ദില്ലി: കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തില്‍ ഞെട്ടിവിറച്ച് രാജ്യം. 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1.84 ലക്ഷം പുതിയ കൊവിഡ് കേസുകളാണ്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. പ്രതിദിനമരണം ആയിരം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 1027 പേരാണ്. ഇതും കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ മരണനിരക്കാണ്. രാജ്യത്ത് നിലവില്‍ 13 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കൃത്യം കണക്ക് പരിശോധിച്ചാല്‍ രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം 13,65,704 ആണ്.
സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ തുടങ്ങും.
നാലാം ദിവസം തുടര്‍ച്ചയായി ഒന്നരലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എട്ട് ദിവസത്തിലധികമായി പ്രതിദിനം ഒരു ലക്ഷത്തിന് മുകളില്‍ കൊവിഡ് കേസുകളുണ്ട് രാജ്യത്ത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ ഇപ്പോള്‍. ഒന്നാംസ്ഥാനത്ത് അമേരിക്കയാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിലും വ്യാപനത്തിലും ഇന്ത്യ നിലവില്‍ ബ്രസീലിനെ മറികടന്നു.
മഹാരാഷ്ട്ര തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട സംസ്ഥാനം. അറുപതിനായിരം പുതിയ കൊവിഡ് കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 281 പേര്‍ ഇന്നലെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. അടുത്ത 15 ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങളാണ് മഹാരാഷ്ട്രയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡിനെതിരായ യുദ്ധം തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ചാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ ആശുപത്രികളില്‍ ആശുപത്രി ബെഡ്ഡുകള്‍ക്കും മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്.
രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് കര്‍ണാടകയാണ്. തമിഴ്നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നില്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ആളുകള്‍ തിക്കിത്തിരക്കുന്ന കുംഭമേള നടക്കവേ, ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 594 പുതിയ കൊവിഡ് കേസുകളാണ്.
ദില്ലിയില്‍ ഇന്നലെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധന രേഖപ്പെടുത്തി. 13,468 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 81 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എല്ലാ സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകളും അടിയന്തരമായി റദ്ദാക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

