച്ചതും, വേദിയില്‍ സമാധാനത്തിന്‍റെ പ്രതീകമായി വെള്ളരിപ്രാവിനെ പറത്തിയതും എടുത്തുപറയത്തക്ക പ്രത്യേകതകളാണ്.
തകര്‍ന്നുകിടക്കുന്ന ദേവാലയങ്ങളുടെയും ഭവനങ്ങളുടെയും മധ്യേ, മരണപ്പെട്ടവര്‍ക്കും യുദ്ധത്തിന് ഇരയായവര്‍ക്കുംവേണ്ടി, പ്രത്യേക പ്രാര്‍ത്ഥന പോപ്പ് നടത്തി. നിനവേ നഗരത്തില്‍ തകര്‍ന്നുകിടക്കുന്ന, കര്‍ത്താവിന്‍റെ ആലയങ്ങളും, മനുഷ്യമക്കളുടെ ഭവനങ്ങളും അവര്‍ സഹിച്ച കഠിനമായ ക്രൂരതകളും മനസ്സിലാക്കിയ പാപ്പ, അല്പസമയം നിശ്ശബ്ദനായിനിന്നുപോയത് അനേകരെ വികാരഭരിതരാക്കി. അനാഥമായി കിടക്കുന്ന ആ ആലയങ്ങളിലെ കല്ലുകളും, അതിദാരുണമായി കൊല്ലപ്പെട്ട നിഷ്കളങ്ക ആത്മാക്കളും, ഈശോയെ ആര്‍ത്തുവിളിക്കുമെന്ന് ഒരുപക്ഷേ, പരിശുദ്ധപിതാവ് ചിന്തിച്ചിരിക്കാം.
മതമര്‍ദ്ദനത്തിന്‍റെ മുറിവുകള്‍ ഇന്നും ഉണങ്ങാത്ത, തീവ്രവാദികള്‍ ഏറ്റവും അധികം പ്രഹരമേല്‍പിച്ച, അവര്‍ തങ്ങളുടെ ആയുധപരിശീലനം നടത്തിയ, 90% ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഖരഘോഷിലായിരുന്നു പോപ്പിന്‍റെ അടുത്തസന്ദര്‍ശനം. ഏറ്റവുമധികം മുറിയപ്പെട്ട് കഴിയുന്ന, ക്രൈസ്തവമക്കളുടെ പാപ്പായെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങളും, സ്വീകരണചട്ടങ്ങളും സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. അതിമനോഹരമായ വിധത്തില്‍ വളരെ ആവേശത്തോടെയാണ് അവര്‍ പാപ്പയ്ക്ക് സ്വീകരണം നല്‍കിയത് തീവ്രവാദികള്‍ നശിപ്പിക്കുകയും ആയുധപരിശീലനകേന്ദ്രമാക്കി മാറ്റുകയും ചെയ്തത് ഠവല കാാമരൗമലേ ഇീിരലുശേീി ഇവൗൃരവ ല്‍ സന്ദര്‍ശനം നടത്തിയപ്പോള്‍, തീവ്രവാദികളുടെ എല്ലാ പീഡനങ്ങളും നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്ത, വൃദ്ധയായ ഒരു സ്ത്രീ, തന്‍റെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. സര്‍വ്വതും നഷ്ടപ്പെട്ട് കഴിയുന്ന ക്രൈസ്തവജനങ്ങളോട് പാപ്പ പറഞ്ഞു. നമ്മുടെ ക്രിസ്തു മരണത്തെ പരാജയപ്പെടുത്തിയവനാണ്. അതിനാല്‍ നാമും, നമ്മെ പീഡിപ്പിക്കുന്നവരോട്, നിരുപാധികം ക്ഷമിച്ച്, പ്രതീക്ഷ കൈവെടിയാത്തവരാകണം. ഇത്രയുമൊക്കെ യുദ്ധങ്ങളുടെയും പീഡനങ്ങളുടെയും ഇടയിലും പുതിയ തലമുറയ്ക്ക് ജന്മം കൊടുക്കുന്ന ഇവിടുത്തെ സ്ത്രീജനങ്ങള്‍, ധീരതയുള്ള സ്ത്രീകളാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. രക്തസാക്ഷികളാല്‍ നിറഞ്ഞിരിക്കുന്ന, നിങ്ങളുടെ ദേവാലയങ്ങള്‍ ജീവനുള്ള ദേവാലയങ്ങളാണ്. നിങ്ങളില്‍ നിങ്ങളുടെ ദേവാലയങ്ങളില്‍ ക്രിസ്തു ജീവിക്കുന്നുവെന്നും പാപ്പ പ്രസ്താവിച്ചു.
ഇറാഖിലെ തന്‍റെ പര്യടനത്തിന് അവസാനം കുറിച്ചുകൊണ്ട്, പരിശുദ്ധ പിതാവിന്‍റെ അവസാനകര്‍മ്മം, ഇറാഖിജനതയ്ക്കുവേണ്ടിയുള്ള ബലിയര്‍പ്പണമായിരുന്നു. എര്‍ബിലെ ഫ്രാന്‍സോ ഹരിരീ സ്റ്റേഡിയത്തില്‍, 8000 പേര്‍ അടങ്ങുന്ന വേദി ഇതിന് സാക്ഷിയായി. വി. കുര്‍ബാനമധ്യേ നടത്തിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ഞാന്‍ ഇവിടെനിന്നും പോയാലും എന്‍റെ ഹൃദയത്തില്‍ എന്നും ഇറാഖ് ഉണ്ടായിരിക്കും. പോപ്പിന്‍റെ അവസാനത്തെ ശ്ലൈഹിക ആശീര്‍വാദം, ഇറാഖില്‍ പൊട്ടിത്തകര്‍ന്നുകിടക്കുന്ന എല്ലാ സ്നേഹബന്ധങ്ങളെയും വിളക്കിച്ചേര്‍ക്കുമെന്ന് പ്രത്യാശിക്കാം. ഈ ബലിയര്‍പ്പണത്തില്‍, ഗവണ്മെന്‍റ് ഭരണാധികാരികളും മറ്റ് മതവിഭാഗക്കാരും സന്നിഹിതരായിരുന്നുവെന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. വി. ബലിക്കുശേഷം, യുദ്ധക്കെടുതിയില്‍, അഭയംതേടി, യൂറോപ്പിലേക്ക് യാത്ര തിരിച്ചതിനിടയില്‍ കടലില്‍ മുങ്ങിമരിച്ച അലന്‍റെ പിതാവ് അബ്ദുള്ള കുര്‍ദിയെ വ്യക്തിപരമായി കാണുകയുണ്ടായി.
അശാന്തിയുടെ അഗ്നിജ്വാലകള്‍ ഇനിയും അണയാത്ത ഇറാഖ് മണ്ണിലൂടെ, സുരക്ഷിതത്വഭീഷണിയോ, രക്തരൂക്ഷിത കലാപങ്ങളോ, പകര്‍ച്ചവ്യാധിയുടെ അതിപ്രസരണമോ ഒന്നു വകവയ്ക്കാതെ, ബലം കുറഞ്ഞ കാലുകളുമായി, വിവിധ കൂടിക്കാഴ്ചകള്‍ക്കായി 1450 കിലോമീറ്റര്‍ ദൂരമാണ് പാപ്പ സഞ്ചരിച്ചത്. ക്രൈസ്തവഹൃദയങ്ങളെ മാത്രമല്ല, ഇറാഖിജനതയുടെ മുഴുവന്‍ ഹൃദയങ്ങളെയും പാപ്പ തന്‍റെ ഈ യാത്രയിലൂടെ കീഴടക്കി. പാപ്പായുടെ സുരക്ഷയ്ക്കായി പതിനായിരത്തോളം സുരക്ഷാമേധാവികളും മറ്റ് സുരക്ഷാക്രമീകരണങ്ങളും രാജ്യം തയ്യാറാക്കിയിരുന്നു.
ലോകം ആകാംക്ഷയോടെ കണ്ണും നട്ടിരുന്ന ചരിത്രസംഭവമായിരുന്നു, ക്രൈസ്തവസഭയിലെ പരമാചാര്യന്‍റെ ഇറാഖിലെ അപ്പസ്തോലികസന്ദര്‍ശനം. ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം, വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ ആഗ്രഹപൂര്‍ത്തീകരണവും കൂടിയായിരുന്നു. 4 വര്‍ഷംമുമ്പ് നിനവേയില്‍ തങ്ങള്‍ ആരംഭിച്ചിരിക്കുന്ന ക്രൈസ്തവപീഡനം, റോമില്‍വരെ ഞങ്ങള്‍ എത്തിക്കുമെന്ന് വെല്ലുവിളിച്ച ഐ.എസ്.ഐ.എസ്. ഭീകരര്‍ അരങ്ങ്, വാണിരുന്ന നിനവേയില്‍, പരിശുദ്ധപിതാവ് എത്തി. ക്രൈസ്തവസഭയെ പീഡിപ്പിച്ചവരോട് മാപ്പ് ചോദിച്ചതും, പീഡനത്തിന് ഇരയായവരെല്ലാം അവരോട് ക്ഷമിക്കണമെന്ന് പറഞ്ഞതും, ഏവരുടെയും ഹൃദയം തുറപ്പിക്കുന്ന നിമിഷങ്ങളായിരുന്നു. ഇവിടെ തീവ്രവാദികളുടെ മനസ്സിനെപോലും കീഴടക്കിക്കൊണ്ട് ആയുധങ്ങളെക്കാള്‍ ശക്തി സ്നേഹത്തിനാണെന്ന് പാപ്പ പഠിപ്പിച്ചു.
പാപ്പയുടെ ത്രിദിന സന്ദര്‍ശനം, ഇറാഖിനെ മുഴുവന്‍ പവിത്രീകരിച്ചുവെന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. ഇറാഖിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് 3 ദിനങ്ങള്‍ രാഷ്ട്രീയരംഗത്തും, സാമൂഹികരംഗത്തും, മാധ്യമരംഗത്തും യുദ്ധത്തിന്‍റെയോ, കലാപത്തിന്‍റെയോ ഭീഷണിയുടെയോ വാര്‍ത്തയില്ലാത്ത, സമാധാനത്തിന്‍റെയും ശാന്തിയുടെയും സ്നേഹത്തിന്‍റെയും കാഹളധ്വനികള്‍ മുഴങ്ങിയത്. പരിശുദ്ധപിതാവിന്‍റെ സന്ദര്‍ശനം, വിജയകരമായി സംഘടിപ്പിക്കുവാന്‍ ഇറാഖിസര്‍ക്കാരും മതനേതാക്കളും, കാണിച്ച ശുഷ്കാന്തിയും മികവും അഭിനന്ദനാര്‍ഹമാണ്. ക്രൈസ്തവര്‍ മാത്രമല്ല, മറ്റ് എല്ലാ മതവിഭാഗങ്ങളുംതന്നെ വളരെ പ്രതീക്ഷയോടെയാണ് പാപ്പായെ സ്വീകരിച്ചത്. സാഹോദര്യത്തിനുവേണ്ടിയുള്ള പാപ്പായുടെ ആഹ്വാനം എല്ലാ ജനതയും വളരെയധികം വിലമതിച്ചു. ആകെ ഒന്നരദിവസത്തെ തീര്‍ത്ഥാടനം പ്ലാന്‍ ചെയ്ത പാപ്പായുടെ തീരുമാനത്തെ 4 ദിവസമാക്കി മാറ്റുവാന്‍ മുന്‍കൈ എടുത്തത്, കല്‍ദായ മതനേതാക്കളും മറ്റ് ക്രൈസ്തവനേതാക്കളുമാണ്.
ക്രൈസ്തവപാരമ്പര്യത്തിന്‍റെ മടിത്തട്ടായ ഇറാഖില്‍ ചരിത്രസന്ദര്‍ശനം പൂര്‍ത്തിയാക്കി, മാര്‍ച്ച് 8 ന് പാപ്പ റോമിലേക്ക് മടങ്ങി. മടക്കയാത്രയ്ക്കുമുമ്പ് പരിശുദ്ധപിതാവ്, വ്യക്തിപരമായി വി. ബലിയര്‍പ്പിച്ചു. തന്‍റെ നിര്‍ണ്ണായകമായ ഇടപെടലിലൂടെയും ആത്മീയമായ തന്‍റെ സാന്നിധ്യത്തിലൂടെയും ഇറാഖില്‍, ആത്മീയവിളക്കായിതീര്‍ന്ന പാപ്പായ്ക്ക് ഹൃദ്യമായ യാത്രാമംഗളങ്ങള്‍ ഗവണ്‍മെന്‍റ് ഭരണാധികാരികളുടെയും മതനേതാക്കന്മാരുടെയും നേതൃത്വത്തില്‍ നല്‍കി. രാജ്യം ആവേശപൂര്‍വ്വം നല്‍കിയ സ്വീകരണത്തിനും സ്നേഹത്തിനും പാപ്പ നന്ദിയര്‍പ്പിച്ചു. പാപ്പായുടെ ദൈവാനുഗ്രഹം നിറഞ്ഞ, ഈ സന്ദര്‍ശനത്തിലൂടെ പ്രത്യാശയുടെ, സമാധാനത്തിന്‍റെ, ഐക്യത്തിന്‍റെ ദീപം, ഒരിക്കലും അണയാതെ ഇറാഖില്‍ കത്തിപ്പടരട്ടെയെന്ന് ആഗ്രഹിക്കാം. പ്രാര്‍ത്ഥിക്കാം. ലോകം മുഴുവന്‍ കൊറോണ എന്ന വൈറസിനെ ഭയപ്പെട്ട് അകത്തളങ്ങളില്‍ കഴിയുമ്പോള്‍, വാക്കുകള്‍ക്കതീതമായി, സഹനങ്ങള്‍ ഏറ്റുവാങ്ങിയ ഇറാഖിജനതയുടെ ഹൃദയങ്ങളെ സ്നേഹത്തിന്‍റെ വൈറസിനാല്‍, സ്പര്‍ശിച്ച്, സൗഖ്യപ്പെടുത്തുവാന്‍ ധീരതയോടെ വന്ന പരിശുദ്ധപിതാവിന് ഇനിയും കൂടുതല്‍ ആരോഗ്യവും ആയുസ്സും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.
സി. റ്റെസ് മരിയ സി.എം.സി., ഇറാഖ്

Leave a Reply