ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നാഴികകല്ലായി മാറുമായിരുന്ന ജി.ഐ.സാറ്റ് വിക്ഷേപണം പരാജയമെന്ന് ഐഎസ്‌ആര്‍ഒ

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നാഴികകല്ലായി മാറുമായിരുന്ന ജിയോ ഇമേജിംഗ് ഉപഗ്രഹമായ ജി.ഐ.സാറ്റ് (ഇഒഎസ്-03) വിക്ഷേപണം പരാജയമെന്ന് ഐഎസ്‌ആര്‍ഒ. ആദ്യ രണ്ട് ഘട്ടം വിജയമായിരുന്നെങ്കിലും ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തില്‍ തകരാര്‍ സംഭവിക്കുകയായിരുന്നു.

വിക്ഷേപണം പൂര്‍ണ വിജയമല്ല. ചില തകരാറുകള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.ഇന്ന് പുലര്‍ച്ചെ 5.43-നാണ് ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. ജി.എസ്.എല്‍.വി – എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം.

ബഹിരാകാശത്ത് 36,​000 കിലോമീറ്റര്‍ ഉയരെ നിലയുറപ്പിച്ച്‌ അരമണിക്കൂറിലൊരിക്കല്‍ ഇന്ത്യയുടെ സമ്ബൂര്‍ണ ചിത്രങ്ങള്‍ പകര്‍ത്തുന്ന അത്യാധുനിക ജിയോ ഇമേജിംഗ് ഉപഗ്രഹമാണ് ജി.ഐ.സാറ്റ്

ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഭൂമിയെ നിരീക്ഷിക്കുന്ന ആദ്യ ഇന്ത്യന്‍ ഉപഗ്രഹമാണിത്. അമേരിക്ക,​ ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇത്തരം ഉപഗ്രഹങ്ങളുണ്ട്.

ഭൂസ്ഥിര ഭ്രമണപഥത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തിയും കരയും കടലും നിരന്തരം നിരീക്ഷിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണിത്. രണ്ടാമത്തെ ഉപഗ്രഹം ജി. ഐ. സാറ്റ് -2 ( ഇ. ഒ. എസ് 5)​ അടുത്ത വര്‍ഷം ജി.എസ്. എല്‍.വി.എഫ് 12 റോക്കറ്റില്‍ വിക്ഷേപിക്കാനുള്ള പദ്ധതിയിലായിരുന്നു ഐഎസ്‌ആര്‍ഒ.

കൊവിഡ് അയഞ്ഞതോടെ ബഹിരാകാശ ദൗത്യങ്ങള്‍ പുനരാരംഭിക്കുന്ന ഐ. എസ്. ആര്‍. ഒ ഈ വര്‍ഷം ഇന്ത്യയ്‌ക്കായി നടത്തിയ ആദ്യ വിക്ഷേപണമായിരുന്നു ഇന്നത്തേത്. ഫെബ്രുവരി 28ന് പി.എസ്. എല്‍.വി റോക്കറ്റില്‍ ബ്രസീലിന്റെ ആമസോണിയ 1 ഉപഗ്രഹവും മറ്റ് 18 ചെറിയ ഉപഗ്രഹങ്ങളും വാണിജ്യവിക്ഷേപണം നടത്തിയിരുന്നു.

ജി.ഐ സാറ്റ് – 1 കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിക്ഷേപിക്കേണ്ടതായിരുന്നു. അമേരിക്കയുടെ എതിര്‍പ്പാണ് വില്ലനായത്. പിന്നീട് ഇക്കൊല്ലം മാര്‍ച്ച്‌ 5നും 28നും തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളും കൊവിഡ് രണ്ടാം തരംഗവും തടസമായി.