എയ്ഞ്ചൽസ് വില്ലേജിലെത്തിയാൽ മനസ്നിറയും!

റെജി കാരിവേലിൽ

ഴിഞ്ഞ ജനുവരിമാസം. കാഞ്ഞിരപ്പള്ളിയിൽനിന്നും കോട്ടയത്തേയ്ക്കുള്ള യാത്ര. പൊൻകുന്നം കഴിഞ്ഞ് ചെങ്കല്ലിൽ എത്തിയപ്പോൾ പാതയോരത്ത് വാഹനങ്ങളുടെ നീണ്ട നിരയും ജനക്കൂട്ടവും! കാര്യമെന്തെന്ന് അന്വേഷിച്ചപ്പോൾ എയ്ഞ്ചൽസ് വില്ലേജിൽ ‘സദ്‌ഗമയ – 25’ ൽ പങ്കെടുക്കാനെത്തിയവരുടെ തിരക്കാണെന്നറിഞ്ഞു. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സർഗാത്മകതയും ക്രിയാശേഷിയും പ്രകടിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ ആദ്യമായി സംഘടിപ്പിച്ച പരിപാടിയാണ് ഭിന്നശേഷി – മികവുത്സവം.വളരുന്ന തലമുറ, മൊബൈൽഫോണിലും സോഷ്യൽമീഡിയയിലും അടിമപ്പെട്ട് നാട്ടിലെ പേക്കൂത്തുകളിൽ ആടിത്തിമിർത്ത് ജീവിക്കുന്ന ഇക്കാലത്ത് -ചെങ്കല്ലിലെ മാലാഖാക്കുഞ്ഞുങ്ങളെ അടുത്തറിയണമെന്ന് തോന്നി. ഒരു ദിവസം ഞാൻ അവിടെയെത്തി.കാഞ്ഞിരപ്പള്ളി രൂപതയുടെ തണലിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ അഭയകേന്ദ്രമാണ് എയ്‌ഞ്ചൽസ് വില്ലേജ്. മാനസിക വെല്ലുവിളി, ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം … എന്നിവ ബാധിച്ച നാനാജാതി മതസ്ഥരായ കുട്ടികൾക്കായുള്ള പഠന – തൊഴിൽ – പരിശീലന – പുനരധിവാസ പദ്ധതിയാണ് ഇവിടെയുള്ളത്.ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി 1979-ൽ നമ്മുടെ രൂപത പൊൻകുന്നത്ത് സ്ഥാപിച്ച സ്പെഷ്യൽ സ്‌കൂളാണ് ആശാനിലയം. ഈ സ്‌കൂൾ നിലവിൽ പ്രവർത്തിക്കുന്നത് എയ്ഞ്ചൽസ് വില്ലേജിലാണ്. കഴിഞ്ഞ നാലരപതിറ്റാണ്ടായി ഭിന്നശേഷിയുള്ള കുട്ടികളുടെ പഠന – പരിശീലനത്തിലൂടെ ‘ആശാനിലയം’ ആയിരക്കണക്കിന് കുട്ടികളുടെ ജീവിതത്തിന് വെളിച്ചം പകരുന്നു. ആഘോഷപരിപാടികൾ നിറപ്പകിട്ടാക്കിമാറ്റുന്ന ‘ആശാനിലയം ബാൻഡ് സെറ്റ്’ ജനമനസുകളിൽ സ്ഥാനം പിടിച്ചിട്ട് നാളേറെയായി.എല്ലാ കഴിവുകളും മെച്ചപ്പെട്ട ജീവിതസാഹചര്യമുണ്ടായിട്ടും ‘ഞാനെങ്ങനെ ജീവിക്കുമെന്ന്’ അലസരായി നാട്ടിൽ ചിന്തിച്ച് നടക്കുന്നവർ ഈ മാലാഖാ താഷ്‌വാരതിലെത്തിയാൽ അവരുടെ മനസ് ആദ്യമൊന്നു പതറും, കാരണം, ബുദ്ധിപരിമിതിയുള്ളവർക്കായി നടത്തുന്ന തൊഴിൽ പരിശീലന കേന്ദ്രമായ ആശ്വാസ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ അങ്ങനെയാണ്. ഓരോരുത്തരുടെയും അഭിരുചിയ്ക്കനുസരിച്ച് പരിശീലനം ലഭിച്ചാൽ മറ്റേതൊരു വ്യക്തിയെയും പോലെ ജോലി ചെയ്‌ത് ജീവിക്കാൻ കഴിയുമെന്ന് ഇവർ നമുക്കുമുമ്പിൽ സാക്ഷ്യപ്പെടുത്തുന്നു. മെഴുകുതിരി നിർമ്മാണം, പേപ്പർ – തുണി കാരിബാഗുകൾ, പ്രതിമ നിർമ്മാണം, ക്ലേമോഡലിംഗ്, കരകൗശലവസ്തു നിർമ്മാണം, സ്ക്രീൻപ്രിൻ്റിംഗ്, വേസ്റ്റ് മെറ്റീരിയൽ ക്രാഫ്റ്റ്… തുടങ്ങിയ സംരംഭങ്ങൾ ഇവയിൽ ചിലതുമാത്രം. പതിനെട്ടു വയസ് കഴിഞ്ഞ യുവതി – യുവാക്കളാണ് ഈ തൊഴിൽ പരിശീലനകേന്ദ്രത്തിന്റെ കരുത്ത്. വിദഗ്‌ധരായ പരിശീലകർ ഇതിന് നേതൃത്വം നല്‌കിവരുന്നു. മാലാഖാക്കുഞ്ഞുങ്ങളുടെ കരവിരുതിൽ മെനഞ്ഞെടുക്കുന്ന ഉൽപ്പന്നങ്ങൾ ആരെയും ആകർഷിക്കുന്നു; കണ്ണിന് കൗതുകവും മനസിനു കുളിർമയുമേകുന്നു.വീട്ടുമുറ്റത്ത് ഒരു വാഴയോ, രണ്ടു ചുവട് കപ്പയോ നടാനോ, എന്തിനേറെ വീട്ടിലെ കോഴിക്ക് തീറ്റ കൊടുക്കാൻ പോലും മടികാണിക്കുന്ന നമുക്ക് ഭിന്നശേഷിക്കാരായ യുവതി യുവാക്കൾ നടത്തുന്ന കൃഷിയും മൃഗപരിപാലനവും കണ്ടുപഠിക്കേണ്ടതാണ്. അതിനായി പുളിമാവിലുള്ള ‘വിഫാം’ മൾട്ടി കാറ്റഗറി അഗ്രോ ഫാമിലേയ്ക്ക് കടന്നു ചെന്നാൽ മതി. വാഴ, കപ്പ, തെങ്ങ്, കാപ്പി, കമുക്, പ്ലാവ്, കൂവ, കശുമാവ് തുടങ്ങിയ കൃഷികൾ – റമ്പുട്ടാൻ, ഡ്രാഗൺഫ്രൂട്ട്, ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ, പച്ചക്കറിത്തോട്ടം, പൂന്തോട്ടം, പുൽകൃഷി… ഇവയെല്ലാം ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന കൃഷിയിടമാണ് ഇവിടെയുള്ള ത്. കൂടാതെ, പശു, ആട്, കോഴി, താറാവ്, മുയൽ, മീൻ വളർത്തലും, ലൗബേർഡ്‌സ് തുടങ്ങി വിശാലമായ മൃഗപരിപാലനഫാമും ആരെയും ആകർഷിക്കുന്നതാണ്. ഉൽപ്പ ന്നങ്ങൾ വിൽക്കുന്ന കടയും ഇവിടെയുണ്ട്.ആറുവയസിൽ താഴെയുള്ള കുട്ടികളുടെ പരിശീലനമാണ് എയ്ഞ്ചൽസ് ഗാർഡൻ തെറാപ്പി. പഠനവൈകല്യമുള്ള കുഞ്ഞുങ്ങൾക്കായി അവരുടെ അവസ്ഥ മനസ്സിലാക്കി ഉചിതമായ പരിശീലനം നല്‌കിയാൽ അവർക്ക് സാധാരണ കുട്ടികളെപ്പോലെ പൊതുവിദ്യാഭ്യാസത്തി ലൂടെ പഠനം പൂർത്തിയാക്കാൻ കഴിയുമെന്ന് എയ്ഞ്ചൽസ് വിങ്സ് തെളിയിക്കുന്നു. പ്രായത്തിനനുസൃതം ഭിന്നശേഷിക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകബോർഡിങ് സൗകര്യവും ക്രമീകരിച്ചിരിക്കുന്നു.എയ്ഞ്ചൽസ് ഹോം – സന്തോഷത്തിൻ്റെയും ശാന്തിയുടെയും ഭവനമാണ്. ബുദ്ധിപരമായ പരിമിതിയുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ഒന്നിച്ച് താമസിക്കുന്ന ഭവനങ്ങളാണ് എയ്ഞ്ചൽസ് ഹോം. ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം മാതാപിതാക്കൾ താമസിക്കുകയും മാതാപിതാക്കളുടെ കാലശേഷം കുട്ടികളുടെ സംരക്ഷണം എയ്ഞ്ചൽസ് വില്ലേജ് തന്നെ നിർവഹിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.ദേശീയ പാതയോരത്ത് ചെങ്കല്ലിൽ തലഉയർത്തി നിൽക്കുന്ന മാലാഖാമാരുടെ കടയാണ് എയ്ഞ്ചൽസ് ഷോപ്പ്. ഭിന്നിശേഷിക്കാരായ കുട്ടികൾ നടത്തുന്ന കേരളത്തിലെ ആദ്യ സംരംഭമാണ് ഈ കട. തൊഴിൽ പരിശീലനവും, തൊഴിലും പുനരധിവാസവും ഇതിലൂടെ ലഭ്യമാകുന്നു, ഈ കുഞ്ഞുങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഇവരുടെ കടയിലൂടെ വിപണനം ചെയ്യുന്നു. സ്വന്തം അധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണംകൊണ്ട് മറ്റേതൊരു വ്യക്തിയെപ്പോലെ അന്തസ്സോടും അഭിമാനത്തോടും ജീവിക്കുവാൻ ഇവരെ പ്രാപ്‌തമാക്കുന്നത് അമൂല്യമായ കാര്യമാണ്.പൊൻകുന്നം ചെങ്കല്ലിലെ 12 ഏക്കറോളം വരുന്ന മാലാഖാമാരുടെ ഗ്രാമം ഇന്ന് ഭിന്നശേഷിക്കാരുടെ പറുദീസയാണ്. കാഞ്ഞിരപ്പള്ളി രൂപതയുടെ ആരംഭം മുതൽ നമ്മേ വഴി നടത്തിയ ഇടയന്മാർ, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ കൂടുതൽ കരുതലോടെ പരിപാലിച്ചുവരുന്നു. ജനിച്ചുവളർന്ന ഇഞ്ചിയാനിയിലെ സ്വന്തം വീട് അനാഥക്കുഞ്ഞു ങ്ങൾക്ക് സമ്മാനിച്ച് സ്നേഹത്തിൻ്റെ ദീപം തെളിച്ച അഭിവന്ദ്യ ജോസ് പുളിക്കൽ പിതാവ് എയ്ഞ്ചൽസ് വില്ലേജിന്റെ വഴിവിളക്കായി നിലകൊള്ളുന്നു.മാലാഖാമാരുടെ ഗ്രാമത്തിലെ ഓരോ കുട്ടികളെയും പേരുചൊല്ലി വിളിച്ച്, അവരെ സ്നേഹിച്ചും അവരോടൊപ്പം ജീവിച്ചും അവർക്ക് താങ്ങും തണലുമായി നില കൊള്ളുന്ന ഫാ. റോയ് മാത്യു വടക്കേലാണ് ഇതിന്റെ അമരക്കാരൻ, അസി. ഡയറക്ടറായി ഫാ. തോമസ് കണ്ടത്തിൽ സേവനം ചെയ്യുന്നു. സിസ്റ്റർ ലിറ്റി സേവ്യർ SCIG യാണ് സ്‌കൂളിൻറെ പ്രിൻസിപ്പാൾ, അധ്യാപകരും ജീവനക്കാരുമായി 84 ൽപരം ആളുകൾ ഇവിടെ ശുശ്രൂഷ ചെയ്യുന്നു. ജീവകാരുണ്യപ്രവർത്തനങ്ങളുമായി വി കെയർ സെൻ്ററും നിഴൽപോലെ ഇവർക്കൊപ്പമുണ്ട്. വ്യത്യസ്‌ത പഠനമേഖലയിലായി 324 കുട്ടികൾ പഠിക്കുന്നു.